തിരുഹൃദയത്തില്‍ നിന്നും പെയ്തിറങ്ങുന്ന സമാധാനം

എവിടെ തിരിഞ്ഞാലും പൊതുവെ കേള്‍ക്കുന്ന ഒരു വാക്കാണ് ‘ഒരു സമാധാനവുമില്ല’ എന്നുള്ളത്. അത് പ്രായവ്യത്യാസമന്യേ കുട്ടികളില്‍ നിന്നായാലും മുതിര്‍ന്നവരില്‍ നിന്നായാലും നാം കേള്‍ക്കാറുണ്ട്. പ്രത്യേകിച്ച്, ഈ കാലഘട്ടത്തിൽ എല്ലാവരിലും ഈ സമാധാനക്കേട് അലയടിക്കുന്നു.

യഥാര്‍ത്ഥത്തില്‍ സമാധാനം എന്നത് എന്താണ്? മനസ്സ്, ശരീരം, ആത്മീയത, ഭൗതികത എന്നിവയിലൊക്കെ തുല്യത പ്രാപിക്കുമ്പോള്‍ മനസ്സിനുണ്ടാകുന്ന ശാന്തത, സ്വസ്ഥത ഒക്കെയാണ് സമാധാനം എന്ന് നമുക്ക് മനസ്സിലാക്കാം. സമാധാനം വ്യക്തികളുടെ പ്രവര്‍ത്തനങ്ങളോടും മനോഭാവങ്ങളോടും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇത് ദൈവത്തില്‍ നിന്നുള്ള സമ്മാനമാണ്. ഉത്ഥാനശേഷം യേശു ശിഷ്യന്മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവരോട് പറയുന്നുണ്ട് ‘നിങ്ങള്‍ക്കു സമാധാനം’ എന്ന്. യഥാര്‍ത്ഥത്തില്‍ സമാധാനം അനുഭവിക്കുന്ന ഒരു വ്യക്തിക്കു മാത്രമേ സമാധാനം പകര്‍ന്നുകൊടുക്കുവാനും സാധിക്കൂ.

ആത്മാവില്‍ ഉടലെടുക്കേണ്ട സമാധാനം

സമാധാനം നഷ്ടപ്പെട്ടിടത്ത് സമാധാനം സ്ഥാപിക്കാന്‍ വിളിക്കപ്പെട്ട നമുക്ക് നാം ആയിരിക്കുന്നിടത്ത് അത് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ‘സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവപുത്രരെന്നു വിളിക്കപ്പെടും’ എന്ന യേശുവിന്റെ വാഗ്‌ദാനത്തിന് അര്‍ഹരായിത്തീരൂ. ബുദ്ധന്‍ പറയുന്നു: “സമാധാനം ഉടലെടുക്കുന്നത് ഓരോ മനുഷ്യരുടെയും ആത്മാവിലാണ് എന്ന സത്യം തിരിച്ചറിയുക. ആ തിരിച്ചറിവില്ലാതെ സമാധാനം തേടിയാല്‍ പ്രയോജനമില്ല” എന്ന്. നമ്മുടെ ഓരോരുത്തരുടെയും ആത്മാവില്‍ ഉടലെടുക്കേണ്ട ഈ സമാധാനം സ്വന്തമാക്കാന്‍ കഴിയണമെങ്കില്‍ അവിടുത്തെ ഹൃദയത്തോട് ചേര്‍ന്നിരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ എല്ലാ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും മുമ്പില്‍ സ്വസ്ഥതയോടെ, ശാന്തതയോടെ, സമാധാനത്തോടെ ആയിരുന്ന് അവിടുന്ന് നല്‍കുന്ന ഭാഗ്യം അനുഭവിക്കാന്‍ കഴിയുകയുള്ളൂ.

എല്ലാവരും ഇന്ന് സമാധാനം അന്വേഷിച്ച് നെട്ടോട്ടമോടുകയാണ്. വില കൊടുത്ത് വാങ്ങാന്‍ പറ്റാത്ത സമാധാനം സ്വന്തം ജീവന്‍ വിലയായി തന്ന് നമ്മെ രക്ഷിച്ച യേശുവിനു മാത്രമേ നല്‍കാന്‍ സാധിക്കൂ. “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക” (മര്‍ക്കോ. 5:34). രക്തസ്രാവക്കാരി സ്ത്രീക്ക് യേശു നല്‍കിയ സമാധാനം അവളുടെ ജീവിതത്തെ പുതിയ ഒരു അനുഭവത്തിലേക്ക് നയിച്ചു. വി. പാദ്രേ പിയോ ഇപ്രകാരം പറയുന്നു: “കത്തോലിക്കാ സഭയോട് എപ്പോഴും ചേര്‍ന്നുനില്‍ക്കുക. സഭയ്ക്കു മാത്രമേ നിങ്ങള്‍ക്ക് സമാധാനം നല്‍കാനാകൂ. കാരണം, സമാധാനരാജാവായ യേശു വിശുദ്ധ കുര്‍ബാനയിലൂടെ നമ്മുടെ ഇടയില്‍ സന്നിഹിതനാകുന്നത് സഭയിലൂടെ മാത്രമാണ്.”

യേശു നല്‍കുന്ന സമാധാനം

യേശുവിനെ തള്ളിപ്പറഞ്ഞു കഴിഞ്ഞ് സമാധാനം നഷ്ടപ്പെട്ട പത്രോസ് ഹൃദയം നൊന്ത് പൊട്ടിക്കരയുന്നു. യേശുവിനോടു കൂടെ ആയിരുന്നപ്പോള്‍ അനുഭവിച്ച ആ സമാധാനം ഒരു നിമിഷം കൊണ്ട് പത്രോസില്‍ നിന്ന് നഷ്ടമാകുന്നു. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനും യേശുവില്‍ നിന്ന് ഭൗതികതയിലേക്ക് ദൃഷ്ടി പതിപ്പിച്ചപ്പോള്‍ സമാധാനം നഷ്ടമാകുന്നു. യേശു പറയുന്നുണ്ട്. “ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടുപോകുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്” (യോഹ. 4:27). ലോകത്തിന്റെ ദൃഷ്ടിയില്‍ ഭൗതികമായിട്ടുള്ള നേട്ടങ്ങളാണ് ഒരു വ്യക്തിയില്‍ സമാധാനം ഉളവാക്കുന്നത്. എന്നാല്‍ സമാധാനത്തിന്റെ അളവുകോല്‍ ഭൗതികയില്‍ ഉള്ളതല്ല. ഭൗതികമായിട്ടുള്ള നേട്ടങ്ങളിലുണ്ടാകുന്ന സമാധാനം മനുഷ്യജീവിതത്തില്‍ നിലനില്‍ക്കുന്നതല്ല. യേശുവിന്റെ മരണശേഷം ഭയത്തോടെ കഴിഞ്ഞുകൂടിയ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് യേശു സമാധാനം ആശംസിക്കുമ്പോള്‍ അവിടുത്തെ ഹൃദയത്തില്‍ നിന്ന് സ്വീകരിക്കുന്ന സമാധാനമാണ് എന്നും നിലനില്‍ക്കുന്നതെന്ന് അവിടുന്ന് വ്യക്തമാക്കുന്നു.

യേശുവില്‍ നിന്നു സ്വീകരിച്ച സമാധാനം സ്വന്തമാക്കിയ ശിഷ്യന്മാര്‍ പിന്നീടുള്ള ജീവിതത്തില്‍ ക്ലേശവും ദുരിതവും സഹനങ്ങളും പീഡനങ്ങളും മരണവും കടന്നുവന്നപ്പോഴും തളരാതെ, പതറാതെ, എല്ലാറ്റിനെയും സംയമനത്തോടെ സ്വീകരിക്കുന്നു. ഈശോയുടെ ഹൃദയത്തില്‍ ഒന്നായിരുന്നുകൊണ്ട് ആ ഹൃദയത്തില്‍ നിന്ന് സ്വന്തമാക്കിയ സമാധാനം ജീവിതത്തില്‍ ഉള്‍ക്കൊണ്ട് വിതയ്ക്കുകയോ, കൊയ്യുകയോ ചെയ്യുന്നില്ലാത്ത കാക്കകളെപ്പോലെ, നൂല്‍ നൂല്‍ക്കുകയോ, വസ്ത്രം നെയ്യുകയോ ചെയ്യാത്ത ലില്ലികളെപ്പോലെ നാളയെക്കുറിച്ച് ആകുലപ്പെടാതെ, അസ്വസ്ഥരാകാതെ ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് സമാധാനമായി മുന്നോട്ടുനീങ്ങാം. വി. മദര്‍ തെരേസ പറയുന്നു: “സമാധാനം ഒരു പുഞ്ചിരിയില്‍ നിന്ന് തുടങ്ങുന്നു” എന്ന്. ഏത് പ്രതിസന്ധികളിലും വേദനയിലും സമാധാനത്തോടയുള്ള ഒരു പുഞ്ചിരി നമ്മുടെ സഹോദരങ്ങള്‍ക്ക് സമ്മാനിക്കാം. വി. ഫ്രാന്‍സിസ് അസീസ്സിയെപ്പോലെ നമുക്കും പ്രാര്‍ത്ഥിക്കാം. ‘കര്‍ത്താവേ, അങ്ങേ സമാധാനദൂതരായി അലിവോടെന്നെ നീ മാറ്റണമേ.’

സി. സ്വപ്‍ന ചെത്തിമറ്റം DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.