പെസഹായുടെ സ്മരണകൾ ഉണർത്തുന്ന കുട്ടനാട്ടിലെ ഒരു കല്ലറ 

ഫാ. ചാക്കോച്ചന്‍ വടക്കേത്തലക്കല്‍ mcbs

കുട്ടനാട്ടിലെ കൊടുപ്പുന്ന ഇടവകപള്ളി വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലാണ്. അവിടുത്തെ സെമിത്തേരിയിലെ ആദ്യനിരയിലെ മൂന്നാമത്തെ കല്ലറയില്‍ റിച്ചു എന്നു പേരുള്ള ഒരു 14 വയസ്സുകാരന്‍ വിശ്രമിക്കുന്നു. അവന്റെ മരണത്തിന് ഒരു പെസഹായുടെ കഥ പറയാനുണ്ട്.

ഓര്‍മ്മകളില്‍ മായാത്ത ആ പെസഹാ ഓര്‍മ്മയ്ക്ക് പല പേരുകളാണ്.

ചിലര്‍ക്ക് അത് ഫ്‌ളാഷ്ബാക്ക്, ചിലര്‍ക്ക് ഗൃഹാതുരുത്വം ഉണര്‍ത്തുന്ന ചിന്ത. ചിലര്‍ ഓര്‍മ്മകളിലേക്ക് പോയാല്‍ കരയും. ചിലര്‍ ചിരിക്കും. ചിലര്‍ ചിന്തിക്കും. ചിലരോ മനസ്തപിക്കും. ഓരോരുത്തരും ഓരോ രീതിയിലാണ്‌.

ഈയിടെ റീലീസ് ചെയ്ത ആശയസമ്പുഷ്ടമായ ഒരു ചിത്രമായിരുന്നു. ‘ലളിതം സുന്ദരം’. അതില്‍ നായകകഥാപാത്രത്തിന്റെ ഒരു കുമ്പസാരമുണ്ട്. “നമ്മുടെയൊക്കെ പഴയകാലജീവിതങ്ങളിലേക്ക് പോയി കാണിച്ച മണ്ടത്തരങ്ങളെ ഒന്ന് ശരിയാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്!”

പലപ്പോഴും ജീവിതയാത്രയ്ക്കിടയില്‍ നമുക്കും തോന്നിയിട്ടില്ലേ ഈ തിരനോട്ടങ്ങള്‍ നല്ലതാണെന്ന്. ഓര്‍മ്മകളാണ് ചുറ്റും. ഞാനും നീയും എല്ലാം ഒരിക്കല്‍ ഓര്‍മ്മയാകും. ഇത് വായിച്ചുതീരുന്ന നിമിഷം ഇതും ഒരു ഓര്‍മയാകും. തീര്‍ച്ച!

‘ഓര്‍മ്മകളുടെ സുദിനമാണ് പെസഹ; ചില ഓര്‍മ്മപ്പെടുത്തലുകളുടെയും. അതുകൊണ്ടാവണം, തന്റെ സ്‌നേഹിതരുടെ കാല്‍കഴുകിയതിന്റെയും തന്നെത്തന്നെ മുറിച്ചുവിളമ്പിയതിന്റെയും ഒടുവില്‍ അവന്‍ ഇപ്രകാരം പറഞ്ഞത്: “ഇത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍” എന്ന്. ഈ ഓര്‍മ്മ ഇന്നും ആഘോ ഷിക്കപ്പെടുന്നു.ലോകമെമ്പാടുമുള്ള എല്ലാ ബലിപീഠങ്ങളിലും. കാരണം,  തന്റെ സ്‌നേഹിതര്‍ക്കായി അവന്‍ അര്‍പ്പിച്ച ആ തിരുവത്താഴം അത് സ്‌നേഹത്തിന്റെ പൂര്‍ത്തീകരണമായിരുന്നു. ഇപ്രകാരം ചില സ്‌നേഹത്തിന്റെ  ഓര്‍മ്മപ്പെടുത്തലുകള്‍ നല്‍കിപ്പോന്ന ഒരുപാടു വ്യക്തിത്വങ്ങള്‍ നമുക്കും ചില ജീവിതപാഠങ്ങളായിട്ടുണ്ട’

അങ്കണത്തൈമാവില്‍നിന്ന് ആദ്യത്തെ പഴംവീഴ്‌കെ

അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടുകണ്ണീര്‍….

(മാമ്പഴം – വൈലോപ്പിളളി)”

കവികള്‍ ക്രാന്തദര്‍ശികളാണെന്ന് പറയുന്നത് ശരിയാണ്. കാലങ്ങള്‍ക്കുമുമ്പേ വൈലോപ്പിള്ളി കുറിച്ചുവച്ച ഒരു അമ്മയുടെ നൊമ്പരം ഇന്നും വായിക്കുന്ന ഒരോ വായനക്കാരിലും അവശേഷിക്കുന്നുണ്ട്. ഇപ്രകാരം അവശേഷിക്കുന്ന ഒരു നൊമ്പരത്തിന്റെ കഥയാണ് എനിക്കും പറയാനുള്ളത്. മറക്കാന്‍ എത്ര ശ്രമിച്ചിട്ടും ഓര്‍മ്മകളില്‍ നിന്ന് മായാത്ത റിച്ചു എന്ന 14 വയസ്സുകാരന്‍ നിലനിര്‍ത്തുന്ന ഒരു പെസഹാസ്മരണയുടെ കഥ.

റിച്ചുവിനെ ഏറെ ഇഷ്ടമായിരുന്നു എല്ലാവര്‍ക്കും. എനിക്കുമാത്രമല്ല കുട്ടനാട്ടിലെ കൊടുപ്പുന്ന എന്ന ഗ്രാമപ്രദേശത്തിലെ എല്ലാവര്‍ക്കും അവനെ ഇഷ്ടമായിരുന്നു. കാരണം അവന്‍ അവര്‍ക്ക് അത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കൊടുപ്പുന്നയിലെ ഇടവകപള്ളി സെമിത്തേരിയിലെ ആദ്യനിരയിലെ മൂന്നാമത്തെ കല്ലറയില്‍ ഇന്നും ഒരു പെസഹായുടെ സ്മരണ നിറവുണ്ട്. ആ കല്ലറയ്ക്ക് റിച്ചു എന്ന 14 വയസ്സുകാരന്റെ ഒരു പെസഹായുടെ കഥ പറയാനുണ്ട്.

എന്തിനെയും ചെറുപുഞ്ചിരിയോടെ സമീപിച്ച ഒരു കുഞ്ഞുമാലാഖയായിരുന്നു റിച്ചു. അധ്യാപകര്‍ക്കും അയല്‍പക്കക്കാര്‍ക്കും സ്‌കൂളിനും എല്ലാം ഏറെ പ്രിയങ്കരന്‍. പ്രായംകൊണ്ട് 14 വയസ്സ് ഉളളുവെങ്കിലും കഠിനാധ്വാനത്തില്‍ പ്രായത്തെയും വെല്ലുന്നവനായിരുന്നു അവന്‍.

കൊടുപ്പുന്നയിലെ മുട്ടശ്ശേരിവീട്ടില്‍ ബിജു മോന്‍ – ഷീജയുടെയും മൂന്നുമക്കളില്‍ രണ്ടാമനായി ജനിച്ചു. ആരെയും ഏതുനേരത്തും സഹായിക്കുന്നതില്‍ സന്തുഷ്ടനായിരുന്നു അവന്‍.  മാതാപിതാക്കള്‍ക്ക് പ്രത്യേകിച്ച് അവന്റെ അമ്മയ്ക്ക് ഏറെ സഹായമായിരുന്നു അവന്‍. അവന്‍ തന്റെ ജീവിതംകൊണ്ട് ഏറെ പാഠങ്ങള്‍ നല്‍കിയതുപോലെ തന്നെ അവന്റെ മരണത്തിലും നിറയെ പാഠങ്ങള്‍ നല്‍കിയാണ് അവന്‍ യാത്രയായത്.

2021 ഏപ്രില്‍ 1 പെസഹാവ്യാഴാഴ്ചയായിരുന്നു. അന്ന് വീടിനടുത്തുള്ള പാടവരമ്പത്തുകൂടെ കൂട്ടുകാരനുമൊത്ത് നടക്കുമ്പോള്‍ കാലില്‍ എന്തോ കടിച്ചതായി അവനുതോന്നിയെങ്കിലും അത്ര ഗൗനിച്ചില്ല. വീട്ടിലേക്ക് കയറിവരുമ്പോഴാണ് പെസഹാഅപ്പത്തിനായും പാല്‍ കാച്ചുന്നതിനായുമുളള ശര്‍ക്കരയും മറ്റുസാധനങ്ങളും എല്ലാം ഊണുമേശയില്‍ അപ്പന്‍ കൊണ്ടുവച്ചിരിക്കുന്നത് അവന്റെ ശ്രദ്ധയില്‍പെട്ടത്.

അവന്‍ അതില്‍നിന്ന് ഒരല്പം എടുത്ത് ഒന്നു രുചിച്ചു. ഇത് കണ്ട് കടന്നുവന്ന അമ്മ അവനെ ഏറെ ശാസിച്ചു; ഇപ്പോഴാണോ ഇത് കഴിക്കുന്നത് എന്ന് ചോദിച്ചു.

അവന് സങ്കടമായി. അമ്മ പറഞ്ഞതില്‍ ഏറെ വിഷമം തോന്നിയ അവന്‍ അമ്മയോട് ചോദിച്ചുവത്രേ.

“ഇനിയും ഒരു പെസഹാ ഒരുപക്ഷേ കഴിക്കാന്‍ എനിക്കായില്ലെങ്കിലോ അമ്മേ” എന്ന്.

പീന്നീട് ക്ഷീണം തോന്നിയ അവന്‍ ഒന്ന് മയങ്ങി. ആ മയക്കം നിത്യതയിലേക്കുള്ള അവന്റെ യാത്രയുടെ ആരംഭമായിരുന്നു. ആ പെസഹാ നാളില്‍ത്തന്നെ അവന്‍ നിത്യതയിലേയ്ക്ക് യാത്രയായി.

അന്നാളുകളില്‍ അവന്റെ വിശ്വാസപരിശീലന അധ്യാപിക അവനെകുറിച്ച് പറഞ്ഞ ഒരു കാര്യം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. വല്ല്യായാഴ്ചയുടെ ഏറ്റവും അടുത്ത ദിനങ്ങളില്‍ വിശുദ്ധ കുര്‍ബാനയിലും അവന്‍ മുടങ്ങാതെ കൂടുമായിരുന്നു.  മരണത്തിന്റെ ഏറ്റവും അടുത്ത ദിനങ്ങളില്‍ കുമ്പസാരിച്ച് കുര്‍ബ്ബാന സ്വീകരിച്ചു  വീട്ടിലേക്ക് മടങ്ങിച്ചെന്ന് അവന്‍ അമ്മയോട് പറഞ്ഞു.

“ഇന്ന് എന്തോ വല്ലാത്ത സന്തോഷം എനിക്ക് തോന്നുന്നു” എന്ന്.

പ്രിയ റിച്ചു, നീ ഞങ്ങള്‍ക്ക് മുന്‍പേ, ക്രിസ്തുവിന്റെ പെസഹായുടെ ആഘോഷരാവിലേക്ക് കടന്നുപോയിരിക്കുന്നു. മരണം നിന്നെ ഞങ്ങളില്‍നിന്ന് അകറ്റിയാലും ഓര്‍മ്മകളില്‍നിന്ന് മായാത്ത ഒരു മുഖവുമായി എന്നും നീ ഞങ്ങളുടെ കൂടെ ഉണ്ടാവും.

പെസഹാ ഇനി കടന്നു വരുന്ന പെസഹാ ദിനങ്ങളിലെല്ലാം നീ ഒരു ഓര്‍മ്മയായി ഞങ്ങളുടെ കൂടെയുണ്ടാവും; ഒരിക്കലും മായാത്ത് ഒരു പെസഹാ ഓര്‍മയായി.

ഫാ. ചാക്കോച്ചന്‍ വടക്കേത്തലക്കല്‍ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.