സാഹസിക ജോലികള്‍ ചെയ്യുന്നവര്‍ക്കായുള്ള മദ്ധ്യസ്ഥര്‍ 

ചില ജോലികള്‍, പ്രത്യേക അദ്ധ്വാനവും സാഹസികതയും ആവശ്യമായവയാണ്. ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ്, സൈനികസേവനം തുടങ്ങി പലതും. ആത്മവിശ്വാസവും ധൈര്യവും അത്യാവശ്യം വേണ്ട മേഖല. അതുകൊണ്ടു തന്നെ ദൈവവിശ്വാസവും ദൈവാശ്രയവും ഇക്കൂട്ടര്‍ക്ക് കൂടുതല്‍ ആവശ്യമാണ്. ഇത്തരത്തിലുള്ള ചില പ്രത്യേക ജോലികള്‍ ചെയ്യുന്നവര്‍ക്ക് മദ്ധ്യസ്ഥരായി ചില വിശുദ്ധരുണ്ട് സഭയില്‍. അവരെ പരിചയപ്പെടാം.

1. മുഖ്യദൂതനായ വി. മിഖായേല്‍ (സൈനികര്‍ക്ക്)

സാത്താനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന, മറ്റ് മാലാഖമാരെക്കാളെല്ലാം ശക്തിയുള്ള മാലാഖയാണ് വി. മിഖായേല്‍. സംരക്ഷണം നല്‍കുന്നതില്‍ മുമ്പിട്ടു നില്‍ക്കുന്ന മാലാഖ. ധൈര്യവും സംരക്ഷണവും ആവശ്യമുള്ളപ്പോള്‍ വി. മിഖായേലിനോട് സഹായം തേടാം.

2. വി. യൂദാശ്ലീഹ (പോലീസ്)

അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥവും സഹായവും കേസന്വേഷണത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനമാവും.

3. വി. ഫ്‌ലോറിന്‍ (ഫയര്‍ഫോഴ്‌സ്)

ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഫയര്‍ ബ്രിഗേഡുകളെ നയിച്ചു കൊണ്ടിരുന്ന വി. ഫ്‌ലോറിനെ തീകൊളുത്തിയാണ് കൊലപ്പെടുത്തിയത്. മരണവേളയില്‍, ‘നിങ്ങള്‍ എന്ന് അഗ്നി കൊണ്ട് കൊലപ്പെടുത്തിയാല്‍ ഞാന്‍ അഗ്നിയുടെ അകമ്പടിയാല്‍ സ്വര്‍ഗത്തിലേയ്ക്ക് കയറും’ എന്നു പറഞ്ഞാണ് വിശുദ്ധന്‍ മരണം വരിച്ചത്.

4. വി. ക്രിസ്റ്റഫര്‍ (ഡ്രൈവര്‍മാര്‍)

യാത്രക്കാരുടെ മദ്ധ്യസ്ഥനെന്നാണ് വി. ക്രിസ്റ്റഫര്‍ അറിയപ്പെടുന്നത്. ഉണ്ണീശോയെ നദി കടക്കാന്‍ സഹായിച്ച സംഭവം വിശുദ്ധനുമായി ബന്ധപ്പെട്ട് ചരിത്രത്തിലുണ്ട്.

5. വി. തോമസ് (നിര്‍മ്മാണ തൊഴിലാളികള്‍)

സംശയിക്കുന്ന അപ്പസ്‌തോലന്‍ എന്ന് അറിയപ്പെടുന്നെങ്കിലും യേശുവിനോടൊപ്പം പോയി മരിക്കാന്‍ സന്നദ്ധനായ വ്യക്തി എന്ന നിലയില്‍ അദ്ദേഹം തന്റെ ധൈര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്വന്തം നേട്ടത്തിനു വേണ്ടി മാത്രമല്ലാതെ മറ്റുള്ളവര്‍ക്കു വേണ്ടിക്കൂടി ജോലി ചെയ്യുന്നവരെന്ന നിലയില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കാവുന്ന വിശുദ്ധനാണ് വി. തോമാശ്ലീഹ.