ഈ പകർച്ചവ്യാധിയിൽ നാം സ്വായത്തമാക്കേണ്ട ചില ശീലങ്ങൾ

പകർച്ചവ്യാധിയുടെ ഈ നാളുകളിലൂടെ നാം കടന്നുപോകുമ്പോൾ, നമ്മുടെ ജീവിതത്തിൽ ചില നല്ല ശീലങ്ങൾ വളർത്തുവാനുള്ള അവസരവും ഈ നാളുകളിലൂടെ നമുക്ക് ലഭിക്കുന്നു. ഇപ്പോഴേ അവ പരിശീലിച്ചാൽ പിന്നീട് നമ്മുടെ ജീവിതത്തിൽ അവ പ്രയോജനപ്രദമാകും. അവ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. അയൽക്കാരോടുള്ള ഊഷ്മളബന്ധം

ജോലിയുടെയും മറ്റ് ജീവിത തിരക്കുകളിലും ആയിരിക്കുന്നവർക്ക് ഈ കോവിഡ് കാലഘട്ടം വളരെ വ്യത്യസ്തമാണ്. കുടുംബത്തോടൊപ്പം ചെലവഴിക്കാനും അയൽക്കാരോട് കൂടുതൽ സൗഹൃദം സ്ഥാപിക്കാനുമുള്ള അവസരം. അതിനാൽ, ഈ സമയങ്ങളെല്ലാം ഊഷ്മളമായ നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള അവസരമാക്കി മാറ്റുക. അത് ജീവിതത്തെ കൂടുതൽ മനോഹരമാക്കാൻ സഹായിക്കും.

2. ശാരീരികവ്യായാമത്തിനായി കൂടുതൽ സമയം ചെലവഴിക്കുക

ഇപ്പോൾ ഒരുപാട് സമയം ലഭിക്കുന്നതിനാൽ ശാരീരികവ്യായാമത്തിനായി അല്പം കൂടുതല്‍ സമയം വിനിയോഗിക്കുക. അത് നല്ല ആരോഗ്യം ലഭിക്കുന്നതിന് നമ്മെ സഹായിക്കും. മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, രക്തസമ്മർദ്ദം ഇവയ്ക്കെല്ലാം ഒരുപരിധി വരെ ഇതിലൂടെ പരിഹാരം ലഭിക്കുന്നു.

3. വായനാശീലം വർദ്ധിപ്പിക്കുക

വായനാശീലം വർദ്ധിപ്പിക്കുവാൻ പറ്റിയ സമയമാണ് ഈ കൊറോണ കാലഘട്ടം. മുഴുവൻ സമയവും ടിവിയുടെയും മൊബൈലിന്റെയും മുമ്പിൽ ചെലവഴിക്കാതെ, ആ സമയം പ്രയോജനപ്രദമായ കാര്യങ്ങള്‍ക്കായി നീക്കിവച്ചാല്‍ അത് ഭാവിയിൽ ഉപകാരപ്പെടും. അറിവ് നൽകുന്നതും സ്വഭാവരൂപീകരണത്തിനുതകുന്നതുമായ പുസ്തകങ്ങള്‍ നമ്മുടെ സ്വഭാവത്തെ തന്നെ രൂപവത്കരിക്കുവാന്‍ സഹായമാകും.

4. നന്ദിയുടെ മനോഭാവം വളർത്തുക

നിരവധിയായ നന്മകൾ ഓരോ ദിവസവും പലരിൽ നിന്നും സ്വീകരിക്കുന്ന വ്യക്തികളാണ് നമ്മൾ. എന്നാൽ, അവയെക്കുറിച്ച് നന്ദിയോടെയുള്ള മനോഭാവം പുലർത്തേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം ദൈവം നൽകിയ നന്മകളെ ഓര്‍ക്കുവാനും നന്ദിപറയാനുമുള്ള അവസരവും കൂടിയാണിത്. കിട്ടുന്നില്ല എന്നുള്ള പരാതിയില്ല നമ്മെ നയിക്കേണ്ടത്, മറിച്ച് ലഭിച്ചവയെക്കുറിച്ച് നന്ദി പറയുന്ന മനോഭാവമാണ് നാം വളർത്തേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.