മതനിന്ദാ കുറ്റാരോപണം: പാക്കിസ്ഥാനിൽ ക്രൈസ്‌തവ വിശ്വാസിയെ പോലീസു‌കാരൻ മർദ്ദിച്ചു കൊലപ്പെടുത്തി

കഴിഞ്ഞ വർഷം മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ട് ജയിലിൽ ആകുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത മുഹമ്മദ് വഖാസ് എന്ന ക്രൈസ്‌തവ വിശ്വാസിയെ പോലീസു‌കാരൻ മർദ്ദിച്ച് കൊലപ്പെടുത്തി. ഈ സംഭവത്തെ അപലപിച്ച് വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി.

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ മതനിന്ദാപരമായ കാരിക്കേച്ചറുകൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു എന്നാരോപിച്ചാണ് 2016 -ൽ മുഹമ്മദ് വഖാസിനെ ജയിലിലടച്ചത്. 2020 -ൽ ലാഹോർ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ജൂലൈ രണ്ടാം തീയതി വീട്ടിലേക്ക് പോവുകയായിരുന്ന വഖാസിനെ പോലീസു‌കാരൻ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രക്തത്തിൽ കുളിച്ചുകിടക്കുന്ന വഖാസിന്റെ മൃതദേഹത്തിന്റെ ചിത്രം പോലീസ് വെബ്‌സൈറ്റിൽ നിന്ന് സമൂഹമാധ്യമങ്ങളിലേയ്ക്ക് പരക്കുകയായിരുന്നു.

“മത-തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കൊലപാതകം. ഇവിടുത്തെ സാഹചര്യം വളരെയധികം മോശമാണ്. അതിനാൽ തന്നെ ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഭീകരതയുടെയും അക്രമണത്തിന്റെയും പ്രവർത്തികൾ ഒന്നിനും പരിഹാരമല്ല” – സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് ഡയറക്ടർ പീറ്റർ ജേക്കബ് പറഞ്ഞു.

നിരവധി ക്രൈസ്‌തവ വിശ്വാസികളാണ് പാക്കിസ്ഥാനിൽ മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ട്  ജയിലിലടയ്ക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.