മതനിന്ദാ ആരോപണം: ക്രൈസ്തവന് ജാമ്യം അനുവദിച്ച് പാക് കോടതി

ഇസ്ലാമിനെ അപമാനിച്ചുവെന്ന ആരോപണത്തെ തുടർന്ന് 2018  മുതൽ ജയിലിൽ കഴിയുന്ന ക്രൈസ്തവന് ജാമ്യം അനുവദിച്ച് പാക്കിസ്ഥാൻ കോടതി. നബീൽ മാസിഹിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 16 വയസ്സായിരുന്നു. മക്കയിലെ കഅബയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.

ലാഹോർ ഹൈക്കോടതിയാണ് മാസിഹിന് ജാമ്യം അനുവദിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ നസീബ് അഞ്ജും പറഞ്ഞു. മാസിഹിനെ എപ്പോൾ മോചിപ്പിക്കുമെന്ന് കൃത്യമായി വ്യക്തമല്ല. മത-ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനും മതനിന്ദാ ആരോപണങ്ങൾ പലപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് ആഭ്യന്തര, അന്തർദ്ദേശീയ മനുഷ്യാവകാശ ഗ്രൂപ്പുകൾ പറയുന്നു.

2018 -ൽ പാക്കിസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ മതനിന്ദാ കുറ്റവാളിയായി മാസിഹ് മാറി. കോടതി അദ്ദേഹത്തെ 10 വർഷം തടവിന് ശിക്ഷിച്ചു. മാസിഹിനെ മോചിപ്പിക്കുന്നതിനുള്ള പേപ്പർവർക്ക് വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം. മാസിഹിനെതിരെ യഥാർത്ഥ ആരോപണം ഉന്നയിച്ച വ്യക്തിയുടെ അഭിഭാഷകൻ ഗുലാം മുസ്തഫ ചൗധരി, മാസിഹിന് ജാമ്യം ലഭിച്ചതായി സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.