ജാഗ്രതാ നിർദ്ദേശവുമായി പാലാ രൂപത

സ്ത്രീകളെ ചതിയിൽപ്പെടുത്തുവാൻ ഇടവകയിലെ മുൻ വികാരിയാണെന്ന വ്യാജേന ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും ഈ കെണിയിൽ വീഴാതിരിക്കുവാന്‍ കുടുംബങ്ങള്‍ ജാഗ്രതാ പാലിക്കണമെന്നും അറിയിച്ച് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെണിയുടെ രീതി വിവരിച്ചുക്കൊണ്ട് കുടുംബങ്ങള്‍ക്കു ജാഗ്രത നിര്‍ദ്ദേശം നല്‍കണമെന്നു വൈദികരെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കത്ത്.

നമ്മുടെ പെൺകുട്ടികളെ കെണിയിൽപ്പെടുത്തുവാൻ ചില വിഭാഗങ്ങളും ഗ്രൂപ്പുകളും വിവിധ തന്ത്രങ്ങളുമായി രംഗത്തുള്ള വിവരം അറിയാമല്ലോ എന്ന വാക്കുകളോടെയാണ് കത്ത് ആരംഭിക്കുന്നത്. അടുത്ത കാലത്തായി കണ്ടുവരുന്ന തന്ത്രം ഇടവകയിൽ നേരത്തെ ശുശ്രൂഷ ചെയ്തിരുന്ന വൈദികൻ എന്ന വ്യാജേന ഇടവകയിൽ കൂടുതൽ അംഗീകരിക്കപെടുന്ന സ്ത്രീകളെ, പ്രത്യേകിച്ച് പ്രാദേശിക ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള വരെ ഫോൺ വിളിക്കുകയും വിളിക്കുമ്പേൾ താനവിടുത്തെ പഴയ വികാരിയാണെന്നു പറഞ്ഞ് ആളുകൾക്കു സുപരിചിതനായ ഒരു വികാരിയുടെ പേരു പറയുകയും ചെയ്യും. വേറെ ചിലപ്പോൾ താനവിടുത്തെ പഴയ ഒരു കൊച്ചച്ചനാണെന്നും മനസ്സിലായില്ലേ എന്നും ചോദിക്കും. അവരെ കൊണ്ട് ഒരു പേരു പറയിക്കുകയും താൻ അയാൾ തന്നെയെന്ന് വിളിക്കുന്നയാൾ സന്തോഷപൂർവ്വം അംഗീകരിക്കുകയും ചെയ്യുന്നു.

അടുത്ത ഘട്ടമായി താൻ ജർമ്മനിക്ക് വിദേശത്ത് പെട്ടെന്നു ഏതാനും പേരോടൊപ്പം പോന്നതാണെന്നും നാളെ ഒരു പേപ്പർ അവതരിപ്പിക്കണം. അതിനു ചെറുപ്പക്കാരും പഠനം നടത്തുന്നവരുമായ ഏതാനും പെൺകുട്ടികളുടെ പേരും ഫോൺ നമ്പരും നൽകാനും പറയുന്നു. അത് ഉടൻ നൽകണമെന്നും അഞ്ചു മിനിറ്റിനുശേഷം താനവരെ വിളിക്കുമെന്നു പറയണമെന്നും തിരക്കു അഭിനയിച്ചു അറിയിക്കുന്നു. സത്യസന്ധത, മാതൃ-പുത്രീബന്ധം തുടങ്ങിയ വിഷയങ്ങളെപ്പറ്റി സംസാരിക്കാനാണെന്നു പറയും.

സംസാരിക്കുന്നവർ, തങ്ങളോടു സംസാരിക്കുന്നു എന്നു പറയുന്ന വൈദികന്റെ ശബ്ദം ഇതല്ലല്ലോ എന്നു പറഞ്ഞാൽ ജർമ്മനിയിലെ വിദേശരാജ്യത്തെ മഞ്ഞും തണുപ്പും കാരണമാണ് ശബ്ദ വ്യത്യാസമെന്നു സ്ഥാപിക്കുന്നു. പെൺകുട്ടികളുമായി സംസാരിച്ചു തുടങ്ങി അൽപം കഴിയുമ്പോൾ വിഷയവും ഭാഷാശൈലിയും അപ്പാടെ മാറുന്നു. ഇതുപോലുള്ള ചതിക്കുഴികൾ വിവിധ രൂപഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഇന്ന് സാധാരണമായിരിക്കുന്നു.

ഇത്തരം കെണിയിൽപെടാതെ ഇരിക്കുവാന്‍ കുടുംബങ്ങൾക്കു ജാഗ്രത നിര്‍ദ്ദേശം നല്‍കണമെന്ന് വൈദികരെ ഓര്‍മ്മിപ്പിച്ചുക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.