വിശ്വാസത്തെപ്രതി കൊല്ലപ്പെട്ട മകനെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ പ്രാർത്ഥനയോടെ ഒരു കുടുംബം

2015-ൽ പാക്കിസ്ഥാനിലെ സെന്റ് ജോൺസ് കത്തോലിക്കാ പള്ളിയിൽ ചാവേർ ആക്രമണം നടത്തുന്നത് തടയുന്നതിനിടെയാണ് ആകാശ് ബഷീർ കൊല്ലപ്പെട്ടത്. തങ്ങളുടെ 20 വയസ്സുള്ള മകൻ ആകാശിനെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന പ്രാർത്ഥനയിലാണ് അവന്റെ മാതാപിതാക്കൾ ഇന്ന് ആശ്വാസം കണ്ടെത്തുന്നത്.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലെ ക്രിസ്ത്യൻ ക്വാർട്ടറായ യൂഹനാബാദിൽ 2015 മാർച്ച് 15-നാണ് രണ്ട് പള്ളികൾ ലക്ഷ്യമിട്ട് ഇരട്ട ചാവേർ സ്‌ഫോടനം നടന്നത്. ആ ആക്രമണത്തിൽ 20 പേർ മരിക്കുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം തടയുന്നതിനിടെ മരണമടഞ്ഞ ആകാശിനെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. ലാഹോറിലെ വികാരി ജനറലായ ഫാ. ഫ്രാൻസിസ് ഗുൽസാർ, ഈ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ തന്നെ അദ്ദേഹത്തെ വിശുദ്ധനാകാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.

“2008-ൽ ഞങ്ങൾ യൂഹനാബാദിലേയ്ക്ക് സ്ഥലം മാറി. 2014 നവംബറിൽ ആകാശ് ഞങ്ങളുടെ പള്ളിയിലെ സന്നദ്ധ സുരക്ഷാഗാർഡുകളുടെ ടീമിൽ ചേർന്നു. പെഷ്വർ സിറ്റിയിലെ ഓൾ സെയിന്റ്സ് പള്ളിയിൽ 2013-ൽ നടന്ന ചാവേറാക്രമണത്തെ തുടർന്ന് എല്ലാ വിഭാഗങ്ങളും സുരക്ഷയ്ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നു. പെഷവാർ ചർച്ച് ബോംബാക്രമണത്തിന് ഇരയായവർക്ക് നീതിക്കായുള്ള ആവശ്യം ഉയർന്നിരുന്നു. ആകാശ് തന്റെ സുഹൃത്തുക്കളുമായി ഇത് ചർച്ച ചെയ്യുകയും പള്ളിയ്ക്ക് കാവൽ വേണമെന്ന് നിർബന്ധിക്കുകയും ചെയ്തു. മറ്റുള്ളവരെ സംരക്ഷിക്കാൻ ദൈവം അവസരം നൽകിയാൽ തന്റെ ജീവൻ ബലിയർപ്പിക്കാൻ അവൻ തയ്യാറായിരുന്നു” – ആകാശിന്റെ അമ്മ പറയുന്നു.

“ഒരു നോമ്പുകാലത്താണ് ആകാശ് മരിക്കുന്നത്. ആ ഞായറാഴ്ച ആകാശ് പള്ളിയിൽ പോകുമ്പോൾ ഞാൻ വീട്ടിൽ വസ്ത്രങ്ങൾ കഴുകുകയായിരുന്നു. വെള്ളവസ്ത്രങ്ങൾ ധരിച്ചായിരുന്നു അന്നവൻ പോയത്. പോയി കുറച്ചു സമയത്തിനുശേഷം പുറത്ത് വെടിയൊച്ചകൾ കേട്ടു. വധഭീഷണികളെക്കുറിച്ച് സ്ത്രീകൾ സംസാരിക്കുന്നതും ഞാൻ കേട്ടു. തെരുവുകളിൽ ആളുകൾ നിറഞ്ഞു. രണ്ടാമത്തെ സ്ഫോടനം കേട്ട് ഞാൻ എന്റെ ഇളയമകനോടൊപ്പം കത്തോലിക്കാ പള്ളിയിലേയ്ക്ക് ഓടി. പള്ളി ഗേറ്റിനടുത്ത് നിൽക്കുന്ന ആൺകുട്ടികൾക്കിടയിൽ ഞാൻ ആകാശിനെ തിരയുകയായിരുന്നു. പക്ഷേ, അവൻ ഒരു അഴുക്കുചാലിൽ കിടക്കുകയായിരുന്നു. ആകാശിന്റെ വലതുകാൽ അറ്റുപോയിരുന്നു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല ” – വേദനയോടെ ഈ അമ്മ പറയുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ലോക കപ്പ് ക്രിക്കറ്റ് മത്സരം കാണുകയായിരുന്നു. പള്ളിയിലേയ്ക്ക് പ്രവേശിക്കുന്നതിനു മുൻപ് സന്ദർശകരെ പരിശോധിക്കേണ്ടതുണ്ടായിരുന്നുവെങ്കിലും പള്ളി ഗേറ്റിലും പരിശോധിക്കാൻ ആകാശ് നിർബന്ധിച്ചു. “ഞാൻ മരിക്കും. പക്ഷേ, നിങ്ങളെ പള്ളിയിൽ പ്രവേശിക്കാൻ ഞാൻ അനുവദിക്കില്ല” – തീവ്രവാദികളോടുള്ള ആകാശിന്റെ അവസാന വാക്കുകളായിരുന്നു ഇത്. അദ്ദേഹത്തിന്റെ മരണവാർഷിക അനുസ്മരണത്തിൽ ഈ വാക്കുകൾ ഇപ്പോൾ ബാനറുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും കത്തോലിക്കാ സഭ പിന്തുണ നൽകിയിരുന്നു.

25 വയസ്സുള്ള ആകാശിന്റെ ഇളയ സഹോദരൻ അർസലൻ തന്റെ സഹോദരന്റെ സ്ഥാനത്ത് ചർച്ച് സെക്യൂരിറ്റി ടീമിൽ ചേർന്നു. ആ മാതാപിതാക്കൾ അവനെ തടഞ്ഞില്ല. “നമ്മുടെ മക്കൾ സഭയെ സേവിക്കുന്നതിൽ നിന്ന് തടയാൻ ഞങ്ങൾക്ക് കഴിയില്ല” – അവർ പറയുന്നു. പള്ളികളിൽ ഇപ്പോൾ ഞായറാഴ്ചകളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നു. ചർച്ച് സെക്യൂരിറ്റി വോളന്റിയർമാരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

“ഞങ്ങൾ യൂഹനാബാദ് വിടാൻ ആഗ്രഹിക്കുന്നില്ല. സർക്കാർ ആശുപത്രിയുടെ അഭാവവും സർക്കാർ നടത്തുന്ന സ്കൂളുകളുടെ അഭാവവും ഉണ്ടായിരുന്നിട്ടും ഞങ്ങൾ ക്രിസ്ത്യൻ അന്തരീക്ഷത്തെ സ്നേഹിക്കുന്നു. കൊറോണ പകർച്ചവ്യാധി മൂലം മകനെ വിശുദ്ധനാക്കുവാനുള്ള നടപടികൾ വൈകി. സെന്റ് ജോൺ ചർച്ചിന്റെ മുന്നിൽ കൂടി ആകാശിന്റെ സ്മാരകം കടന്നുപോരുമ്പോൾ ഞങ്ങൾക്ക് സമ്മിശ്ര വികാരങ്ങളുണ്ട്. കാരണം, അവൻ ഞങ്ങളുടെ ഹൃദയത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ആശ്വാസവുമുണ്ട്. കാരണം, മയക്കുമരുന്നിന് അടിമയായതിനാലോ അപകടം മൂലമോ അല്ല അവൻ മരിച്ചത്. ക്രിസ്തുവിനുവേണ്ടിയാണ്. ആളുകൾ അവനെ സ്നേഹിക്കുന്നു. ആകാശ് ഇതിനകം നമ്മുടെ വിശുദ്ധനാണ്” – ഈ മാതാപിതാക്കൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.