മതനിന്ദാ കുറ്റത്തിന് ഇരയായി പാക്കിസ്ഥാനിൽ മറ്റൊരു ക്രിസ്ത്യാനി കൂടി

പാക്കിസ്ഥാനിൽ വ്യാജ മതനിന്ദാ കുറ്റത്തിന് കീഴിൽ ക്രൈസ്തവർക്ക് മേൽ തുടരുന്ന അതിക്രമങ്ങൾ ആവർത്തിക്കുന്നു. 37 കാരനായ ആസിഫ് പർവേസ് മസീഹ് എന്ന ഫാക്റ്ററി ജീവനക്കാരനാണ് വ്യാജ മതനിന്ദാ കുറ്റത്തിന്റെ അടുത്ത ഇരയായിരിക്കുന്നത്. ഇയാൾക്ക് ലാഹോർ സെഷൻസ് കോടതിയാണ് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചത്. കൂടാതെ മൂന്നു വർഷത്തെ തടവും 50,000 രൂപ പിഴയും കോടതി വിധിച്ചിരിക്കുകയാണ്.

2013 മുതൽ മസീഹ് ജയിലിലാണ്. മേലുദ്യോഗസ്ഥന് ഇസ്‌ലാം മതത്തെ അധിക്ഷേപിക്കുന്നതായ മെസേജ് അയച്ചു എന്നതാണ് ഇയാൾക്ക് മേൽ ചുമത്തിയിരുന്ന കുറ്റം. മസീഹ് ജോലി ചെയ്തിരുന്ന വസ്ത്രനിർമാണശാലയിലെ മേലുദ്യോഗസ്ഥനായിരുന്ന മുഹമ്മദ് സയീദ് ഖോക്കർ എന്നയാളുടെ പരാതിയിന്മേലായിരുന്നു കേസെടുത്തത്. എന്നാൽ പരാതി വ്യാജമാണെന്ന് മസീഹിന്റെ അഭിഭാഷകൻ സെയ്ഫ് ഉൾ മലൂക്ക് വ്യക്തമാക്കുന്നു. ആരോപണം ഉന്നയിക്കുന്നതിനു ദിവസങ്ങൾക്കു മുൻപേ തന്റെ സിം കാർഡ് നഷ്ടപ്പെട്ടിരുന്നു എന്ന മസീഹിന്റെ വാദം മുഖവിലയ്‌ക്കെടുക്കാതെയാണ് കോടതി വിധി.

ഇസ്ലാം മതം സ്വീകരിക്കാൻ എത്ര നിർബന്ധിച്ചിട്ടും മസീഹ് അതിന് തയാറാകാതിരുന്നതാണ് മേലുദ്യോഗസ്ഥൻ ചൊടിപ്പിച്ചത്. സ്ഥാപനത്തിലെ ജോലി മസീഹ് ഉപേക്ഷിച്ചശേഷവും മുഹമ്മദ് സയീദ് ഖോക്കർ മതപരിവർത്തനത്തിനു പ്രേരിപ്പിച്ചിരുന്നു. അതിനു വഴങ്ങാതിരുന്നപ്പോഴാണ് മതനിന്ദാ ആരോപിച്ചു പരാതി നൽകിയത്. എന്നാൽ കേസിലെ വസ്തുതകൾ ദുർബലമായിട്ടും എന്തുകൊണ്ട് ഇപ്രകാരമൊരു വിധി ഉണ്ടായി എന്ന് മനസിലാകുന്നില്ലെന്ന് അഡ്വ. മാലൂക്ക് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.