കുടുംബങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ: പാലാ രൂപതയോടും മാർ കല്ലറങ്ങാട്ടിനോടും ഐക്യദാർഢ്യം: സിനഡൽ കമ്മീഷൻ

കുടുംബവർഷാചരണത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കാലത്തിന്റെ സ്പന്ദനങ്ങൾക്കനുസൃതമുള്ള നല്ല ഇടയന്റെ പ്രതികരണമെന്ന് കുടുംബത്തിനും അത്മായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ അംഗങ്ങളായ മാർ റെമിജിയോസ് ഇഞ്ചനാനിയിലും മാർ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു. മാർ ജോസഫ് കല്ലറങ്ങാട്ടാണ് കമ്മീഷൻ ചെയർമാൻ.

മനുഷ്യജീവന്റെ അളക്കാനാവാത്ത വില തിരിച്ചറിയുന്ന സമൂഹമാണ് യഥാർത്ഥ  സംസ്‌കൃത സമൂഹമെന്ന കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ പ്രഖ്യാപനമെന്ന് മാർ കല്ലറങ്ങാട്ട് അസന്നിഗ്ദ്ധമായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ നിലപാടിനു പിന്നിൽ സിനഡൽ കമ്മീഷൻ ഉറച്ചുനിൽക്കുകയും അതിനെ ശക്തമായി പിന്തുണക്കുകയും ചെയ്യുന്നു. പാലാ രൂപതയിൽ പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമപദ്ധതികൾക്ക്  സമാനമായ പദ്ധതികൾ സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും ആവിഷ്‌ക്കരിക്കുന്ന പ്രോലൈഫ് നയമാണ് സഭയ്ക്കുള്ളത്.

മനുഷ്യസമൂഹത്തിന്റെ സുസ്ഥിതിക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള അതുല്യവ്യവസ്ഥിതിയാണ് കുടുംബം. വിവാഹം, കുടുംബം, കുഞ്ഞുങ്ങൾ എന്നിവയുടെ നിലനിൽപിനു ഭീഷണിയാകുന്ന നിലപാടുകൾ സാമൂഹിക വ്യവസ്ഥിതിയെ തകർക്കും. ഇത്തരം കാര്യങ്ങളിൽ പ്രതിലോമ ചിന്താഗതികൾ അടിച്ചേൽപ്പിക്കാൻ ചില മാധ്യമങ്ങളും ഏതാനും കലാകാരന്മാരും ശ്രമിക്കുന്നത് നിർഭാഗ്യകരമാണ്.

അനിയന്ത്രിതമായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനല്ല, ഉത്തരവാദിത്വപരമായ മാതൃത്വത്തെയും പിതൃത്വത്തെയും പറ്റിയാണ് സഭ ദമ്പതികളെ ഓർമ്മിപ്പിക്കുന്നത്. ജനസംഖ്യാപരമായ ശൂന്യതയിലേക്ക് ആണ്ടുപോകുന്ന സമൂഹങ്ങളെപ്പറ്റി സഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാടായ ഭാരതത്തിൽ പൊതുസമൂഹത്തിനും യഥാർത്ഥത്തിൽ ഉൽകണ്ഠ ഉണ്ടാകേണ്ടതാണ്.

വലിയ കുടുംബങ്ങൾക്കു നൽകുന്ന ശ്രദ്ധ, നൽകപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് നാം കാണേണ്ടത്. സാമ്പത്തിക പരാധീനതയുടെയും മറ്റു ബുദ്ധിമുട്ടുകളുടെയും പേരിൽ ജീവനെ നശിപ്പിക്കാനുള്ള ചിന്തകൾ ഉണ്ടാകാതിരിക്കാനാണ് ജീവന്റെ മൂല്യത്തെപ്പറ്റി ഉത്തമബോധ്യമുള്ള സഭ കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്നത്. പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് മിശിഹായുടെ നിയമം പൂർത്തിയാക്കാനുള്ള ദൗത്യത്തിലാണ് സഭ പങ്കുചേരുന്നത്. അതുകൊണ്ട്  എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട നിലപാടാണിതെന്നും കമ്മീഷൻ അംഗങ്ങൾ ഓർമ്മിപ്പിച്ചു.

കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ആന്റണി മൂലയിൽ, കുടുംബ പ്രേഷിതത്വവിഭാഗം സെക്രട്ടറി ഫാ. ഫിലിപ്പ് വട്ടയത്തിൽ, പ്രോലൈഫ് സെക്രട്ടറി സാബു ജോസ്, മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, സെക്രട്ടറി റോസിലി പോൾ തട്ടിൽ, കുടുംബ കൂട്ടായ്മ ജനറൽ സെക്രട്ടറി ഡോ. രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്‌സൻ പാണേങ്ങാടൻ, ഗ്ലോബൽ കത്തോലിക്കാ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, അത്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.