വിദ്യാര്‍ത്ഥി രാഷ്ട്രീയം തിരിച്ചു കൊണ്ടുവരുവാനുള്ള നീക്കത്തെ ചെറുക്കും: പാസ്റ്ററല്‍ കൗണ്‍സില്‍

തൃശൂര്‍: സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം തിരികെ കൊണ്ടുവന്ന് കലാശാലകളെ കലാപശാലകളാക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് തൃശൂര്‍ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

വിദ്യാലയങ്ങളില്‍ വിരലിലെണ്ണാവുന്നവരുടെ രാഷ്ട്രീയ അഭ്യാസങ്ങള്‍ക്കു വേണ്ടി ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളുടെ പഠനത്തിനുള്ള അവകാശത്തെ ബലി കൊടുത്ത് ഒരു തലമുറയെത്തന്നെ ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിനെതിരെ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

അതിരൂപതയില്‍ വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിച്ചവരേയും പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെയും ആദരിച്ചു.

ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്ത ഈ പരിപാടിയില്‍ ജില്ലാ ജഡ്ജിയായി നിയമിതനായ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സി.ജെ. ഡെന്നി മുഖ്യാതിഥിയായിരുന്നു. ഡെന്നി ഉള്‍പ്പെടെ മികവ് പ്രകടമാക്കിയവര്‍ക്ക് ആര്‍ച്ച്ബിഷപ് അവാര്‍ഡുകളും ഉപഹാരങ്ങളും സമ്മാനിച്ചു. പാസ്റ്ററല്‍ കൗണ്‍സിലിലും ഇടവക പ്രതിനിധി സഭകളിലും സേവനം ചെയ്തവരെ ആര്‍ച്ച്ബിഷപ് അഭിനന്ദിച്ചു.

അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍ തോമസ് കാക്കശേരി, മോണ്‍ ജോസ് വല്ലൂരാന്‍, ചാന്‍സലര്‍ ഫാ. മാത്യു കുറ്റിക്കോട്ടയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, അസിസ്റ്റന്റ് സെക്രട്ടറി ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയമവിധേയമാക്കാനുള്ള ബില്ലിനെതിരായ പ്രമേയം ഷിന്റോ മാത്യുവും എ.എ. ആന്റണിയും ചേര്‍ന്ന് അവതരിപ്പിച്ചു. എന്‍.പി. ജാക്‌സന്‍ പിന്താങ്ങി.