ഒളിമ്പിക്‌സ് വേദിയിലെത്തുന്നവര്‍ക്കായി ഒരുക്കിയിരുന്ന ആത്മീയപരിപാടികള്‍ റദ്ദാക്കി

നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, ജപ്പാനിലെ ടോക്കിയോയില്‍ ജൂലൈ 23 -ന് ആരംഭിക്കാനിരിക്കുന്ന ഒളിമ്പിക്‌സ് മത്സരങ്ങളില്‍ എത്തിച്ചേരുന്നവര്‍ക്കായി മുന്‍കൂട്ടി ഒരുക്കിയിരുന്ന കത്തോലിക്കാ അജപാലന പരിപാടികള്‍ സഭ റദ്ദാക്കി.

ടോക്കിയോ അതിരൂപതാദ്ധ്യക്ഷന്‍ തര്‍ച്ചീസിയോ ഇസാവു കിക്കുച്ചിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അതിരൂപതയുടെ എല്ലാ ഇടവകകളിലും കായികതാരങ്ങള്‍ക്ക് തങ്ങളുടെ ആത്മീയകാര്യങ്ങള്‍ക്കായി സൗകര്യമൊരുക്കിയിരുന്നു. എങ്കിലും, നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അവ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് അതിരൂപത പുറത്തിറക്കിയ കുറിപ്പിലൂടെ ആര്‍ച്ചുബിഷപ്പ് വിശദീകരിച്ചു.

നിലവില്‍ ജപ്പാനില്‍ ഏതാണ്ട് എട്ടര ലക്ഷത്തോളം പേർ കോവിഡ് രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ ഏതാണ്ട് പതിനയ്യായിരത്തോളം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഒളിമ്പിക് മത്സരങ്ങളില്‍ ആദ്യമായി ഇത്തവണ കാണികള്‍ക്കും പ്രവേശനമില്ല. 2020 ജൂലൈ 24 മുതല്‍ ആഗസ്റ്റ് 9 വരെ നടക്കേണ്ടിയിരുന്ന ഒളിമ്പിക് മത്സരങ്ങളാണ് കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വരുന്ന ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെയുള്ള തീയതികളിലേക്ക് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.