14 മക്കളുടെ മാതാപിതാക്കൾ സാമ്പത്തിക ബാധ്യതയില്ലാത്ത നല്ല ജീവിതത്തിനു നൽകുന്ന ഉപദേശങ്ങൾ

അമേരിക്കയിലെ മേരി ലാൻഡിൽ താമസിക്കുന്ന 14 മക്കളുടെ മാതാപിതാക്കളായ സാം- റോബ് ഫാറ്റ്സിങ്ങർ ദമ്പതികൾ തങ്ങളുടെ 14 മക്കളുടെ വളർച്ചയിൽ നേരിടേണ്ടി വന്ന കടബാധ്യതയേയും അതിനെ അതിജീവിച്ചത് എങ്ങനെയെന്നും വിവരിക്കുന്നു. കുടുംബ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ചിലവുകളെ എങ്ങനെ ബുദ്ധിപൂർവ്വം നേരിടണമെന്നും മാതാപിതാക്കൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്ന അവർ ഇതുമായി ബന്ധപ്പെട്ട ഒരു പുസ്തകത്തിന്റെ രചയിതാക്കൾ കൂടിയാണ്. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കൂടുതലും കമ്മ്യൂണിറ്റി കോളേജുകളെയും സർക്കാർ സ്കൂളുകളെയും ആശ്രയിക്കുകയാണെങ്കിൽ കടബാധ്യതകൾ കുറയ്ക്കാമെന്നാണ് അവർ പറയുന്നത്.

ക്രിസ്തീയതയിലേക്കുള്ള വിളി എന്നാൽ സാമ്പത്തിക ഉത്തരവാദിത്വം പാലിക്കുവാനുള്ള വിളിയും കൂടിയാണെന്ന് റോബ് പറയുന്നു. അവിടുത്തെ തിരുഹിതം നിറവേറണമെന്നു നാം ആഗ്രഹിക്കുകയാണെങ്കിൽ തീർച്ചയായും അവിടുന്ന് നമുക്ക് സാമ്പത്തികമായി ഉന്നമനം നൽകും. സാമ്പത്തിക സ്വാതന്ത്യം അവിടുന്ന് നൽകിക്കഴിയുമ്പോൾ തീർച്ചയായും അവിടുത്തെ ആഗ്രഹത്തിനൊത്തു ജീവിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ആത്മീയ ജീവിതത്തിൽ നിലനിന്നുകൊണ്ട് തന്നെ നമ്മുടെ കടങ്ങളിലേക്കും മറ്റു ബാധ്യതകളിലേക്കും ഒരു തിരിഞ്ഞു നോട്ടം നടത്തുക. അവിടുന്ന് അതെല്ലാം പരിഹരിക്കുവാൻ നമ്മെ യോഗ്യരാക്കും. പുതിയതായി വിവാഹ ‌ജീവിതത്തിലേക്കു പ്രവേശിക്കുന്ന ദമ്പതികൾക്കായി അവർ ഒരു ഉപദേശവും നൽകുന്നുണ്ട്. നല്ല ആശയ വിനിമയം ദമ്പതികൾക്കിടയിൽ ഉണ്ടാക്കിയെടുക്കുക, കടമില്ലാതെ ജീവിക്കുവാൻ ശ്രമിക്കുക, അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുവാൻ അല്പം സമ്പാദ്യശീലം വളർത്തുക. ഈ മൂന്നു കാര്യങ്ങളുണ്ടെങ്കിൽ തീർച്ചയായും എത്ര മക്കളുണ്ടെങ്കിലും സന്തോഷത്തോടു ജീവിക്കുവാൻ സാധിക്കും.

വലിയ പലിശകളുള്ള കടങ്ങളെ എത്രയും പെട്ടന്ന് അടച്ചു തീർക്കുക, നമ്മുടെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിനങ്ങളിലേക്ക് അല്പം പണം കരുതിവെയ്ക്കുക. ഇത് ഇപ്പോഴും മനസ്സിലുണ്ടെങ്കിൽ തീർച്ചയായും ഒരു മെച്ചപ്പെട്ട ജീവിതം നയിക്കുവാൻ സാധിക്കും. “ദൈവത്തിൽ വിശ്വസിച്ചു കൊണ്ട് അവിടുത്തെ പദ്ധതിക്കായി നമ്മെ വിട്ടുകൊടുക്കുക. നമുക്ക് പരിഹരിക്കുവാൻ സാധിക്കുന്നതിനുമപ്പുറത്തുള്ള ഒരു പ്രശ്നവും അവിടുന്ന് നമുക്കായി നൽകുകയില്ല” -ദമ്പതികൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.