പ്രതിസന്ധികളില്‍ കുഞ്ഞുങ്ങളെ ശക്തരാക്കുവാന്‍ ചില കുറുക്കുവഴികള്‍

മിനു മഞ്ഞളി

ചെളി മൂടി കിടന്ന ആ പാടവരമ്പത്തുകൂടെ അമ്മയുടെ കയ്യും പിടിച്ച് കിങ്ങിണി നടന്നു പോയി. മൂക്ക് പൊത്തിപിടിച്ച് കണ്ണടച്ച് അവൾ വേഗത്തിൽ ഓടിയകന്നപ്പോൾ അമ്മയോട് ഇങ്ങനെ പറയുന്നുണ്ടായിരുന്നു. “അമ്മേ നമുക്കിനി ഈ വഴി വരണ്ടാട്ടോ..” ദിവസങ്ങൾ കടന്നു പോയി. വീണ്ടും കിങ്ങിണി ആ വഴിയിലൂടെ നടക്കാൻ ഇടവന്നു. ചെളികുണ്ടിലേക്കു നോക്കിയ അവളുടെ മുഖത്തിതാ പുഞ്ചിരിയും എന്തെന്നില്ലാത്ത സന്തോഷവും പൊട്ടിവിടരുന്നു. പണ്ട് കണ്ട ചെളിക്കുണ്ട് അവിടെ നിന്ന് അപ്രത്യക്ഷമായത് കൊണ്ടല്ല അവൾ പുഞ്ചിരിച്ചത്. ആ വൃത്തികേടായ ചീത്ത സാഹചര്യത്തിലും വിരിഞ്ഞു നിൽക്കുന്ന താമരയാണ് അവളുടെ കണ്ണിൽപെട്ടത്.

താമരപ്പൂവിനെ ഒന്ന് കാണുവാനും സ്വന്തമാക്കുവാനും സ്നേഹിക്കുവാനും കൊതിക്കുന്നവരല്ലേ നമ്മിൽ പലരും. ചെളിക്കുണ്ടിലാണ് താമര വിരിയുന്നത്. ലോകം മുഴുവൻ കൊതിക്കുന്ന താമരയ്ക്കു ജീവൻ തുടിക്കുന്നത് ആ ചെളികുണ്ടിലാണെങ്കിൽ സാഹചര്യങ്ങളെ പഴിചാരി രക്ഷപെടുന്ന നാം ഒന്ന് മാറി ചിന്തിക്കേണ്ടി വരില്ലേ? സാഹചര്യം എന്തുമായിക്കൊള്ളട്ടെ മനസ്സിൽ നന്മ അവശേഷിക്കുന്നുണ്ടെങ്കിൽ ദൈവവിശ്വാസം നിലനിൽക്കുന്നുണ്ടെങ്കിൽ ജീവിതവിജയം നേടാൻ നിഷ്പ്രയാസം സാധിക്കും. സാഹചര്യങ്ങളെ, പ്രതിസന്ധികളെ എല്ലാം അതിജീവിച്ചു മുന്നേറുവാൻ നമ്മുക്ക് സാധിക്കും. ഓരോ മനുഷ്യരിലും ഒളിഞ്ഞു കിടക്കുന്ന ആ അദൃശ്യ ദൈവികശക്തിയെ തിരിച്ചറിയണം എന്നുമാത്രം. കൂദാശകളിലൂടെ ദൈവം നമുക്കേകിയ പരിശുദ്ധാത്മാവിനോടൊപ്പം നടന്നു നീങ്ങുവാൻ സാധിക്കണം.

തളർന്നു പോകുന്ന നിമിഷങ്ങളിൽ ഈശോയോടൊപ്പം സാഹചര്യങ്ങളെ നേരിടുവാൻ മക്കളെ പരിശീലിപ്പിച്ചെടുക്കുവാൻ നമുക്കോരോരുത്തർക്കും കടമയുണ്ട്. അതിനായി ചില നല്ല ശീലങ്ങൾ നമുക്ക് കുഞ്ഞുങ്ങളോടൊപ്പം വളർത്തിയെടുക്കുവാൻ ശ്രമിക്കാം.

1. കുടുംബപ്രാർത്ഥനയ്ക്കായി ദിവസവും സമയം കണ്ടെത്തണം 

കുടുംബത്തിലെ എല്ലാവരും ഒന്നുചേർന്നുള്ള കുടുംബപ്രാർത്ഥനകൾക്കു മുടക്കം വരുത്താതിരിക്കാം. തിരക്കാണെങ്കിലും യാത്രയിലാണെങ്കിലും അതിനായി സമയം കണ്ടെത്തുന്നതിലൂടെ മക്കൾക്ക് നല്ലൊരു മാതൃക പകരാൻ സാധിക്കുന്നു. ജീവിതത്തിൽ മക്കൾ കണ്ടു വളരുന്ന രണ്ടു സുപ്രധാന വ്യക്തിത്വങ്ങളാണ് അവരുടെ അപ്പനും അമ്മയും. വിശ്വാസത്തിനു അപ്പനും അമ്മയും കൊടുക്കുന്ന പ്രാധാന്യം മക്കൾ ഒപ്പിയെടുക്കും എന്നതിൽ സംശയമില്ല.

2. വ്യക്തിപരമായ പ്രാർത്ഥനകൾ പ്രോത്സാഹിപ്പിക്കാം 

നല്ലൊരു സുഹൃത്തിനോടെന്നപോലെ ഈശോയുമായി സംസാരിക്കാൻ സമയം കണ്ടെത്താൻ മക്കളെ ഉത്ബോധിപ്പിക്കാം. ഞാനും എന്റെ ഈശോയും തമ്മിലുള്ള സ്നേഹസംഭാഷണം ആയി വ്യക്തിപരമായ പ്രാർത്ഥനയെ മക്കൾക്ക് പരിചയപ്പെടുത്താം. മനഃസാക്ഷിയിലൂടെ ഈശോ നമ്മോടു സംസാരിക്കുന്ന നിശബ്ദ നിമിഷങ്ങളെ ജീവിതത്തോട് ചേർത്ത് നിർത്തുവാൻ കുഞ്ഞുങ്ങളെ ശീലിപ്പിച്ചെടുക്കാം.

3. വിശുദ്ധരുടെ ജീവചരിത്രങ്ങൾ പരിചയപ്പെടുത്താം.

സാധാരണ ജീവിതങ്ങളിലൂടെ വിശുദ്ധിയുടെ പദവിയിലേക്ക് ഉയർത്തപ്പെട്ടവരുടെ ജീവചരിത്രങ്ങൾ മക്കൾക്ക് പരിചയപ്പെടുത്താം. ഒഴിവു ദിവസങ്ങളിൽ വിശുദ്ധരുടെ സ്ഥലങ്ങൾ സന്ദർശിക്കാനും മ്യൂസിയം പോലെ ഉള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും പ്ലാൻ ചെയ്യാവുന്നതാണ്. ജീവചരിത്ര പുസ്തകങ്ങൾ വായിക്കുവാനും അല്ലെങ്കിൽ വിശുദ്ധരുടെ  ഡോക്യൂമെന്ററി പോലെ ഉള്ള വീഡിയോകൾ കാണുവാനും മക്കളോടൊപ്പം സമയം കണ്ടെത്തുന്നത് നല്ലതാണ്. വിശ്വാസത്തെ ജീവിതത്തോട് എങ്ങനെ ചേർത്ത് നിർത്താം, പ്രതിസന്ധിഘട്ടങ്ങളെ ഈശോയോടൊപ്പം എങ്ങനെ അതിജീവിക്കാം എന്ന് തുടങ്ങി അനവധി പാഠങ്ങൾ പഠിക്കുവാൻ മക്കൾക്ക് ഇവയെല്ലാം സഹായകമാണ്.

4. ഞായറാഴ്ച ഒരു കുടുംബമായി വിശുദ്ധകുർബാനയിൽ പങ്കുകൊള്ളാം.

മക്കളോടൊപ്പം വിശുദ്ധകുർബാനയിൽ സംബന്ധിക്കുന്നത് അനവധി പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കും. എന്റെ കുഞ്ഞ് ഇന്ന്  ഒരു കത്തോലിക്കനായി ജീവിക്കുന്നില്ലെന്നു പറഞ്ഞു നൊന്തുകരയുന്ന മാതാപിതാക്കൾ ചിന്തിക്കണം. എന്റെ മകന്റെയോ മകളുടെയോ വിശ്വാസം വളർത്തിയെടുക്കാൻ ഞാൻ എന്തു പ്രയത്‌നമാണ് ചെയ്തിരിക്കുന്നത്? ഒരു ക്രിസ്തുമസ്സിലോ ഈസ്റ്ററിലോ മാത്രം ഒതുങ്ങി നിൽക്കുന്ന വിശ്വാസമാകരുത് നമ്മുടെയും കുടുംബത്തിന്റെയും. ആഴ്ചകളിൽ ഒരിക്കലെങ്കിലും ഒന്നിച്ചു ഈശോയ്ക്ക് ബലിയർപ്പിക്കാൻ നമുക്ക് സാധിക്കട്ടെ.

5. ഞായറാഴ്ച കുർബാനയ്ക്കു ശേഷം ഇടവകയിൽ സമയം ചിലവിടാം

ഇടവകയിലെ നല്ല വ്യക്തിത്വങ്ങൾ പലതരത്തിൽ മക്കളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. വിശുദ്ധ കുർബാനയ്ക്കു ശേഷം നമ്മുടെ ഇടവകയോടൊപ്പം ഒരു കുടുംബമെന്നോണം സമയം ചിലവിടാം. പാരിഷ് ലൈബ്രറിയിൽ അംഗത്വമെടുക്കുവാൻ മക്കളെ പ്രോത്സാഹിപ്പിക്കാം. സംഘടനകളിൽ പ്രവർത്തിക്കുവാനും നാടിനും സമൂഹത്തിനും ഉപകരിക്കുന്ന ഉത്തമ വ്യക്തിത്വങ്ങളായി മക്കളെ വാർത്തെടുക്കുവാനും നമുക്ക് കഴിയട്ടെ.

മിനു മഞ്ഞളി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.