അഞ്ച് മക്കളുള്ള മാതാപിതാക്കൾ ഏഴ് അനാഥ സഹോദരങ്ങളെ ദത്തെടുത്ത് മാതൃകയായി

“ദൈവം ഞങ്ങളിൽ നിന്നും ആഗ്രഹിച്ചത് അതായിരുന്നു.” പാം – ഗാരി വില്ലിസ് ദമ്പതികൾ ഏഴ് അനാഥ സഹോദരങ്ങളെ ദത്തെടുത്ത ശേഷം പറഞ്ഞത് അങ്ങനെയാണ്. ഒരു പുതിയ ജീവിതം ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഈ ദമ്പതികൾ. കാരണം അവരുടെ അഞ്ച് കുട്ടികൾക്കും പ്രായപൂർത്തിയായിരുന്നു. ആ സമയത്താണ്, ഒരു പുതിയ അമ്മയെയും അച്ഛനെയും ആവശ്യപ്പെടുന്ന ഏഴ് സഹോദരങ്ങളുടെ ഹൃദയസ്പർശിയായ ജീവിതത്തെക്കുറിച്ചു പാം എന്ന അമ്മ വായിക്കാൻ ഇടയായത്. വായിച്ചു തീർന്നതേ, അവൾ മനസ്സിൽ കുറിച്ചു: ‘എനിക്ക് ആ ഏഴ് കുട്ടികളുടെ അമ്മയാകണം!’

ഉടൻ തന്നെ അവൾ താൻ വായിച്ച, ആ സംഭവം പാം തന്റെ ഭർത്താവ് ഗാരിക്ക് അയച്ചുകൊടുത്തു. അന്ന് വൈകുന്നേരം, ഗാരിയോട് ആ കുട്ടികളുടെ കഥ വായിച്ചോ എന്നന്വേഷിച്ചു. അതിന് ഗാരി നൽകിയ മറുപടി ഇപ്രകാരമായിരുന്നു: “നമ്മൾക്ക് അവരെ ദത്തെടുക്കണം.”

ഒരു വയസ് മുതൽ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള ഏഴ് കുട്ടികളായിരുന്നു അവർ.  പാമിന്റെയും ഗാരിയുടെയും വീട്ടിൽ അവരുടെ മക്കൾ ആരുമില്ല. കിടപ്പുമുറികൾ എല്ലാം ഫ്രീ. അതിനാൽ, ഈ ഏഴ് സഹോദരങ്ങളെയും ദത്തെടുക്കാൻ തന്നെ ഈ മാതാപിതാക്കൾ തീരുമാനിച്ചു. അങ്ങനെ അഡെലിനോ (15), റൂബി (13), അലീഷ്യ (9), ആന്റണി(8), ഓബ്രിയേല(7), ലിയോ(5) ക്സാൻഡർ (1) എന്നീ ഏഴ് സഹോദരങ്ങൾ ഈ മാതാപിതാക്കൾക്ക് മക്കളായി. ഇത് അവരുടെ എക്കാലത്തെയും വീടായിരിക്കും എന്ന് ഈ മാതാപിതാക്കൾ പറയുന്നു.

പകർച്ചവ്യാധിയുടെ സമയത്ത് അവരുടെ 12 മക്കളുള്ള കുടുംബം ഒന്നിച്ചായിരിക്കുവാനും ദത്തെടുക്കൽ പ്രക്രിയ പൂർത്തീകരിക്കുവാനും ആഗ്രഹിച്ചു. കാരണം, മൂത്ത അഞ്ചു മക്കളിൽ ഇളയ ആൾ കഴിഞ്ഞ വർഷം ഓഗസ്റ്റ് 11 -ന് മിഷനറിയായി പോകുവാൻ തീരുമാനിച്ചിരുന്നു. അഞ്ചു മക്കളും അവരുടെ മാതാപിതാക്കൾക്ക് നന്ദി പറയുന്നു. ഏഴ് സഹോദരങ്ങളെ കൂടി തങ്ങൾക്ക് തന്നതിന്.

കുടുംബം ഒരുമിച്ച് സ്നേഹത്തിൽ വളരുമ്പോൾ, അവർ വിശ്വാസത്തിലും വളരുകയാണ് എന്ന് ഈ മാതാപിതാക്കൾ സന്തോഷത്തോടെ പറയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.