മാതാപിതാക്കള്‍ കുടുംബത്തിലും പൊതുസമൂഹത്തിലും മക്കള്‍ക്ക് നല്ല മാതൃകകളാകണം: മാര്‍ ജേക്കബ് മനത്തോടത്ത്

മാതാപിതാക്കള്‍ കുടുംബത്തിലും പൊതുസമൂഹത്തിലും മക്കള്‍ക്ക് നല്ല മാതൃകകളാകണമെന്ന് പാലക്കാട് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന ഇടവകയില്‍, സഭയുടെ കാനന്‍ നിയമം അനുസരിച്ചുള്ള ഔദ്യോഗിക സന്ദര്‍ശനം നടത്തി, സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മക്കള്‍ സ്വയം ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുകയില്ല. വളര്‍ന്നുവരുന്ന  തലമുറയെ നന്മയിലേയ്ക്ക് നയിക്കാന്‍ പൊതുസമൂഹത്തില്‍ നല്ല മാതൃകകള്‍ അനിവാര്യമാണ്. എന്നാല്‍ അത്തരം മാതൃകകള്‍ വിരളമാണ്. അതിനാല്‍ മാതാപിതാക്കള്‍ കുടുംബത്തിലും പൊതുസമൂഹത്തിലും നല്ല മാതൃകകളായി മാറണം. വിശ്വാസം, സ്‌നേഹം, പ്രത്യാശ എന്നിവ നമ്മുടെ ജീവിതങ്ങളില്‍ പരിപോഷിപ്പിക്കപ്പെടണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അജപാലന സന്ദര്‍ശനത്തിനെത്തിയ മാര്‍ ജേക്കബ് മനത്തോടത്തിന് പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോനാ പള്ളി ഇടവകയില്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. ഇടവക വികാരി റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി, അസി. വികാരി ഫാ. ഷിന്‍സ് കക്കാനിയില്‍, കൈക്കാരന്മാരായ ജോസ് കാട്രുകുടിയില്‍, ബേബി കണ്ണംപള്ളി, ഇടവകയിലെ പന്ത്രണ്ട് കുടുംബ കൂട്ടായ്മകളിലെ പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ തിരി കൊടുത്ത് സ്വീകരിച്ച്, പള്ളിയിലേയ്ക്ക് ആനയിച്ചു.

മാര്‍ ജേക്കബ് മനത്തോടത്തിന്റെ മുഖ്യകാര്‍മ്മികത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് പൊതുയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയും ഇടവകയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടവകജനത്തിന്റെ അഭിപ്രായങ്ങള്‍ ശ്രവിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഇടവകയിലെ വിവിധ സംഘടനാ ഭാരവാഹികളുടെയും കുടുംബ കൂട്ടായ്മ ഭാരവാഹികളുടെയും മതബോധന അദ്ധ്യാപകരുടെയും സംയുക്തയോഗത്തില്‍ സഭയും സമുദായവും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സീറോ മലബാര്‍ സഭയുടെ സമുദായസംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിനെ ഇടവകയില്‍ ശക്തിപ്പെടുത്തുവാനും നിര്‍ദ്ദേശിച്ചു.

കെ.സി.വൈ.എം. സംഘടനയില്‍ യുവജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും യുവജനങ്ങള്‍ സഭയുടെ ശക്തിയായി മാറണമെന്നും യുവജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഇടവകയിലെ സ്ഥാപനങ്ങളായ സെന്റ് ഡൊമിനിക്കന്‍ ജനറലേറ്റ്, മെന്റലി ചലഞ്ചിഡ് സ്‌കൂള്‍, സെന്റ് തെരേസാസ് കോണ്‍വെന്റ് എന്നിവ മാര്‍ ജേക്കബ് മനത്തോടത്ത് സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.