ക്ഷമിക്കാത്ത ദിവസം നിന്‍റെ ജീവിതത്തില്‍ ഉണ്ടോ?

ദൈവത്തോട് നമ്മെ ചേർത്ത് നിർത്തുന്ന ഒന്നാണ് നമ്മുടെ ഹൃദയം. ഹൃദയത്തിന്റെ വിശുദ്ധിക്ക് ചേർന്ന ജീവിതമാണോ നാം നയിക്കുന്നതെന്ന ആത്മശോധന ഓരോ ദിവസത്തിന്റെയും അവസാനം നമ്മോട് തന്നെ ചോദിക്കുന്നത് നല്ലതാണ്. അതിനാൽ മറ്റുള്ളവരോട് ക്ഷമിക്കുന്ന ഒരു മനസും ഹൃദയവും നമ്മിൽ രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്. പാപം ചെയ്യുമ്പോൾ ദൈവത്തിൽ നിന്നും മനുഷ്യരാണ് അകന്നു പോകുന്നത്. എന്നാൽ ദൈവം നമ്മോട് ചേർന്നാണ് അപ്പോഴും ആയിരിക്കുന്നത്.

പാപം ദൈവത്തിൽ നിന്നും മനുഷ്യനെ അകറ്റുന്നു  

പാപം ചെയ്യുന്നവരെ തേടി വരുന്ന ദൈവത്തെയാണ് നാം ബൈബിളിൽ കണ്ടെത്തുന്നത്. നീതിമാന്മാരെയല്ല, പാപികളെ വിളിക്കുവാനാണ് അവിടുന്ന് വന്നിരിക്കുന്നത് എന്ന് തിരുവചനം പഠിപ്പിക്കുന്നു. എന്നാൽ പാപം ചെയ്യുമ്പോൾ നാം ദൈവത്തിൽ  നിന്നും അകലുകയാണ് ചെയ്യുന്നത്. അതിനാൽ ദൈവത്തിന്റെ വഴികളിലൂടെയാണോ നടക്കുന്നതെന്ന് സ്വയം പരിശോധിക്കുക. ഓരോ ദിവസവും വൈകുന്നേരം ആരോടെങ്കിലും ക്ഷമിക്കാനുണ്ടോ എന്ന് തിരിച്ചറിയേണ്ടതും ആവശ്യമാണ്.

കിടക്കുന്നതിനു മുൻപ് ദൈവവുമായി സംസാരിക്കാം

നമ്മുടെ ഹൃദയത്തിന്റെ വിശുദ്ധീകരണം ദൈവവുമായിട്ടുള്ള വ്യക്തി ബന്ധത്തിൽ അത്യാവശ്യമാണ്. അതിനാല്‍ ഓരോ ദിവസവും കിടക്കുന്നതിന് മുന്‍പ് ആരോടെങ്കിലും ക്ഷമിക്കുവാന്‍ ഉണ്ടോ എന്ന് വിലയിരുത്തുക. ക്ഷമ ചോദിക്കേണ്ടവരോട് ക്ഷമ ചോദിക്കുക. ദൈവത്തിലേക്ക് വളരുവാന്‍ ഇത്തരം ആത്മശോധന നമ്മെ സഹായിക്കും. കാരണം സഹോദരനെ സ്നേഹിക്കുന്നവന്‍ ദൈവത്തിലേക്കാണ് അതിലൂടെ വളരുന്നത്‌.