
പാക്കിസ്ഥാനിൽ കറാച്ചിയിലെ റെയിൽവേ കോളനിയിൽ പതിമൂന്ന് വയസുകാരി ആർസൂ രാജയുടെ കുടുംബം ഇപ്പോഴും തുടരുന്ന പോരാട്ടത്തിലാണ്. പാക്കിസ്ഥാനിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ആർസൂവിന്റെത്. പതിമൂന്ന് വയസുള്ള ഈ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിതമായി മതംമാറ്റി വിവാഹം കഴിക്കുകയായിരുന്നു. 44 വയസുള്ള അലി അസ്ഹർ എന്ന ആളാണ് ഈ പെൺകുട്ടിയെ വിവാഹം കഴിച്ചത്.
ഇതിനെതിരെ ആർസുവിന്റെ കുടുംബം സിന്ധ് ഹൈക്കോടതിയെ സമീപിച്ചു. അങ്ങനെ ഈ വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കുകയും അവളെ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു. വിവാഹം ചെയ്ത അലി അസ്ഹറിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. ലാഹോർ ആസ്ഥാനമായുള്ള സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ കണക്കനുസരിച്ച്, 2013 നും 2020 നവംബറിനുമിടയിൽ പ്രായപൂർത്തിയാകാത്ത ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ മതപരിവർത്തനം ചെയ്ത 162 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെയും പോകുന്നുണ്ട്.
“അന്നുമുതൽ ഞങ്ങൾ കോടതികൾ കയറിയിറങ്ങി നീതിയ്ക്കായി പൊരുതുന്നു. ഞങ്ങൾക്ക് ജോലി നഷ്ടപ്പെട്ടു. സുഹൃത്തുക്കളും അയൽവാസികളും ചോദിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കാൻ ഞങ്ങൾ താമസിച്ചിരുന്ന വീട് പോലും ഉപേക്ഷിച്ചു. ഞങ്ങൾ നിരാശരാണ്. ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും എന്റെ മകൾക്കുമായി ദയവായി പ്രാർത്ഥിക്കുക. ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കട്ടെ,” – ഈ മാതാപിതാക്കൾ പറയുന്നു.