പാരാലിമ്പിക്സില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ

ആഗസ്റ്റ് 24 -ന് ജപ്പാനില്‍ ആരംഭിച്ച പാരാലിമ്പിക്സ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങള്‍ക്കുമായി ഫ്രാന്‍സിസ് പാപ്പാ ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ചു. പ്രതീക്ഷയുടെയും ധൈര്യത്തിന്റെയും സാക്ഷ്യമാണ് കായികതാരങ്ങള്‍ എല്ലാവര്‍ക്കും നല്‍കുന്നതെന്ന് പാപ്പാ തന്റെ സന്ദേശത്തില്‍ കുറിച്ചു.

സാധാരണ രീതിയില്‍ അസാദ്ധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും തങ്ങളുടെ ഇശ്ചാശക്തിയാലും കായികമായ കാര്യങ്ങളിലുള്ള ആത്മാര്‍ത്ഥമായ സമര്‍പ്പണം മൂലവും കായികതാരങ്ങള്‍ തരണം ചെയ്യുന്നതിലെ സാക്ഷ്യത്തെക്കുറിച്ച് ആഗസ്റ്റ് 25 ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ചാ വേളയിലും പരിശുദ്ധ പിതാവ് സംസാരിച്ചിരുന്നു.

ആഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് ഇത്തവണ ജപ്പാനില്‍ വച്ച് പാരാലിമ്പിക്സ് മത്സരങ്ങള്‍ നടക്കുന്നത്. 2020 ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 6 വരെയായിരുന്നു ഈ മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് മഹാമാരി മൂലമുണ്ടായ അസൗകര്യങ്ങള്‍ പരിഗണിച്ച് മത്സരങ്ങള്‍ മാറ്റിവയ്ക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഒളിംപിക്‌സ് മത്സരങ്ങള്‍ പോലെ കാണികളുടെ അസാന്നിധ്യത്തിലാണ് ഇത്തവണ പാരാലിമ്പിക്സ് മത്സരങ്ങളും നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.