സമാധാനം പ്രാർത്ഥനയോടൊപ്പം വരുന്നു: ഫ്രാൻസിസ് പാപ്പാ

പ്രാർത്ഥനയുടെ ആളുകൾക്ക് മനുഷ്യരെ വേർതിരിച്ചു നിർത്തുന്ന അന്ധവിശ്വാസങ്ങളുടെ മതിലുകൾ തകർക്കുവാനും യുദ്ധം ഇല്ലാതാക്കുവാനും സമാധാനം സ്ഥാപിക്കുവാനും കഴിയും എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. റോം ആസ്ഥാനമായുള്ള കമ്മ്യൂണിറ്റി ഓഫ് സാൻ ഇജിഡിയോയിൽ സമാധാന സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം സൂചിപ്പിച്ചത്.

പ്രാർത്ഥിക്കുകയും സമാധാനത്തിനായി പ്രവർത്തിക്കുകയും ചെയ്യുക. ഭയപ്പെടേണ്ട. ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കുന്നുണ്ട്. ആശയക്കുഴപ്പമില്ലാതെ എല്ലാവരെയും പൊതുവായ വികാരത്തിൽ ഒന്നിപ്പിക്കുന്ന ഒന്നാണ് സമാധാനത്തിനായുള്ള പ്രാർത്ഥന. വ്യത്യസ്ത മതങ്ങൾ സമാധാനത്തിനായി പരസ്പരം പ്രാർത്ഥിക്കുന്നു. മതങ്ങൾക്കും പാരമ്പര്യങ്ങൾക്കുമിടയിൽ സമാധാനത്തിനായി കൊതിക്കുന്ന ആളുകളുണ്ട്. അതിനാൽ തന്നെ മതാതീതമായ ഒരു ഐക്യം ആ പ്രാർത്ഥനയിൽ പുലരുന്നു – പാപ്പാ ചൂണ്ടിക്കാട്ടി.

സമാധാനം ദൈവദാനമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ദൈവത്തിന്റെ ഈ സമ്മാനത്തെ നാം നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ അരങ്ങേറുകയുണ്ടായി. മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന മതിലുകൾ ഇനി നമുക്ക് ആവശ്യമില്ല. ആശയവിനിമയം നടത്താനും പരസ്പരം കണ്ടുമുട്ടാനും സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാനും സഹകരിക്കാനും വൈവിധ്യത്തെ മാനിക്കാനും സഹായിക്കുന്ന തുറന്ന വാതിലുകളാണ് നമുക്ക് ആവശ്യം – പാപ്പാ കൂട്ടിച്ചേർത്തു.