മക്കളെ ഭയപ്പെടുന്ന മാതാപിതാക്കൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

പത്താം ക്ലാസിൽ പഠിക്കുന്ന മകളുമായാണ് ആ സ്ത്രീ വന്നത്. “അച്ചാ, കഴിഞ്ഞ ദിവസം ഇവൾ എന്നോടു പറയുകയാ, ‘ഇനി എന്നെ ഉപദേശിക്കാൻ വന്നാൽ ഞാൻ പോയി ചാകുമെന്ന്.’ അതുകൊണ്ടാണ് പെട്ടെന്ന് ഇങ്ങോട്ടു വന്നത്. ഇവളെ ആരും തിരുത്തുന്നതോ, ഉപദേശിക്കുന്നതോ അവൾക്കിഷ്ടമല്ല. എന്തു ചെയ്യണമെന്ന് ഒരു ഐഡിയയുമില്ല…”

ഞാന്‍ ആ കുട്ടിയോട് സംസാരിച്ചു. കുഞ്ഞുനാൾ മുതൽ അമിതമായ് ലാളിച്ചാണ് മാതാപിതാക്കൾ അവളെ വളർത്തിയത്. പ്രായപൂർത്തിയായപ്പോൾ അവളുടെ ചിന്താഗതികൾ മാറി. മാതാപിതാക്കള്‍ അറിയാതെ ചില സൗഹൃദങ്ങൾ അവളിൽ കയറിക്കൂടി. ക്രമേണ പഠിക്കാനുള്ള താല്‍പര്യത്തേക്കാൾ മൊബൈൽ ചാറ്റിങ്ങിന് സമയം കണ്ടെത്തി തുടങ്ങി. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയതിനുശേഷം രണ്ടാഴ്ച കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ട് ഞാന്‍ അവരെ പറഞ്ഞയച്ചു.

മക്കളുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് അവരെ നേർവഴിക്ക് നയിക്കാൻ പല മാതാപിതാക്കളും ഇന്ന് കഷ്ടപ്പെടുകയാണ്. പണ്ടുണ്ടായിരുന്നതുപോലെ മാതാപിതാക്കളോട് ആദരവോടു കൂടിയ ഭയവും ഇന്ന് കുറഞ്ഞുവരുന്നു. മാതാപിതാക്കൾ സുഹൃത്തുക്കളായി മാറിയപ്പോൾ എല്ലാം ക്ഷമിക്കും പൊറുക്കും എന്ന രീതിയിലേയ്ക്കായി കാര്യങ്ങൾ. സമൂഹത്തിലും കലാലയങ്ങളിലും ഭവനങ്ങളിലുമെല്ലാം കുട്ടികളെ തിരുത്താൻ മുതിർന്നവർക്ക് ഭയമേറുന്ന കാലമാണിത്. തങ്ങൾക്ക് ലഭിക്കുന്ന തിരുത്തലുകൾ സ്വീകരിക്കാൻ പല മക്കൾക്കും സാധിക്കുന്നില്ല. അതിന്റെ ഫലമായി കുടുംബാംഗങ്ങളോടുള്ള എതിർപ്പും നീരസവും ഏറിവരുന്നു. ഇതിന്റെ തുടർച്ചയെന്നവണ്ണം ഒളിച്ചോട്ടങ്ങളും ആത്മഹത്യാപ്രവണതകളും മദ്യം, മയക്കുമരുന്ന് ഉപയോഗവും നിരന്തരം വർദ്ധിക്കുന്നു. കുഞ്ഞുനാൾ മുതൽ തിരുത്തലുകളും താക്കീതുകളും മാതൃകാപരമായ ശിക്ഷണങ്ങളും നൽകാൻ സാധിച്ചില്ലെങ്കിൽ വരുംതലമുറകൾ ചിലപ്പോൾ തിന്മയിലേയ്ക്ക് നീങ്ങിയേക്കാം.

ക്രിസ്തുവിന്റെ അടുത്ത് ധനികനായ യുവാവ് വന്നതിനെക്കുറിച്ച് നമ്മൾ വായിക്കുന്നു. എല്ലാ പ്രമാണങ്ങളും പാലിക്കുന്ന തനിക്ക് ഒരു കുറവുമില്ല എന്നായിരുന്നു അതുവരെ അയാളുടെ ധാരണ. ‘നിനക്കൊരു കുറവുണ്ട് ‘ എന്നുപറഞ്ഞ് ക്രിസ്തു അയാളെ തിരുത്തുന്നു (Ref: മർക്കോ. 10:17-22).

ഞാൻ എല്ലാം തികഞ്ഞവനാണ് എന്ന് ചിന്തിക്കുന്നിടത്താണ് ഒരു വ്യക്തിയുടെ വളർച്ച മുരടിക്കുന്നത്. തിരുത്തലുകൾ സ്വീകരിച്ച് കുറവുകളിലേയ്ക്ക് മിഴി തുറക്കുമ്പോൾ മാത്രമേ പക്വമായ രീതിയിൽ പെരുമാറാനും നന്മയുടെ വഴിയേ മുന്നേറാനും നമുക്ക് കഴിയൂ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.