ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം

ഡോ. ഫാ. ജി. കടൂപ്പാറയിൽ

മഞ്ഞ് പെയ്തുവീഴുന്ന തണുപ്പുള്ള രാത്രികളുടെ മാസം. ഡിസംബര്‍. ഇതുപോലൊരു ഡിസംബറിലെ കുളിരുള്ള രാത്രിയില്‍ രക്ഷകന്‍ ബേത്‌ലഹേമില്‍ പിറന്നു, ഭൂമിയില്‍ സമാധാനം സ്ഥാപിക്കാന്‍. വര്‍ഷങ്ങളുടെ കുത്തൊഴുക്കില്‍പ്പെട്ട് ഒരുപാടു ക്രിസ്മസ് രാത്രികള്‍ കടന്നുപോയിട്ടുണ്ട്. പക്ഷേ, അന്നു മാലാഖമാര്‍ ഇടയന്മാരോടു പാടിയ ഗാനം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും അലയടിച്ചുയരുകയാണ്: ”സന്മനസ്സുള്ളവര്‍ക്ക് സമാധാനം.”

വീണ്ടും വീണ്ടും അതുതന്നെ മുഴങ്ങുകയാണ്. സന്മനസ്സുള്ളവര്‍ക്കു സമാധാനം. വെളിച്ചത്തിന്റെ ഭൂമിയില്‍ ഇരുളു വീഴുമ്പോഴും വാനവഗീതത്തിന് മാറ്റമില്ല. ഈ വാക്കുകളും അവയുടെ അര്‍ത്ഥവും വളരെ ലളിതം. സന്മനസ്സ് എന്നാല്‍ നല്ല മനസ്സ്. അതിലും ഉപരി അപരന്റെ തിന്മയാഗ്രഹിക്കാത്ത മനസ്സ്. ഈ സന്മനസ്സുള്ളവര്‍ക്കേ സമാധാനം ഉണ്ടാവുകയുള്ളു. സന്മനസ്സ് ഇല്ലാത്തവന് സമാധാനവും ഉണ്ടാവുകയില്ല. പരസ്പരം യോജിച്ചുപോകുന്ന രണ്ടുകാര്യങ്ങള്‍ ഈ ഗീതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഒന്നാമതായി, സന്മനസ്സുള്ളവനേ സമാധാനം ഉണ്ടാവുകയുള്ളു. ഒരുവന്റെ സന്മനസ്സു വഴി അവന്റെകൂടെ ജീവിക്കുന്നവരും സന്മനസ്സിലേക്കും സമാധാനത്തിലേക്കും കടന്നുവരും. വചനം നമുക്ക് അതാണല്ലോ കാണിച്ചുതരുന്നത്. മംഗളവാര്‍ത്തയ്ക്ക് സമ്മതം മൂളാന്‍ സന്മനസ്സു കാണിച്ചപ്പോള്‍ മറിയം സമാധാനമുള്ളവളായി. മറിയത്തെ ഉപേക്ഷിക്കാതിരിക്കാന്‍ ജോസഫ് സന്മനസ്സ് പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതവും സമാധാനപൂരിതമായി. കിഴക്കു നക്ഷത്രം കണ്ടപ്പോള്‍ എവിടെയോ രക്ഷകന്‍ ജനിച്ചിരിക്കുന്നു എന്നറിഞ്ഞ് അതിനെ പിന്തുടരാന്‍ സന്മനസ്സു കാട്ടി മൂന്നു രാജാക്കന്മാര്‍. മാലാഖമാരുടെ സന്ദേശം കേട്ട്, പിള്ളക്കച്ചകളില്‍ പൊതിഞ്ഞ യേശുവിനെ കാണാന്‍, രാത്രിയില്‍ത്തന്നെ ഇടയന്മാര്‍ സന്മനസ്സു കാണിച്ചപ്പോള്‍ അവരുടെ ജീവിതത്തിലേക്കും സമാധാനം കടന്നുവന്നു.

രണ്ടാമതായി, സന്മനസ്സ് ഇല്ലാത്തവന് സമാധാനം ഉണ്ടാവുകയില്ല. ഒരുവന്റെ ദുഷ്ടമനസ്സു വഴി, കൂടെ ജീവിക്കുന്നവനും ദുഷ്ടമനസ്സിലേക്കും അസമാധാനത്തിലേക്കും വഴുതിവീഴുന്നു. ഒരു രാജാവു ജനിച്ചു എന്നു കേട്ടപ്പോള്‍ സമാധാനം നഷ്ടപ്പെട്ടു ഹേറോദേസിന്. സന്മനസ്സ് ഇല്ലാത്തവന്‍ ഉടന്‍ കല്പന പുറപ്പെടുവിക്കുകയായി, എല്ലാ ശിശുക്കളെയും വധിക്കാന്‍. ഹേറോദേസിന്റെ അസ്വസ്ഥത ജറുസലേം നിവാസികളിലേക്കു മുഴുവന്‍ പടര്‍ന്നു പിടിച്ചതായി മത്തായി സുവിശേഷകന്‍ എഴുതിവച്ചിട്ടുണ്ട്.

സമാധാനം ഇല്ലാത്ത ലോകമാണു നമുക്കു ചുറ്റും. വര്‍ഷിക്കാനായി ഒരുക്കി വച്ചിരിക്കുന്ന ബോംബുകളും ഗ്രനേഡുകളും… സജ്ജമാക്കി നിര്‍ത്തിയിരിക്കുന്ന പീരങ്കികളും തോക്കുകളും… സോദരന്റെ ചോര പേനയില്‍ നിറച്ചിട്ടേ സമാധാനക്കരാര്‍ ഒപ്പിടുകയുള്ളു എന്നു വാശിപിടിക്കുന്ന നേതാക്കള്‍… ചില വംശങ്ങള്‍ ഉന്മൂലനം ചെയ്യപ്പെട്ടാലേ സമാധാനം സംജാതമാകൂ എന്നു കരുതുന്നവര്‍….. മനുഷ്യശരീരത്തെ വസ്തുവല്‍ക്കരിക്കുന്നവര്‍… സന്മനസ്സില്ലാത്തവരാണ് ചുറ്റും. പിന്നെങ്ങനെ സമാധാനമുണ്ടാകും?

പാലസ്തീനായില്‍ ചാവേര്‍ ആക്രമണത്തില്‍ ഏറെപ്പേര്‍ മരിക്കുമ്പോള്‍, ഗുജറാത്ത് കലാപങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍, ലോകത്തിലെവിടെയെങ്കിലും അക്രമം ഉണ്ടാകുമ്പോള്‍ വായനക്കാരന്‍ മനസ്സിലാക്കുക, ഇതിനൊക്കെ പിന്നില്‍ സന്മനസ്സില്ലാത്ത, ദുഷ്ടമനസ്സുള്ള ഏതോ ഒരു മനുഷ്യനുണ്ടെന്ന സത്യം. ഓര്‍ക്കുക, സന്മനസ്സുള്ളവനേ സമാധാനം ഉണ്ടാകൂ എന്ന കാര്യം. സന്മനസ്സില്ലാത്തവന്‍ അപരന്റെ സന്മനസ്സുകൂടി കെടുത്തും എന്ന കാര്യം.

ക്രിസ്മസ്സ് ദിനത്തില്‍ മാത്രമല്ല ഓരോ ദിവസവും മാലാഖമാര്‍ വെള്ളിമേഘങ്ങളുടെ അകമ്പടിയോടെ പാടിത്തിമിര്‍ക്കുകയാണ്. ‘സന്മനസ്സുള്ളവര്‍ക്കു സമാധാനം!’പക്ഷേ ലോകബഹളത്തിനു മുമ്പില്‍ ആ ഗാനം സ്വയം ഇല്ലാതാകുന്നു. ആരും കേള്‍ക്കാതാകുന്നു. എങ്കിലും സ്വന്തം ജീവിതത്തിന്റെ വയലേലകളില്‍ ഇരുന്ന് നിശബ്ദ രാത്രികളില്‍ കാതോര്‍ക്കുന്നവന് കേള്‍ക്കാനാകും ഈ സ്വര്‍ഗ്ഗസംഗീതം.

ഡിസംബര്‍ മാസത്തിലെ ക്രിസ്മസ് രാത്രിയിലെങ്കിലും ഈ ഗാനം കേള്‍ക്കാന്‍ നിനക്കിടയാകട്ടെ. പലവട്ടം പാടി പാഴായിപ്പോയ ഈ ഗാനം ഇനിയെങ്കിലും ലക്ഷ്യം കാണട്ടെ, നിന്റെ ജീവിതത്തിലും എന്റെ ജീവിതത്തിലും. നമുക്കും മാലാഖമാരോടൊത്തു പാടാം.സന്മനസ്സുള്ളവര്‍ക്കു സമാധാനം.

പാടുക മാത്രമല്ല, സന്മനസ്സ് ഉള്ളവരാകാം, സമാധാനം ഉള്ളവരാകാം, ഈ ഭൂമിയില്‍.

ഡോ. ഫാ. ജി. കടൂപ്പാറയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.