കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ ലോകത്ത് ക്രിസ്തീയ പീഡനങ്ങൾ വർദ്ധിക്കുന്നു

കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ മറവിൽ ക്രൈസ്തവർക്കെതിരെ ഉള്ള പീഡനങ്ങൾ ലോകരാജ്യങ്ങളിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 23 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ പൊന്തിഫിക്കൽ ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

നവംബർ 25 -നാണ് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന പുതിയ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഈ റിപ്പോർട്ട് പ്രകാരം ക്രൈസ്തവരായ ആളുകളെ സർക്കാരോ സർക്കാർ ഇതര സംഘടനകളോ തട്ടികൊണ്ട് പോവുകയും അന്യായമായി തടങ്കലിൽ വയ്ക്കുകയും ചെയ്യുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും ചില പ്രത്യേക മത വിഭാഗത്തിലെ തീവ്രവിശ്വാസികൾ ക്രൈസ്തവരെ പീഡനങ്ങൾക്കു ഇരയാക്കുകയും അവരെ സപ്പോർട്ട് ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൂടാതെ ന്യൂനപക്ഷങ്ങളിലെ വിശ്വാസികളായ അംഗങ്ങളെ അന്യായമായി തടങ്കലിൽ വെയ്ക്കുന്ന ഭരണകർത്താക്കളുടെ സാന്നിധ്യവും അസ്വസ്ഥത സൃഷ്ടിക്കുന്നു. ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങൾ നടക്കുന്ന 50 രാജ്യങ്ങളിൽ ഓരോ മാസവും ശരാശരി 309 ക്രിസ്ത്യാനികളെ അന്യായമായി തടവിലാക്കുന്നുണ്ട്. ആയിരത്തിലധികം പേരെ തട്ടിക്കൊണ്ടുപോകുന്നു. ജയിലുകളിൽ അവർ ക്രൂരമായ മർദ്ദനങ്ങൾക്കു ഇരയാകുന്നു എന്ന് ഓപ്പൺ ഡോർസ് റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി സംഘടന ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധയെ തുടർന്ന് ജയിലുകളിൽ നിന്ന് മോചിപ്പിക്കുന്ന തടവുകാരുടെ കാര്യത്തിലും ക്രൈസ്തവർ വിവേചനം നേരിടുന്നു. പലപ്പോഴും മറ്റു മതവിശ്വാസികളെ ജയിൽ മോചിതരാക്കുകയും നിരപരാധികളായ ക്രൈസ്തവരെ ജയിലിൽ തുടരുവാൻ വിടുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് ക്രൈസ്തവ ആരാധനാലയങ്ങൾ അടച്ചിടുകയും ഓൺലൈൻ കുര്‍ബാനകൾ നടത്തുകയും ചെയ്തു. ഈ സമയം ദൈവാലയങ്ങൾക്കു മേലുള്ള നിരീക്ഷണങ്ങൾ വര്‍ദ്ധിച്ചു എന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. കൂടാതെ തീവ്രവാദികളും ഈ ലോക് ഡൌൺ നാളുകളിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വര്‍ദ്ധിപ്പിച്ചതായും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.