കുട്ടികളുടെ സുരക്ഷ

കുട്ടികളുടെ സുരക്ഷയെപ്പറ്റി അവർക്ക് മനസിലാകുന്ന വിധത്തിൽ പറഞ്ഞുകൊടുക്കാൻ പറ്റിയ ചില മുൻകരുതലുകൾ…

1. എന്റെ ശരീരത്തിന്റെ അധികാരം എനിക്കാണ്

ഓരോരുത്തരുടെയും ശരീരത്തിന്റെ അധികാരം അവരവർക്കു തന്നെയാണ് എന്നും ഒരു പരിധിക്കപ്പുറം തങ്ങളെ ഓമനിക്കാൻ അപരിചിതരായവരെ അനുവദിക്കാതിരിക്കുക എന്നും ആദ്യമേ തന്നെ കുട്ടികളെ പറഞ്ഞു മനസിലാക്കുക. അവരുടെ ശരീരത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും അപരിചിതർ ഓമനിക്കുന്നതിലെ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള പരിശീലനം കുട്ടികള്‍ക്ക് നല്‍കേണ്ടതും മാതാപിതാക്കളുടെ കടമയാണ്. അസ്വസ്ഥത തോന്നുന്ന തരത്തിലുള്ള സ്പര്‍ശനങ്ങളെ തിരിച്ചറിയാനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കുക. മറ്റുള്ളവര്‍ക്ക് സ്പർശിക്കാൻ അനുവാദമുള്ളതും ഇല്ലാത്തതുമായ ശരീരഭാഗങ്ങളെക്കുറിച്ച് അവര്‍ ബോധമുള്ളവരാകട്ടെ. നല്ലതും ചീത്തയുമായ സ്പര്‍ശനങ്ങൾ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും രക്ഷിതാക്കള്‍ കുട്ടികളെ പ്രാപ്തരാക്കണം.

2. എവിടെയെങ്കിലും പോകുന്നതിനു മുന്‍പ് മാതാപിതാക്കളോട് അനുവാദം ചോദിക്കാൻ പരിശീലിപ്പിക്കുക  

എവിടെയെങ്കിലും എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പുറത്തു പോകേണ്ടി വന്നാല്‍ നിര്‍ബന്ധമായും രക്ഷിതാക്കളുടെ അനുവാദം വാങ്ങണമെന്ന് മക്കൾക്ക് പറഞ്ഞുകൊടുക്കുക. അവര്‍ പോകുന്ന സ്ഥലത്തെക്കുറിച്ചും അതിന്റെ സുരക്ഷയെക്കുറിച്ചും ഇതുവഴി രക്ഷിതാക്കള്‍ക്ക് വ്യക്തമായ ഒരു ധാരണ ലഭിക്കും. അവർ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലം സുരക്ഷിതമല്ല എന്ന് അറിഞ്ഞാല്‍, അതിന്റെ യഥാർത്ഥ കാരണം മനസിലാക്കിക്കൊടുത്തു കൊണ്ട് അവരെ അതിൽ നിന്ന് വിലക്കുകയുമാവാം.

3. വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക 

അച്ഛന്റെ പേര്, അമ്മയുടെ പേര്, അവരുടെ ജോലി, സ്വന്തം സഹോദരങ്ങൾ, വീട്ടിലെ അഡ്രസ്, ഫോൺ നമ്പർ, വീടിരിക്കുന്ന സ്ഥലം, വീടിനടുത്ത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന അടയാളങ്ങൾ എന്നിവയൊക്കെ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുക.

4. സഹായം ആവശ്യപ്പെടേണ്ടത് എങ്ങനെ?

അപകടകരമായ ഒരു സാഹചര്യത്തില്‍ അകപ്പെട്ടാല്‍ എങ്ങനെയാണ് മറ്റുള്ളവരോട് സഹായം ചോദിക്കേണ്ടതെന്ന് കുട്ടികളെ പഠിപ്പിക്കുക. കാരണം, തെറ്റായ വ്യക്തികളെയാണ് സഹായത്തിന് സമീപിക്കുന്നതെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നയിക്കാനിടയാകും. സമീപത്ത് കുട്ടികളുമായി നില്‍ക്കുന്ന അമ്മമാരോട് വേണം സഹായം ചോദിക്കേണ്ടതെന്നും കൂടാതെ പൊലീസുകാരോടും സഹായം ചോദിക്കാമെന്നും കുട്ടികളോട് പറയുക. കാറിലും മറ്റു വാഹനങ്ങളിലും എത്തുന്നവരോട് സഹായം ചോദിക്കരുതെന്നും അഥവാ അവര്‍ സഹായം വാഗ്ദാനം ചെയ്താല്‍ അത് നിരസിച്ച് അവിടെ നിന്ന് രക്ഷപ്പെടാനുള്ള പരിശീലനവും കുട്ടികള്‍ക്ക് നല്‍കുക.

5. അവസരോചിതമായി പ്രതികരിക്കാന്‍ പരിശീലിപ്പിക്കുക 

അവസരങ്ങള്‍ക്കനുസരിച്ച് വിനയവും മര്യാദയും പാലിക്കാനും തെറ്റെന്നു തോന്നുന്ന അവസരങ്ങളില്‍ ശക്തമായി പ്രതികരിക്കാനുള്ള ധൈര്യവും കുട്ടികള്‍ക്ക് നല്‍കുക. പ്രതികരണം എങ്ങനെയുമാകാം, ഉറക്കെ കരഞ്ഞോ, ഓടിമാറിയോ എങ്ങനെ വേണമെങ്കിലും പ്രതികരിക്കാം. അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളെ ധൈര്യത്തോടെ കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടത് ആവശ്യമാണ്.

6. ശരീരത്തിന്റെ സ്വകാര്യതകളെ സൂക്ഷിക്കാന്‍ പഠിപ്പിക്കുക 

സ്വന്തം ശരീരത്തെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങളില്‍ നിന്ന് മാതാപിതാക്കള്‍ ഒഴിഞ്ഞുമാറരുത്. അതൊരു ചീത്ത വിഷയമാണെന്നും അതിനെക്കുറിച്ച് സംസാരിക്കാന്‍ പാടില്ലെന്നുമുള്ള തോന്നല്‍ കുട്ടികളില്‍ സൃഷ്ടിക്കാന്‍ ഈ ഒഴിഞ്ഞുമാറൽ കാരണമാകും. സ്വകാര്യതകളെ എങ്ങനെ സൂക്ഷിക്കണമെന്ന കാര്യം തീര്‍ച്ചയായും കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

7. കൂട്ടം തെറ്റിപ്പോയാല്‍ എന്തു ചെയ്യണം?

കൂട്ടം തെറ്റിപ്പോയാല്‍ മറ്റാരുടെയും കൂടെ പോകാതെ കുഞ്ഞുങ്ങളുമായി നില്‍ക്കുന്ന അമ്മമാരുടെ അടുത്തോ, പോലീസുകാരുടെ അടുത്തോ പോയി കാര്യം പറയുകയും  സഹായിക്കും അഭ്യർത്ഥിക്കുകയും ചെയ്യാൻ പറയുക.

8. അപരിചിതരോട് ‘നോ’ പറയുക 

ഒരു പരിധിയില്‍ കൂടുതല്‍ ആരുമായും കൂട്ടു കൂടാതിരിക്കാൻ മക്കൾക്ക് പറഞ്ഞുകൊടുക്കുക. മറ്റൊരാൾ പറയുന്ന ഒരു കാര്യം ഇഷ്ടമായില്ല/ ശരിയല്ല എന്നു തോന്നിയാല്‍ അപ്പോള്‍ തന്നെ അതിനോട് ‘നോ’ പറയാന്‍ അവരെ ശീലിപ്പിക്കുക.

9. സുരക്ഷിതമല്ല എന്ന തോന്നല്‍

മുതിരുന്നതു വരെ ഒരിടത്തും ഒറ്റയ്ക്ക് പോകാൻ കുട്ടികളെ അനുവദിക്കരുത്. അങ്ങനെ പോകേണ്ട ഒരു സാഹചര്യം വന്നാൽ കൂട്ടുകാരുടെ ഒപ്പം മാത്രമേ പോകാൻ അനുവദിക്കാവൂ. അയല്‍പക്കത്തെ കുട്ടികള്‍ക്കൊപ്പം കളിച്ചാലും ഇടയ്ക്കൊക്കെ മാതാപിതാക്കളുടെ ഒരു ശ്രദ്ധ അവിടെയും ആവശ്യമാണ്. വീട്ടിലെത്തുന്ന അപരിചിതരുടെ അടുത്ത് ഒരിക്കലും ഒറ്റയ്ക്ക് പോകാനോ, സംസാരിക്കാനോ അനുവദിക്കരുത്.

10. ഒരു കാര്യവും മറച്ചുവയ്ക്കാതിരിക്കുക 

വീട്ടിൽ എല്ലാവരുമായും അന്നന്നത്തെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക. അവർക്കു പറയാനുള്ളത്, തിരക്കാണെങ്കിൽ കൂടിയും കേൾക്കാനുള്ള മനസ് മാതാപിതാക്കൾ കാണിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.