“മക്കളെ ഓർത്ത് അമിതമായി ആകുലപ്പെടരുത്”: മാതാപിതാക്കളോട് പാപ്പാ പറയുന്നത്

“മക്കളെ അമിതമായി സംരക്ഷിക്കുകയോ, അവരെ ഓർത്ത് ആകുലചിത്തരാകുകയോ ചെയ്യേണ്ടതില്ല. ദൈവം ആരെയും ഓർത്ത് ആകുലപ്പെടുന്നില്ല. മറിച്ച് അവിടുന്ന് യുവജനങ്ങളെ വിശ്വസിക്കുന്നു.” ജീവിതത്തിന്റെയും തങ്ങളെ ഏല്പിക്കപ്പെട്ടിരിക്കുന്ന ദൗത്യത്തിന്റെയും ഉയരങ്ങൾ താണ്ടാൻ അവൻ അവരെ ഓരോരുത്തരെയും വിളിക്കുന്നു എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. കുടുംബങ്ങൾക്കായുള്ള ലോകസമ്മേളനത്തിന്റെ സമാപന സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം ചൂണ്ടിക്കാട്ടിയത്.

“ബൈബിളിലെ ബാലനായ സാമുവൽ, കൗമാരക്കാരനായ ദാവീദ് അല്ലെങ്കിൽ യുവാവായ ജെറമിയ എന്നിവരെക്കുറിച്ച് നിങ്ങൾ ചിന്തിക്കുക. എല്ലാറ്റിനുമുപരിയായി, യേശുവിനെ ഗർഭം ധരിച്ച പതിനാറോ, പതിനേഴോ വയസുള്ള കന്യകാമറിയത്തെ ഓർക്കുക. ദൈവം ഒരു പെൺകുട്ടിയെ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് അവൾ. അതിനാൽ പ്രിയപ്പെട്ട മാതാപിതാക്കളേ, ദൈവവചനം നമുക്ക് വഴി കാണിച്ചുതരുന്നു. നമ്മുടെ കുട്ടികളെ ചെറിയ പ്രയാസങ്ങളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും രക്ഷിക്കാനല്ല, മറിച്ച് ജീവിതത്തോടുള്ള അഭിനിവേശത്തിൽ അവയെ ഒക്കെ അതിജീവിക്കുന്നതിന് അവരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുക. അവരുടെ വിളി കണ്ടെത്താനും ദൈവം അവർക്കായി മനസിൽ വച്ചിരിക്കുന്ന ദൗത്യം നിറവേറ്റാനും അവരെ പ്രാപ്തരാക്കുക” – പാപ്പാ ആഹ്വാനം ചെയ്തു.

മക്കളുടെ ജീവിതത്തെയും അവരുടെ വിളികളെയും തിരഞ്ഞെടുക്കാനും അതിൽ വിശ്വസ്തതയോടെ ആയിരിക്കാനും അവരെ സഹായിക്കാൻ പാപ്പാ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഒപ്പം യുവാക്കൾക്ക് ജീവിതമാതൃകയിലൂടെ ശരിയായ സാക്ഷ്യം പകർന്നു കൊടുക്കാൻ അധ്യാപകരെയും പാപ്പാ ഓർമിപ്പിച്ചു. “പ്രശ്നങ്ങളും പ്രതിസന്ധികളും ഉറപ്പായും ഉണ്ടാകും. ക്രിസ്തുവിന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അപ്പോഴും സഭ നിങ്ങളോടൊപ്പമുണ്ട്. സഭ നിങ്ങളിലാണ് നിലനിൽക്കുന്നത്” – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.