ഫ്രാന്‍സിസ് പാപ്പ വിശുദ്ധ അഗസ്റ്റിന്റെ ബസിലിക്ക സന്ദര്‍ശിച്ചു

വി. അഗസ്റ്റിന്റെ അമ്മയും പുണ്യവതിയുമായ മോനിക്കയുടെ തിരുനാള്‍ ദിനമായ ആഗസ്റ്റ് 27- ാം തീയതി വ്യാഴാഴ്ച രാവിലെ ഫ്രാന്‍സിസ് പാപ്പാ, റോമില്‍ വി. അഗസ്റ്റിന്റെ നാമത്തിലുള്ള ബസിലിക്ക സന്ദര്‍ശിച്ചതായി വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി മത്തയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു. ആഗസ്റ്റ് 27, 28 തീയതികളിലാണ് യഥാക്രമം ഈ അമ്മയുടെയും മകന്റെയും അനുസ്മരണം സന്ധിക്കുന്നത്.

വത്തിക്കാനില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള വി. അഗസ്റ്റിന്റെ ബസിലിക്കയില്‍ കാറിലെത്തിയ പാപ്പായെ ബസിലിക്കയുടെ സൂക്ഷിപ്പുകാരായ ഏതാനും അഗസ്തീനിയന്‍ സന്യാസികള്‍ ചേര്‍ന്ന് സ്വീകരിച്ചു. താമസിയാതെ തന്നെ ദേവാലയത്തില്‍ പ്രവേശിച്ച പാപ്പാ, പരിശുദ്ധ കുര്‍ബാനയുടെ മുന്നില്‍ ഏതാനും നിമിഷങ്ങള്‍ നമ്രശിരസ്‌ക്കനായി നിന്നു പ്രാര്‍ത്ഥിച്ചശേഷം പാര്‍ശ്വത്തിലുള്ള വി. മോനിക്കയുടെ ഭൗതികശേഷിപ്പുകളുടെ ചെറിയ അള്‍ത്താരയ്ക്കു മുന്നിലുള്ള ഇരിപ്പിടത്തില്‍ ഉപവിഷ്ടനായി. ഏകദേശം 10 മിനിറ്റിലധികം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച ശേഷമാണ് പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങിയത്.

മോനിക്കാ പുണ്യവതിയുടെ ഭൗതികശേഷിപ്പുകളുടെ അള്‍ത്താരയില്‍ പാപ്പാ പ്രാര്‍ത്ഥിക്കുവാനെന്‍ എത്തുന്നത് ഇത് ആദ്യമായിട്ടല്ല. 2018 ആഗസ്റ്റില്‍, അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ നടന്ന രാജ്യാന്തര കത്തോലിക്ക കുടുംബസംഗമത്തില്‍ പങ്കെടുത്തു മടങ്ങിയ പാപ്പാ, റോമില്‍ വിമാനമിറങ്ങിയശേഷം വത്തിക്കാനിലേയ്ക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെ ആദ്യം മേരി മേജര്‍ ബസിലിക്കയില്‍ ഇറങ്ങി ദൈവമാതാവിന്റെ അള്‍ത്താരയില്‍ പ്രാര്‍ത്ഥിച്ചു. പിന്നെയും നാലു കിലോമീറ്റര്‍ സഞ്ചരിച്ച് വി. അഗസ്റ്റിന്റെ ബസിലിക്കയിലും എത്തി. അമ്മ, വിശുദ്ധ മോനിക്കയുടെ അള്‍ത്താരയിലും പ്രാര്‍ത്ഥിച്ചശേഷമാണ് വത്തിക്കാനിലേയ്ക്കു മടങ്ങിയത്.

പാപ്പാ സ്ഥാനം ഏറ്റെടുക്കുന്നതിനുമുമ്പ്, ഒരു കര്‍ദ്ദിനാള്‍ ആയിരിക്കെ വത്തിക്കാനിലേയ്ക്ക് അര്‍ജന്റീനയില്‍ നിന്നും നടത്തിയ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള വരവിനിടെ പതിവായി പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള വത്തിക്കാന്റെ മന്ദിരത്തില്‍ (Domus Paulus VI Internationalis) താമസിക്കാറുള്ള കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ (ഇപ്പോള്‍ പാപ്പാ ഫ്രാന്‍സിസ്) വി. മോനിക്കയുടെ പൂജ്യശേഷിപ്പുകളുടെ അള്‍ത്താര സ്വകാര്യമായി സന്ദര്‍ശിച്ച് അവിടെയിരുന്ന് ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുന്നത് കണ്ടിട്ടുള്ളതായി സ്ഥലത്തെ അഗസ്തീനിയന്‍ സന്യാസികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.