പെസഹാവ്യാഴം – പ്രസംഗം 2

ഭൂമി അവളുടെ മാറിലെ ഉഴവുചാലുകള്‍ വിസ്മരിച്ചേക്കാം. ഒരു സ്ത്രീ പ്രസവത്തിന്‍റെ ഹര്‍ഷവേദനകള്‍ മറന്നുപോയേക്കാം. എന്നാല്‍ ആ രാത്രി ഞാന്‍ മറക്കുകയില്ല.

സത്രം സൂക്ഷിപ്പുകാരനോട് അദ്ദേഹം പറഞ്ഞു: “ഒരു കുടം വെള്ളവും ഒരു താമ്പാളവും തുണിയും തരിക”. അദ്ദേഹം ഞങ്ങളെ വീണ്ടും നോക്കിയ ശേഷം പറഞ്ഞു: “നിങ്ങളുടെ പാദരക്ഷകള്‍ അഴിച്ചുവെയ്ക്കുവിന്‍”. അതെന്തിനായിരുന്നുവെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. പക്ഷേ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ കല്‍പന പ്രകാരം അവ അഴിച്ചുവച്ചു. യേശുപറഞ്ഞു. “ഞാനിപ്പോള്‍ നിങ്ങളുടെ പാദം കഴുകും. പഴയ വഴിയുടെ ധൂളിയില്‍ നിന്ന് എനിക്കവയെ മോചിപ്പിക്കണം. പുതിയ വഴിയേ നടക്കാന്‍ അവന് സ്വാതന്ത്ര്യമുണ്ടാകണം. സൈമണ്‍ പീറ്റര്‍ എഴുന്നേറ്റ് പറഞ്ഞു: “മനുഷ്യനെ സേവിക്കുന്നവന്‍ മനുഷ്യര്‍ക്കിടയില്‍ മഹാനാകും എന്ന് നിങ്ങള്‍ ഓര്‍ക്കുവാനായി ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകും” (ഖലീല്‍ ജിബ്രാന്‍ : മനുഷ്യപുത്രനായ യേശു).

നാഥന്‍റേയും കര്‍ത്താവിന്‍റേയും മേലങ്കികള്‍ അഴിച്ചുവെച്ച് പാദക്ഷാളകന്‍റെ വേഷം ധരിച്ച് ശിഷ്യരുടെ പാദങ്ങളിലെ ഭൂതകാലത്തിന്‍റെ ശേഷിപ്പുകളെ തുടച്ചു നീക്കിക്കൊണ്ട് യേശുനാഥന്‍ ലോകത്തിന് പുതിയൊരു ഉള്‍ക്കാഴ്ച പകര്‍ന്നതിന്‍റെ ഓര്‍മ്മ കളുമായി പെസഹാവ്യാഴം വിരുന്നെത്തുകയാണ്.

ഗുരുവിനും യജമാനനും വലിയ സ്ഥാനങ്ങള്‍ നല്‍കിയിരുന്ന സാമൂഹ്യ പശ്ചാത്തലത്തിലാണ് ഗുരുവെന്നും നാഥനെന്നും ജനങ്ങള്‍ അംഗീകരിച്ചവന്‍ അടിമകള്‍ മാത്രം ചെയ്തിരുന്ന ജോലിയിലേക്ക് സ്വയം താഴ്ത്തിയത്. തന്‍റെ സ്വകാര്യ ദുഃഖങ്ങളുടെയും ഹൃദയവ്യഥകളുടെയും പശ്ചാത്തലത്തിലൊരുക്കിയ അത്താഴവിരുന്നില്‍ വച്ച് ശിഷ്യരുടെ ഭൂതകാലങ്ങളെ തുടച്ചു മിനുക്കി അവരെ ഒരു പുതിയ വഴിത്താരയിലേക്ക് ഈശോ കൂട്ടിക്കൊണ്ടു പോവുകയാണ്. ഇടതും വലതും അധികാര സ്ഥാനങ്ങള്‍ തിരഞ്ഞ, രാത്രിയുടെ അന്ത്യയാമങ്ങളില്‍ പോലും തങ്ങളില്‍ വലിയവനാരാണെന്ന് തര്‍ക്കിച്ച ശിഷ്യരെ സ്വാര്‍ത്ഥതയുടെ സങ്കുചിതത്വങ്ങളില്‍ നിന്ന് പരോന്മുഖതയുടെ ചക്രവാള വിശാലതയിലേക്ക് ഈശോ കൂട്ടിക്കൊണ്ടു പോകുന്നു. ശിഷ്യരുടെ പാദങ്ങള്‍ കഴുകി തുടച്ചശേഷം അവന്‍ പറഞ്ഞു: “ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക തന്നിരിക്കുന്നു (യോഹ 13,15).

ഉദാത്തമായ ഈ മാതൃകയുടെ വികൃതാനുകരണങ്ങളായി നമ്മുടെ ജീവി തങ്ങള്‍ മാറിപ്പോകുന്നില്ലേ എന്ന് പരിശോധിക്കേ ണ്ടതുണ്ട്. കാരണം ഒത്തിരിയേറെ സന്തോഷത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി ഈശോ അഴിച്ചു വച്ച അധികാരത്തിന്‍റെ മേലങ്കികളെ വാരിവലിച്ചണിയാന്‍ നാമെല്ലാവരും മത്സരിക്കുന്ന കാലമാണിത്. “റിട്ടയര്‍ ചെയ്തതിനുശേഷം ഇത്തിരി ശുശ്രൂഷയുമായി കഴിഞ്ഞുകൂടാമെന്നു വച്ചു. ഇപ്പോ നാലിടത്ത് വചനം പറയുന്നുണ്ട്. പച്ചച്ചിരിയോടെ പരിചയക്കാരന്‍ പറഞ്ഞു തുടങ്ങുകയാണ്. “പിള്ളേരൊന്നും പഴയ പോലെ അല്ല. നശിച്ചോണ്ടിരിക്കുവാ… എല്ലാവനും കൊച്ചച്ചനെ മതി..” ഒരു നാള്‍ വികാരിയച്ചന് വെറുതേ തോന്നിത്തുടങ്ങുകയാണ്. “കല്ല്യാണത്തിന വന്‍ നേരിട്ടു വിളിച്ചില്ല. എന്‍റെ പട്ടി പോകും” – ഭര്‍ത്താവ് അമര്‍ഷം കൊള്ളുന്നു. “ഇവിടെ ആരാ കാര്യം തീരുമാനിക്കുന്നതെന്ന് എനിക്കിപ്പോ അറിയണം.”- ഭാര്യയുടെ സ്വരം അറിയാതെ ഉയരുന്നു. നാം അറിയാതെ ചെവിയോര്‍ത്തു പോകുന്ന സംഭാഷണങ്ങള്‍.

ദൈവനാമത്തില്‍ അപരനുവേണ്ടി ചെയ്യുന്നതെന്തും ശുശ്രൂഷയാണെന്ന് എല്ലാ ധ്യാനമന്ദിരങ്ങളും പ്രസംഗപീഠങ്ങളും വിളിച്ചു പറയുന്നുണ്ട്. പക്ഷേ വചനത്തിനപ്പുറത്തേക്ക് മാംസം ധരിക്കാത്ത വെറും ശുശ്രൂഷകളായി നമ്മുടെ സേവനരംഗങ്ങള്‍ തീരുന്നു ണ്ടോ? ഒരു സംസ്ഥാന ഗവണ്‍മെന്‍റും അതിന്‍റെ എല്ലാ കുട്ടിപ്രസ്ഥാനങ്ങളും ഒന്നിച്ച് സഭയ്ക്കും സഭാധികാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആഞ്ഞടിച്ചപ്പോള്‍ നമ്മുടെ ജനം കുറച്ചൊക്കെ മൗനം പാലിച്ചത് നമ്മുടെ ‘ശുശ്രൂഷകളുടെ’ തനിനിറം വ്യ ക്തമായതുകൊണ്ടാണോ?

ഈശോയുടെ മാതൃക അനുകരിക്കാനും അടുത്തറിയാനും ഇറങ്ങിത്തിരിച്ച് പരാജിതരാവുകയാണ് നാം. ക്രിസ്തുവിന് ശുശ്രൂഷ ആഭരണമല്ലായിരുന്നു. വെറും ആദര്‍ശമോ തത്വചിന്തയോ അല്ലായിരുന്നു. അവന് ശുശ്രൂഷ ജീവിതമായിരുന്നു. ആര്‍ക്കും ഇഴപിരിക്കാനാവാത്തവിധം അവനോടു ചേര്‍ന്നു നിന്ന ജീവിതം (ഞാന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല). അപരന്‍റെ ഏത് കേവലതകളിലേക്കും നിസ്സാരതകളിലേക്കും താഴാനുള്ള ഒരു ജീവിതം. അത് പുല്‍ക്കൂട്ടില്‍ ആരംഭിക്കുന്നിടത്തു തുടങ്ങി (ലൂക്ക 2-12) ഉത്ഥാനത്തിന്‍റെ മഹത്വത്തില്‍ (യോഹ 20,17) പ്രവേശിക്കുന്നിടം വരെ ശുശ്രൂഷാമനോഭാവത്തിന്‍റെ തിരുക്കച്ച അവന്‍ കൈയ്യില്‍ കരുതുന്നുണ്ട്. ഉത്ഥാനത്തിന്‍റെ തെളിവും തിരുശേഷിപ്പുമായ കച്ച നമുക്കായി ബാക്കിവച്ചിട്ടാണ് അവന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തത്.

ആ തിരുക്കച്ച ജീവിതത്തിലണിഞ്ഞ് അപരന്‍റെ നിസ്സാരതകളിലേക്കും വേദനകളിലേക്കും കുനിയുമ്പോള്‍ അവന്‍റെ വേദനകളെ ഞാന്‍ ഒപ്പിയെടുക്കുമ്പോള്‍ ഞാനും പത്രോസിനെപ്പോലെ സ്നാനപ്പെടുകയാണ്, കടന്നുപോവുകയാണ്. പഴയതില്‍ നിന്നും പുതിയൊരു ദര്‍ശനത്തിലേക്ക് ജീവിതത്തിലേക്ക് കടക്കുകയാണ്. നിന്‍റെ ജീവിതവഴിത്താരകളില്‍ നിനക്കായ് ദൈവമൊരുക്കിയ തിരുക്കച്ചകളെ പ്രദര്‍ശന വസ്തുവാക്കി നീ നിന്നെക്കാത്തിരിക്കുന്ന വൃണിത പാദങ്ങളെ നിരാശരാക്കരുത്. തിരുക്കച്ചകളെ ജീവിതത്തിലണിഞ്ഞ് നമുക്ക് മറ്റുള്ളവരുടെ ഹൃദയങ്ങളിലൂടെ കടന്നു പോകാം.

“ഒരു ദിവസം അവനും ഞാനും മാത്രം പാടത്തുകൂടി നടക്കുകയായിരുന്നു. ഞങ്ങള്‍ക്കിരുവര്‍ക്കും നല്ല വിശപ്പുണ്ടായിരുന്നു. ഞങ്ങള്‍ നടന്ന് ഒരു ആപ്പിള്‍ മരത്തിനടുത്തെത്തി. രണ്ട് ആപ്പിള്‍ പഴങ്ങള്‍ അതില്‍ ഞാന്നു കിടന്നിരുന്നു. അവന്‍ സ്വന്തം കൈകള്‍കൊണ്ട് ആപ്പിള്‍മരത്തെ കുലുക്കി. രണ്ട് ആപ്പിളു കളും താഴെ വീണു. അവ പെറുക്കിയെടുത്തിട്ട് അവന്‍ ഒരെണ്ണം എനിക്ക് തന്നു. മറ്റേത് അവന്‍ കൈയ്യില്‍ വച്ചു. എന്‍റെ വിശപ്പിന്‍റെ ആധിക്യത്താല്‍ ഞാന്‍ വളരെ വേഗം എന്‍റെ ആപ്പിള്‍ ഭക്ഷിച്ചു തീര്‍ത്തു. ഞാന്‍ നോക്കുമ്പോള്‍ മറ്റേ ആപ്പിള്‍ അപ്പോഴും അവന്‍റെ കൈയ്യില്‍ ഉണ്ടായിരുന്നു. അതെനിക്ക് നല്‍കിക്കൊണ്ട് അവന്‍ പറഞ്ഞു. “ഇതു കൂടി ഭക്ഷിക്കുക”.

ഞാന്‍ ആപ്പിള്‍ വാങ്ങുകയും നിര്‍ലജ്ജമായ വിശപ്പില്‍ അതുകൂടി ഭക്ഷിക്കുകയും ചെയ്തു. മുന്നോട്ടു നടക്കുമ്പോള്‍ ഞാന്‍ അവന്‍റെ മുഖം ശ്രദ്ധിച്ചു. ഞാന്‍ കണ്ടതെന്താണെന്ന് എങ്ങിനെ വിവരിക്കും? ‘മെഴുതിരികളെരിയുന്ന ഒരു രാവ്’…

എന്നെപ്പോലെ തന്നെ അവനും വിശന്നിരുന്നുവെന്ന് എനിക്കറിയാം… അവ എനിക്ക് നല്‍കുന്നതിലൂടെ അവന്‍ സംതൃപ്തിയടഞ്ഞെന്ന് എനിക്കിപ്പോള്‍ അറിയാം. അവന്‍ മറ്റൊരു വൃക്ഷത്തിന്‍റെ മറ്റൊരു ഫലമാണല്ലോ; ഭക്ഷിക്കുക. (ഖലീല്‍ ജിബ്രാന്‍: മനുഷ്യ പുത്രനായ യേശു)

ഫാ. ബേബി കരിന്തോളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.