മക്കളിൽ ഉത്തരവാദിത്വബോധം വളർത്തിയെടുക്കാനുള്ള വഴികള്‍

മിനു മഞ്ഞളി
 

“കണ്ടില്ലേ മക്കൾ എത്ര ഉണ്ടായിട്ടെന്താ, ചോറു കഴിച്ച പാത്രം പോലും കഴുകാനോ എന്നെ സഹായിക്കുവാനോ ആരുമില്ല.” തനിച്ചു അടുക്കളയിൽ നിന്ന് പിറുപിറുക്കുന്ന അമ്മയ്ക്കരികിലേക്ക് അപ്പച്ചൻ കടന്നു വന്നു.

“ഇത്രേം പ്രായമായില്ലേ, ഇനി അവരെ അതിനൊന്നും കിട്ടില്ല. ശീലിപ്പിക്കേണ്ട സമയത്തു നമുക്കതിനു സാധിച്ചില്ല. ഇനി പറഞ്ഞിട്ട് കാര്യവുമില്ല.” അപ്പച്ചൻ അമ്മയെ ആശ്വസിപ്പിച്ചു.

ചില മാതാപിതാക്കൾ ഇങ്ങനെയാണ്. സ്നേഹം കൊണ്ട് മക്കളുടെ കൈ ഒന്ന് നനയ്ക്കാൻ പോലും സമ്മതിപ്പിക്കില്ല. ദാഹിച്ചാൽ വെള്ളം ഗ്ലാസിൽ എടുത്തുകൊണ്ടു പോയി കൊടുക്കും. ഓരോ പ്രായത്തിലും മക്കളെ ശീലിപ്പിക്കേണ്ട ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്.

സ്നേഹക്കൂടുതൽ കൊണ്ട് നാം അതിൽ നിന്നെല്ലാം ഒളിച്ചോടുമ്പോൾ നഷ്ടമാകുന്നത് അവയിലൂടെയെല്ലാം രൂപപ്പെടുന്ന മക്കളുടെ സ്വഭാവത്തിലെ നന്മയുടെ അംശങ്ങളെയാണ്. ചെറിയ ചെറിയ ഉത്തരവാദിത്വങ്ങൾ നിറവേറാൻ മക്കളെ പ്രാപ്തരാക്കുന്നതു വഴി ജീവിതത്തെ വളരെ പക്വതയോടെ വീക്ഷിക്കാനുള്ള കഴിവും വളർത്തിയെടുക്കാൻ സാധിക്കുന്നു. വലിയ ഉത്തരവാദിത്വങ്ങളെ തെല്ലും ആശങ്കകൾ ഇല്ലാതെ സ്വാഗതം ചെയ്യാനുള്ള മാനസിക വളർച്ചയും ധൃഢതയും കൈവരികയും ചെയ്യുന്നു.

ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ ഒരു കപ്പ് ചൂട് ചായ ഉണ്ടാക്കിത്തരുന്ന സഹായമനസ്കതയുള്ള മക്കളെ വളർത്തിയെടുക്കുന്നതു ഒരു റോക്കറ്റ് സയൻസ് ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല.  ഉത്തരവാദിത്വപരമായ തീരുമാനങ്ങൾ എടുക്കുന്ന, ചുമതലാ ബോധമുള്ള മക്കളെ വളർത്തിയെടുക്കാൻ മനഃശാസ്ത്ര വിദഗ്ദർ പങ്കുവയ്ക്കുന്ന ചില മാർഗ്ഗങ്ങളിതാ.

1 . കുഞ്ഞുനാളിലെ പരിശീലിപ്പിക്കാം

യുവത്വത്തിലേക്കു കടന്ന ഒരു കുട്ടി ഒരൊറ്റ ദിവസം കൊണ്ട് വലിയ ചുമതലാബോധമുള്ള മനുഷ്യനാകും എന്ന് പ്രത്യാശിക്കാനാകില്ല. ചുട്ടയിലേ ശീലിപ്പിക്കേണ്ടത് അവശ്യമാണ്. കോളേജ് കഴിഞ്ഞു വിശന്നു വീട്ടിലെത്തിയ മകനോ/മകളോ ഫ്രിഡ്ജിലിരിക്കുന്ന ദോശമാവെടുത്തു ചുട്ടു കഴിക്കാൻ, ജോലിക്കു പോയ അമ്മ വരാൻ കാത്തിരിക്കുന്ന അവസ്ഥ ജനിപ്പിക്കാതിരിക്കാം.

2. ഒഴിവു ദിവസങ്ങളിൽ നിങ്ങളെ സഹായിക്കുവാൻ മക്കളെ സ്വാഗതം ചെയ്യാം

ചിരിച്ചുകൊണ്ട് സ്നേഹപൂർവ്വം മക്കളെ നിങ്ങളോടൊപ്പം ജോലികളിൽ ഏർപ്പെടാൻ ക്ഷണിക്കാവുന്നതാണ്. തുടക്കത്തിൽ അവർ ചിലപ്പോൾ തെറ്റായി ചെയ്തെന്നു വരാം, അല്ലെങ്കിൽ കൂടുതൽ സമയമെടുത്തെന്നു വരാം. എങ്കിലും അതെല്ലാം നല്ലൊരു നാളേക്കുവേണ്ടിയുള്ള കാത്തിരിപ്പിന്റെ സുഗന്ധം മക്കളുടെയും നമ്മുടെയും ജീവിതത്തിൽ പങ്കുവയ്ക്കാനാണെന്നുള്ള പ്രത്യാശയിൽ ക്ഷമയോടെ നിലകൊള്ളാം. തങ്ങൾ വിലയുള്ളവരാണെന്നുള്ള ബോധ്യം മക്കളിൽ ഉളവാക്കാൻ ഇത്തരത്തിലുള്ള സമീപനങ്ങളിലൂടെ സാധിക്കും എന്നാണ്  സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ റസ്കിൻ അഭിപ്രായപ്പെടുന്നത്. സ്വയം പര്യാപ്തത നേടാൻ മക്കൾ പഠിക്കുകയും അങ്ങനെയുള്ള പ്രവർത്തികളിലൂടെ കുടുംബത്തിൽ തങ്ങൾക്കൊരു സ്ഥാനം ഉണ്ടെന്ന അവബോധം വളർത്തിയെടുക്കുവാൻ ഇത് കാരണമായിത്തീരുകയും ചെയ്യുന്നു.

3 . രീതികൾ പഠിപ്പിച്ചു കൊടുക്കാം 

കുഞ്ഞുങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ അവർക്കു ചെയ്യാവുന്ന ജോലികൾ വിവരിച്ചു കൊടുക്കാം. ആദ്യമായി ചെറിയ ജോലികൾ എങ്ങനെ ചെയ്തു തീർക്കാം എന്ന് കാണിച്ചു കൊടുക്കാം. വിശക്കുന്ന കുഞ്ഞ് ആപ്പിൾ ചോദിച്ചു വരുമ്പോൾ, ആപ്പിൾ ഇരിക്കുന്ന സ്ഥലം കാണിച്ചു കൊടുക്കാം. കഴുകി വൃത്തിയാക്കിയതിനു ശേഷമേ കഴിക്കാവൂ എന്ന് നിർദ്ദേശിച്ചു അത് പരിശീലിപ്പിക്കാം. മുഷിഞ്ഞ വസ്ത്രങ്ങൾ റൂമിൽ വലിച്ചെറിയുന്ന സ്വഭാവമുള്ള കുഞ്ഞിനെ മാറ്റിയെടുക്കേണ്ടത് നിങ്ങൾ തന്നെയാണ്. വസ്ത്രങ്ങൾ മുഷിഞ്ഞാൽ അവയെല്ലാം ഒരു കൃത്യസ്ഥാനത്തു ഒന്നിച്ചു വയ്ക്കണമെന്ന് പറഞ്ഞു കൊടുത്തു അവരെ ദിവസവും പരിശീലിപ്പിച്ചെടുക്കാം. അത് അവരുടെ ഉത്തരവാദിത്വമാണെന്ന് ഏറ്റുപറയുന്നതിലൂടെ തങ്ങൾ വലിയവരായി/ പ്രാപ്തയുള്ളവരായി എന്നുള്ള വ്യക്തിത്വ ബോധം നമുക്കു സൃഷ്ടിച്ചെടുക്കാം.

4. പ്രശംസിക്കാം; പ്രോത്സാഹിപ്പിക്കാം 

കുഞ്ഞുങ്ങൾ സഹായിക്കാൻ മനസ്സുള്ളവരാണ്. അവർ അതിൽ ഒത്തിരി ആനന്ദിക്കുകയും ചെയ്യുന്നു. ഒരു ജോലിയാണെന്നുള്ള ഭാരം അവർക്കു മനസ്സിൽ തോന്നുന്നില്ല എന്നത് തന്നെ അതിനുള്ള കാരണം. നാം നിർദ്ദേശിക്കുന്ന ചെറിയ ചെറിയ ചുമതലകൾ കൃത്യമായി ചെയ്തു വരുന്ന കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കാനും പോസിറ്റീവ് ഫീലിംഗ് മക്കളിൽ ജനിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കാം. “വളരെ നന്നായിക്കുന്നു” എന്ന് കേൾക്കുമ്പോൾ മുതിർന്നവരുടെ മനസ്സിൽ പോലും ആനന്ദം ജനിക്കുമെങ്കിൽ കുഞ്ഞുങ്ങൾക്ക് അത് ഒത്തിരി സന്തോഷം പകരുന്ന വാക്കുകളായിരിക്കും. ഇത്തരത്തിലുള്ള പ്രവർത്തി വഴി അവർക്കു ആത്‌മവിശാസം ലഭിക്കുകയും സ്കൂളുകളിലും മറ്റ് ഇടങ്ങളിലും ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുക്കുവാനും മുന്നോട്ടു വരുവാനും കാരണമാകും.

5. പ്രതീക്ഷകളെ നിയന്ത്രിക്കാം 

ജോലികൾ മക്കൾ ചെയ്തുവരുമ്പോൾ അതെല്ലാം പരിപൂർണമായി ശരിയായിക്കൊള്ളണം എന്ന് വാശി പിടിക്കാതിരിക്കാം. ഓവർ ആയി പ്രതീക്ഷകൾ വച്ച് പുലർത്തരുത് എന്ന് സാരം. ഉറങ്ങി എഴുന്നേറ്റു വരുന്ന 10 വയസായ കുഞ്ഞ്, ബെഡ് ഒതുക്കി ഇടുന്നതു അത്രയും ശരിയാകണമെന്നില്ല. അടുത്ത തവണ നമുക്ക് മാതൃക കാണിച്ചു കൊടുത്തു കൂടുതൽ നന്നായി എങ്ങനെ ചെയ്യാം എന്ന് പരിശീലിപ്പിക്കാം.

6. സമ്മാനങ്ങൾ ഒഴിവാക്കാം 

പ്രശംസിക്കാം,”ഞാൻ നിന്നിൽ അഭിമാനം കൊള്ളുന്നു” എന്ന് ഏറ്റുപറയാം. പക്ഷേ, സമ്മാനങ്ങളെ ലക്‌ഷ്യം വച്ചിട്ടാകരുത് മക്കൾ ചുമതലകൾ നിറവേറ്റുന്നത്. രാവിലെ എഴുന്നേറ്റു പല്ലുകൾ ബ്രഷ് ചെയ്യണം എന്നത് ഒരു ഉത്തരവാദിത്തമാണ്, പക്ഷേ അതിനായി സമ്മാനങ്ങള്‍ കരുതി വയ്ക്കുന്നത് നന്നല്ല. അവരുടെ ചുമതലകൾക്കപ്പുറം കൂടുതലായി എന്തെങ്കിലും ചെയ്യുന്ന പക്ഷം സമ്മാനങ്ങൾ വാഗ്ദാനം ചെയ്യാവുന്നതാണ്.

7. ചുമതലകൾ നിറവേറ്റാത്ത പക്ഷം വന്നു ചേരുന്ന പരിണിതഫലങ്ങൾ വിവരിക്കാം 

ഉത്തരവാദിത്വത്തിൽ നിന്ന് ഓടിയകന്നാൽ ഉണ്ടാക്കുന്ന അനന്തരഫലങ്ങൾ മക്കൾക്ക് വിവരിച്ചു കൊടുക്കാം. ദിവസവും പല്ലു തേയ്ക്കാതിരുന്നാൽ പല്ലുകൾ കേടുവന്ന്‍ നശിക്കുമെന്നും ഡോക്ടറെ കാണേണ്ടി വരുമെന്നുമുള്ള ബോധ്യം ഉളവാക്കാം. ഈ തിരിച്ചറിവുകൾ കൃത്യമായി ബോധപൂർവം ജോലികൾ ചെയ്തു തീർക്കുവാൻ മക്കളെ സഹായിക്കുന്നു.

നിരന്തരമായ പ്രയത്‌നത്തിലൂടെ നല്ല ചുമതലാബോധമുള്ള കുഞ്ഞുങ്ങളെ നമുക്ക് വളർത്തിയെടുക്കാം. നാളത്തെ ഉത്തമ വ്യക്തിത്വങ്ങളായി നാടിനും കുടുംബത്തിനും സമൂഹത്തിനും നന്മ വിതയ്ക്കുന്ന അർപ്പണബോധമുള്ള തലമുറയെ വാർത്തെടുക്കാൻ നമുക്കും പങ്കാളികളാകാം.

മിനു മഞ്ഞളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.