വിശുദ്ധ കുര്‍ബാനയില്‍ ശ്രദ്ധയോടെ പങ്കെടുക്കാം ഈ മാർഗ്ഗങ്ങളിലൂടെ  

വിശുദ്ധ കുര്‍ബാന ഈശോയുടെ ബലിയുടെ പുനരര്‍പ്പണമാണ്. കുര്‍ബാനയിലെ ഓരോ പ്രാര്‍ത്ഥനയ്ക്കും അതിന്റേതായ പ്രാധാന്യവും അര്‍ത്ഥവും ഉണ്ട്. വിശുദ്ധ കുര്‍ബാനയില്‍ പൂര്‍ണ്ണമായി പങ്കെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

പലപ്പോഴും പലരുടെയും ഒരു സ്വകാര്യദുഃഖമാണ് വിശുദ്ധ കുർബാനയിൽ ഭക്തിയോടെ പങ്കെടുക്കാൻ പറ്റുന്നില്ലല്ലോ എന്നത്. ഈ ഒരു സങ്കടം മാറ്റാനും ശ്രദ്ധയോടും ഭക്തിയോടും കൂടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനും സഹായിക്കുന്ന ലളിതവും പ്രായോഗികവുമായ ഏതാനും നിർദ്ദേശങ്ങൾ ഇതാ:

1. വിശുദ്ധ കുര്‍ബാനയിലെ അടയാളങ്ങളും അവയുടെ അര്‍ത്ഥവും പഠിക്കുക

വിശുദ്ധ കുര്‍ബാന വൈവിധ്യമാര്‍ന്ന അടയാളങ്ങളാലും അനുഷ്ഠാനങ്ങളാലും സമ്പുഷ്ടമാണ്. കുര്‍ബാന മധ്യേ ഉപയോഗിക്കുന്ന ഓരോ ആംഗ്യത്തിനും വ്യക്തമായ അര്‍ത്ഥം ഉണ്ട്. ഓരോ അടയാളവും അവയുടെ അര്‍ത്ഥവും അവയ്ക്ക് പിന്നിലെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും പഠിച്ചാല്‍ കൂടുതല്‍ ഭക്തിയോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിയും.

2. ദേവാലയത്തില്‍ പോകുന്നതിനു മുമ്പ് അന്നത്തെ ബൈബിള്‍ വായനകളിലൂടെ കടന്നുപോകാം

വിശുദ്ധ കുര്‍ബാനയിലെ ബൈബിള്‍ വായനയും പ്രസംഗങ്ങളും മടുപ്പായോ തല്പര്യമില്ലാതെയോ തോന്നുന്നവര്‍ക്ക് പള്ളിയില്‍ പോകുന്നതിനു മുമ്പായി അന്നത്തെ വിശുദ്ധ ഗ്രന്ഥ വായനകളിലൂടെ കടന്നുപോകാം. വിശുദ്ധ കുര്‍ബാനയ്ക്ക് പങ്കെടുക്കുന്നതിനു മുമ്പേയുള്ള ഇത്തരം ബൈബിള്‍ വായന, വായിച്ച ഭാഗത്തെക്കുറിച്ചുള്ള ഓര്‍മ്മ മനസ്സില്‍ തങ്ങുന്നതിനും ദൈവാലയത്തില്‍ വരുന്നതിനു മുമ്പ് ഒരു ആത്മീയമായ ഒരുക്കം നടത്തുന്നതിനും സഹായിക്കും.

3. നേരത്തെ കുര്‍ബാനയ്ക്ക് എത്തുക

വിശുദ്ധ കുര്‍ബാനയ്ക്ക് ഇടയില്‍ ഓടിക്കിതച്ചെത്തുന്നത് നമ്മുടെ മനസിനെ കൂടുതല്‍ അസ്വസ്തമാക്കുകയേ ഉള്ളൂ. അതിനാല്‍ ദേവാലയത്തില്‍ പോകുന്ന സമയങ്ങളില്‍ അല്‍പം നേരത്തെ വീട്ടില്‍ നിന്ന് ഇറങ്ങാം. ഒരു പത്തു മിനിറ്റ് മുമ്പേ എങ്കിലും പള്ളിയില്‍ എത്തുവാന്‍ ശ്രമിക്കണം. തുടര്‍ന്ന് മനസ് ശാന്തമാക്കി അല്‍പനേരം പ്രാര്‍ത്ഥിക്കാം. അപ്പോള്‍ കിട്ടുന്ന ഊര്‍ജ്ജം വിശുദ്ധ കുര്‍ബാനയില്‍ ഏകാഗ്രതയോടെ പങ്കെടുക്കുവാന്‍ സഹായിക്കും.

4. കുര്‍ബാനയ്ക്ക് മുമ്പുള്ള സമയങ്ങളില്‍ നിശബ്ദത പാലിക്കുക

വിശുദ്ധ കുര്‍ബാനയ്ക്ക് എത്തുന്നതിനു മുമ്പുള്ള സമയങ്ങളില്‍ നിശബ്ദത പാലിക്കുന്നത് മനസ് ശാന്തമാക്കുവാനും ഏകാഗ്രമാക്കുവാനും സഹായിക്കും. എഴുന്നേല്‍ക്കുന്ന സമയം മുതല്‍ നിശബ്ദമായിരിക്കാം. പള്ളിയിലേയ്ക്ക് വരുന്നത് വാഹനത്തിലാണെങ്കില്‍ ആ സമയം വണ്ടിയില്‍ വയ്ക്കുന്ന പാട്ട്, റേഡിയോ തുടങ്ങിയവ ഓഫാക്കാം. ഉച്ചത്തിലുള്ള സംസാരവും ബഹളവും ഒഴിവാക്കുന്നതും നന്നാണ്.

5. കാവല്‍മാലാഖയുടെ സഹായം തേടാം

വിശുദ്ധ കുര്‍ബാന എന്നത് ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു ഉടമ്പടിയുടെ പുനരാവിഷ്ക്കരണമാണ്. അതിനാല്‍ ഇവിടെ നമ്മെ സഹായിക്കാന്‍ കഴിയുന്ന ഏറ്റവും ഉചിതമായ വ്യക്തി നമ്മുടെ കാവല്‍മാലാഖ തന്നെയാണ്. നമുക്ക് എന്ത് സഹായവും നല്കാന്‍ തയ്യാറായി നില്‍ക്കുന്ന നമ്മുടെ കാവല്‍മാലാഖയോട് നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചോദിക്കാം. അവയെ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവാന്‍ മാലാഖമാര്‍ക്ക് കഴിയും. വിശുദ്ധ കുര്‍ബാന ഏറ്റവും ഭക്തിയോടും വിശുദ്ധിയോടും കൂടി സ്വീകരിക്കുവാന്‍ കാവല്‍മാലാഖ സഹായിക്കും.

വിശുദ്ധ കുര്‍ബാനയില്‍ സജീവ പങ്കാളിത്വം ഉറപ്പാക്കുവാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ നമ്മെ സഹായിക്കും.