കാലത്തെ അതിജീവിക്കുന്ന ‘പന്ത്രണ്ട്’

ലിയോ തദേവൂസ് സംവിധാനം ചെയ്ത, വിക്റ്റര്‍ അബ്രഹാം നിര്‍മ്മിച്ച, സ്കൈ പാസ് എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന മലയാള ആക്ഷന്‍ സിനിമയാണ് ‘പന്ത്രണ്ട്.’ ശക്തമായ കഥയും വിസ്മയകരമായ അഭിനയവും കാലത്തെ അതിജീവിക്കുന്ന ദൃശ്യ ഭാഷയും ഈ സിനിമയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകങ്ങളാണ്.

അസാധാരണമായ കരുത്തുള്ള കഥാപാത്രങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന സിനിമയാണ് പന്ത്രണ്ട്. ബൈബിള്‍, പുതിയനിയമത്തിലെ പ്രധാനപ്പെട്ട വ്യക്തികളൊക്കെ വേഷം മാറി കേരളത്തിലെ കടല്‍പ്പുറത്തെത്തുന്ന കാഴ്ച നമ്മൾ  കാണുന്നു. ക്രിസ്തുവും പത്രോസും അന്ത്രയോസും യൂദാസും പീലാത്തോസും എല്ലാം ഇവിടെയുണ്ട്. എല്ലാവര്‍ക്കും അവരവരുടേതായ സ്ഥലവും സ്ഥാനവും ഈ സിനിമയിലുണ്ട്.

നടനവിസ്മയങ്ങളായി മാറുകയാണ് ഇതിലെ ഓരോ അഭിനേതാവും. വിനായകനും ലാലും ഷൈന്‍ ടോം ചാക്കോയും ദേവ് മോഹനും മറ്റ് അഭിനേതാക്കളും ഗംഭീരപ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ ആരാണ് കൂടുതല്‍ മികച്ചുനില്‍ക്കുന്നത് എന്ന് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം അത്രമേല്‍ മനോഹരമായിട്ടാണ് ഓരോരുത്തരും താന്താങ്ങളുടെ ഭാഗം അഭിനയിച്ചിരിക്കുന്നത്.

കടല്‍ ഒരു കഥാപാത്രവും കരുത്തുമായി മാറുകയാണ് പന്ത്രണ്ടില്‍. കാണപ്പെടുന്ന കടല്‍ മാത്രമല്ല ഈ സിനിമയിലുള്ളത്. ഓരോ കഥാപാത്രത്തിന്റെയും ഉള്ളിലും കടലാണ്. അലറിമറിയുന്ന ആ കടല്‍, എമ്മാനുവേല്‍ എന്ന പ്രധാന കഥാപാത്രത്തിന്റെ സാന്നിധ്യത്തില്‍ ശാന്തമാവുകയാണ്. കടലിന്റെ കനിവും രൗദ്രതയും ഒരുപോലെ ഈ സിനിമ ദൃശ്യവത്ക്കരിക്കുന്നുണ്ട്.

ഇതിലെ ആക്ഷന്‍-സംഘട്ടനരംഗങ്ങള്‍ ദൃശ്യഭംഗിയുടെ മകുടോദാഹരണങ്ങളാണ്. ആരും കണ്ടിരുന്നുപോകുന്ന രംഗങ്ങളാണ് അതൊക്കെ. സംഘട്ടനരംഗങ്ങളുടെ കൈയ്യടക്കവും സംഗീതവും പ്രത്യേകം എടുത്തുപറയേണ്ട കാര്യങ്ങളാണ്.

അര്‍ത്ഥവത്തായ സംഭാഷണങ്ങളാല്‍ സമ്പന്നമാണ് ഈ സിനിമ. ഇരുട്ടത്തു നടന്നുപോകുന്ന പത്രുവിനോട്, ‘ടോര്‍ച്ച് കൊണ്ടു നടന്നുകൂടേ’ എന്ന് എമ്മാനുവേല്‍ ചോദിക്കുന്ന ഒരു ഭാഗമുണ്ട് പന്ത്രണ്ടില്‍. “ഇത്രയും കാലം വെളിച്ചമില്ലാതെയായിരുന്നു നടന്നത്; ഇനിയും അങ്ങനെ മതി” എന്ന രീതിയില്‍ പത്രു അതിനു മറുപടി പറയുന്നുണ്ട്. അങ്ങനെയുള്ള അനേക സംഭാഷണങ്ങളാല്‍ സമ്പന്നമാണ് ഈ ചലച്ചിത്രം.

ബൈബിള്‍ അറിയാവുന്ന ഒരാള്‍ക്ക്, ഇതെല്ലാം ബൈബിളില്‍ ഉള്ളതാണല്ലോ എന്നു തോന്നിപ്പോകും. അത്രമാത്രം ബിബ്ലിക്കല്‍ ഇമേജറികളാല്‍ പന്ത്രണ്ട് നിറഞ്ഞിരിക്കുന്നു. പന്ത്രണ്ട് എന്ന പേര് മുതല്‍, പോലിസ് സൂപ്രണ്ട് പോള്‍ എന്ന നെയിംബോര്‍ഡ് ഉള്‍പ്പെടെ ബിബ്ലിക്കല്‍ ഇമേജറികളാണ്.

ലിയോ തദേവൂസാണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും. സിനിമ, സംവിധായകന്റെ കലയാണ് എന്ന ആശയം ഈ സിനിമ പൂര്‍ത്തീകരിക്കുന്നു. ഇരുത്തം വന്ന ഒരു ചലച്ചിത്രകാരന്റെ ചലച്ചിത്രഭാഷയും ആവിഷ്‌ക്കാരവുമാണ് പന്ത്രണ്ട് എന്ന് നിസ്സംശയം പറയാം. പ്രൊഫസര്‍ ലോയിഡ് ബോയുടെ ‘ഇമേജിംഗ് ദ ഡിവൈന്‍’ (Imaging the Divine) എന്ന ഒരു പുസ്തകമുണ്ട്. അതില്‍ ക്രൈസ്റ്റ് ഇമേജ് മൂവീസ് എന്ന ഒരു വിഭാഗത്തെക്കുറിച്ച് പറയുന്നുണ്ട്. സിനിമയിലെ നായകനോ, നായികയോ ക്രിസ്തുവിന്റെ പ്രതിബിംബമായി മാറുന്ന സിനിമകളെയാണ് അദ്ദേഹം ‘ക്രൈസ്റ്റ് ഇമേജ് മൂവീസ്’ എന്ന വിഭാഗത്തില്‍പെടുത്തുന്നത്. ആ ഗണത്തില്‍പെടുത്താവുന്ന എല്ലാ ഗുണഗണങ്ങളുമുള്ള സിനിമയാണ് പന്ത്രണ്ട്.

കാലത്തെയും ദേശത്തെയും ഈ സിനിമ അതിജീവിക്കുമെന്നത് തീര്‍ച്ചയാണ്. ഈ സിനിമയ്ക്കു മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച കലാകാരന്മാര്‍ എത്താത്ത ഇടങ്ങളിലും ദേശങ്ങളിലും കാലങ്ങളിലും ഈ സിനിമ എത്തപ്പെടും. ഒരു ചെറിയ സംശയം മാത്രമേയുള്ളൂ. കേരളം പോലുള്ള ഒരു ചെറിയ കാന്‍വാസില്‍ വരയ്‌ക്കേണ്ട ചിത്രമായിരുന്നോ പന്ത്രണ്ട്; ഹോളിവുഡ് പോലുള്ള വിശാലമായ ചലച്ചിത്രലോകത്ത് സംഭവിക്കേണ്ടതായിരുന്നില്ലേ പന്ത്രണ്ട്!

സിദ്ധാര്‍ഥ് സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.