വ്യാജ മതനിന്ദാ ആരോപണം: പാക്കിസ്ഥാനിലെ ക്രിസ്ത്യൻ നേഴ്‌സുമാർക്ക് പിന്തുണ നൽകി മുതിർന്ന ഇമാം

വ്യാജ മതനിന്ദാ ആരോപണത്തിലൂടെ ക്രിസ്ത്യൻ നേഴ്‌സുമാരെ കുരുക്കിലാക്കുവാൻ ശ്രമിച്ചവർക്കെതിരെ പാക്കിസ്ഥാനിലെ മുതിർന്ന ഇമാം അല്ലാമ മുഹമ്മദ് സുബൈർ ആബിദ്. പ്രതിസന്ധിഘട്ടത്തിൽ തങ്ങൾക്ക് പിന്തുണ അർപ്പിച്ച ഇമാമിനും അദ്ദേഹത്തിന്റെ കൂടെയുള്ള മറ്റു മുതിർന്ന നേതാക്കൾക്കും ലാഹോർ പീസ് സെന്ററിന്റെ ഡയറക്ടറായ ഡൊമിനിക്കൻ വൈദികൻ ഫാ. ജെയിംസ് ചന്നൻ നന്ദി പറഞ്ഞു.

ലാഹോറിലെ പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിലെ മുസ്ലിം നഴ്‌സുമാരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇസ്ലാമിനെ അപമാനിച്ചു എന്ന ആരോപണം ക്രിസ്ത്യാനികളായ നഴ്സുമാർക്കെതിരെ ഉയർത്തിയത്. സകീന മെഹ്താബ് ബീബി, ജെസീക്ക ഖുറാം, ട്രീസ എറിക് എന്നിവരാണ് ആരോപണവിധേയരായത്. എന്നാൽ ഇവർ ഇസ്ലാമിനെ അപമാനിച്ചു എന്ന രീതിയിൽ പ്രചരിച്ച വീഡിയോയിൽ അപ്രകാരം ഒന്നില്ല എന്ന് കണ്ടെത്തിയിരുന്നു. എന്നിരുന്നാലും ഇവർക്കെതിരെ വധഭീഷണിയും മറ്റും ഉണ്ടായിരുന്നു. ഈ നഴ്‌സുമാർ ഇസ്ലാം മതം സ്വീകരിക്കുന്നതിനായുള്ള ആശുപത്രി അധികൃതരുടെ നിർബന്ധത്തെ എതിർത്തിരുന്നവരുമായിരുന്നു. ഈ കാരണങ്ങൾ മൂലമാണ് ഇപ്രകാരമുള്ള വ്യാജ ആരോപണത്തിന് ഇവർ ഇരയായത്.

സംഭവത്തെ തുടർന്ന് നഴ്സുമാർക്കെതിരെ നിയമനടപടി സ്വീകരിക്കുവാനുള്ള ആവശ്യം ശക്തമായിരുന്നു. ഒരു കലാപസാഹചര്യം ഉയർന്നപ്പോൾ ഇമാം കാര്യങ്ങൾ വിശദമായി പഠിക്കുകയും ക്രിസ്ത്യൻ നഴ്‌സുമാരുടെ ഭാഗത്തു നിന്ന് ഇസ്ലാമിനെ അപമാനിക്കുന്നതായ ഒന്നും ഉണ്ടായിട്ടില്ല എന്ന് വിധിക്കുകയും ചെയ്തു. ഇതേ തുടർന്ന് സംഘർഷാവസ്ഥയ്ക്കു ഒരു അയവു വന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.