ഉത്തര – ദക്ഷിണ കൊറിയകൾ തമ്മിലുള്ള സമാധാനത്തിന് ക്രൈസ്തവസാന്നിധ്യം ആവശ്യമാണ്

കൊറിയൻ ഉപദ്വീപുകളിൽ സമാധാനം പുലരുന്നതിന് സഭയുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ. കൊറിയ ഗ്ലോബൽ പീസ് ഫോറത്തിന് അയച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റുള്ളവരുടെ അവകാശങ്ങൾ ഇല്ലായ്‌മ ചെയ്യാനല്ല, മറിച്ച് അവർക്ക് നഷ്ടമായത് നൽകാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യജീവിതത്തെയും അന്തസ്സിനേയും മാനുഷികപുരോഗതിയെയും ബഹുമാനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംയുക്തമാർഗ്ഗങ്ങൾ പ്രായോഗികമാകാത്തപക്ഷം സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലും യോജിച്ച വികസനം ഉണ്ടാകില്ലെന്നും കർദ്ദിനാൾ പറഞ്ഞു.

സംഘർഷം പരിഹരിക്കുന്നതിനും സാംസ്കാരിക മദ്ധ്യസ്ഥതയ്ക്കും സമാധാനം കെട്ടിപ്പടുക്കുന്നതിനും ചർച്ചകൾ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആളുകളെ തമ്മിൽ വിഭജിക്കുന്നതിനു പകരം ഒന്നിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണ കൊറിയൻ ഏകീകരണ മന്ത്രാലയത്തിന്റെ വാർഷികപരിപാടിയിലാണ് കർദ്ദിനാൾ വീഡിയോ സന്ദേശം നൽകിയത്.

ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ഗവേഷകരും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഈ വർഷത്തെ സമ്മേളനം ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ രണ്ടു വരെയാണ് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.