വീട്ടില്‍ ഇരുന്നൊരു ഓശാന

അനിത
അനിത

ഓശാന വിളികളുടെ ആരവങ്ങള്‍ ഇല്ലാത്ത, കുരുത്തോല പ്രദക്ഷിണങ്ങള്‍ ഇല്ലാത്ത ഓശാന ഞായര്‍. അന്ന് ഈശോ ജെറുസലേമിലേക്ക് കടന്ന് വരുന്നത് വലിയൊരു ജനാവലിയുടെ അകമ്പടിയോടുകൂടി ആണ്. അവന്‍ ജെറുസലേമിലേക്ക് ആരവത്തോടുകൂടി വന്നത് നമ്മളെ എല്ലാം രക്ഷിക്കുന്നതിനു വേണ്ടി ആയിരുന്നു. ആ ദിനത്തിന്റെ ഓര്‍മ്മ ആചരിക്കുന്ന ഇന്ന്, ജനാവലിയോടുകൂടെ വന്ന ഈശോ നമ്മോട് ആവശ്യപ്പെടുന്നത് ജനക്കൂട്ടത്തില്‍നിന്ന് മാറി നിന്ന് പ്രിയപ്പെട്ടവരോടൊപ്പം ആയിരിക്കാനാണ് . Stay at Home. ഇത് നമ്മുടെ എല്ലാവരുടെയും ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി കൂടിയാണ്.

ഇശോയുടെ ജീവിതത്തിലെ ആരവങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും സഹനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വേദനകള്‍ക്കും ഒക്കെ ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു. അവയൊക്കെ അവസാനം ചെന്നെത്തുന്നത് ഏവര്‍ക്കും പ്രത്യാശ നല്‍കുന്ന ഉത്ഥാനത്തില്‍ ആണ്. ഇപ്പോള്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന
ഈ സഹനങ്ങള്‍ എല്ലാം നമ്മെയും കൊണ്ട് എത്തിക്കുന്നത് ജീവിതത്തിന്റെ പുതിയൊരു ഉയിര്‍പ്പിലേക്ക് ആയിരിക്കും. അതിനായി നമ്മുക്ക് പ്രത്യാശയോടെ അകത്തിരിക്കാം.

കൊറോണയും ഒറ്റപ്പെടലുകളും മറികടന്ന് നമ്മള്‍ ആയിരുന്നതിലും വലിയ സന്തോഷത്തിലേക്കാണ് പ്രവേശിക്കാന്‍ പോകുന്നത്. ഓശാന വിളികളുടെ ആരവങ്ങള്‍ക്ക് ശേഷം ഈശോ പോയത് ജെറുസലേം ദൈവാലയം ശുദ്ധീകരിക്കാന്‍ ആണ്. അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്ന സകലരെയും അവന്‍ പുറത്താക്കി. നാണയം മാറ്റക്കാരുടെ മേശകളും പ്രാവ് വില്‍പ്പനക്കാരുടെ ഇരിപ്പടങ്ങളും അവന്‍ തട്ടി മറിചിട്ടു. അവന്‍ അവരോടു പറഞ്ഞു എന്റെ ഭവനം പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു നിങ്ങളോ അത് കവര്‍ച്ചക്കാരുടെ ഗുഹ ആക്കുന്നു. (മത്താ 21: 12,13).

അതെ പ്രിയപ്പെട്ടവരേ നമ്മുടെയും ശരീരവും ആത്മാവും ആകുന്ന ദേവാലങ്ങളെ ശുദ്ധീകരിച്ച് പവിത്രമാക്കാന്‍ ഈശോ ഈ നാളുകളില്‍ നമ്മുടെ ഭവനങ്ങളിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അഥിതി ആയി വരുന്നുണ്ട്. അവന്‍ വരുമ്പോള്‍ പവിത്രമായ ഹൃദയത്തോടെ അവനെ സ്വികരിക്കാന്‍ നമ്മുക്ക് ഈ ദിനങ്ങളെ മാറ്റാം. ദേവാലയശുദ്ധീകരണത്തിന് ശേഷം ദേവാലയത്തിലേക്ക് കടന്നു വന്ന അന്ധമാരെയും മുടന്തന്മാരെയും ഈശോ സുഖപ്പെടുത്തിയാണ് കടന്നു പോയത് (മത്താ 21: 14). നമ്മെ ശുദ്ധീകരിക്കുന്നതിലൂടെ നമ്മെയും സുഖപ്പെടുത്തിയെ അവന്‍ കടന്നു പോകൂ.

പ്രിയപ്പെട്ടവരെ, ആരവങ്ങള്‍ ഇല്ലാത്ത നിശബ്ദമായ ഓശാന വിളികള്‍ നമ്മുടെ മനസിലും ഉയരട്ടെ. പലപ്പോഴും നിശബ്ദമായ നമ്മുടെ നിലവിളികള്‍ ആണ് ഈശോയുടെ ഹൃദയത്തെ പ്രകമ്പനംകൊള്ളിക്കുന്നത്. പ്രത്യാശയുടെ ദിനങ്ങളില്‍ എത്തിച്ചേരാന്‍ കാല്‍വരിയിലേക്കുള്ള ഈ യാത്രയില്‍ നമ്മുക്കും അവനെ അനുഗമിക്കാം. എല്ലാവര്‍ക്കും ഓശാന തിരുന്നാള്‍ മംഗളങ്ങള്‍. കുരിശിന്റെ ഛായാ ചിത്രം നമ്മുക്ക് തണലേകട്ടെ.

ഓശാന എന്നാല്‍ ജനത്തിന്റെ നിലവിളി ആണെന്ന് നമുക്ക് അറിയാമല്ലോ. ഓശാന വിളികള്‍ ശക്തമാക്കാനുള്ള സമയം ആണിത്… കര്‍ത്താവെ ഞങ്ങളെ രക്ഷിക്കണമേ.

ഈശോയുടെ മഹത്വം ദര്‍ശിക്കും എന്ന പ്രത്യാശയില്‍,

അനിത