കുഞ്ഞുങ്ങള്‍ക്ക് മുസ്ലീം പേര് നല്‍കാന്‍ നിര്‍ബന്ധിതരായി പാക്കിസ്ഥാനിലെ ക്രൈസ്തവര്‍

കുട്ടികള്‍ സ്‌കൂളുകളില്‍ വര്‍ഗ്ഗീയ ആക്രമണത്തിനു ഇരയാകാതിരിക്കുവാന്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മുസ്ലീം പേരുകള്‍ നല്‍കുവാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന വെളിപ്പെടുത്തലുമായി കത്തോലിക്ക ബിഷപ്പ്. പാക്കിസ്ഥാനിലെ ഹൈദരാബാദ് രൂപത അധ്യക്ഷനായ സാംസണ്‍ ഷുക്കാര്‍ഡിനാണ് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് (എ.സി.എന്‍) നു നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പാക്കിസ്ഥാനിലെ വിദ്യാലയങ്ങളില്‍ പോലും പ്രകടമായ മതവര്‍ഗ്ഗീയതയും, ക്രിസ്ത്യന്‍ വിരുദ്ധതയുമാണ് ക്രിസ്ത്യന്‍ മാതാപിതാക്കളെ തങ്ങളുടെ കുട്ടികള്‍ക്ക് മുസ്ലീം നാമങ്ങള്‍ നല്‍കുവാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാലയങ്ങളില്‍ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട ക്രിസ്ത്യന്‍ കുട്ടികള്‍ അക്രമത്തിനിരയാകുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിസ്ത്യാനികള്‍ക്ക് പുറമേ, ഹിന്ദുക്കളും മിതവാദികളായ മുസ്ലീങ്ങളും വരെ ആക്രമത്തിനിരയാവുന്നുണ്ടെന്നും, പാശ്ചാത്യ രാഷ്ട്രങ്ങളില്‍ എവിടെയെങ്കിലും മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പാക്കിസ്ഥാനിലെ വര്‍ഗ്ഗീയവാദികള്‍ ദേവാലയങ്ങള്‍ക്കു നേരെ അക്രമമഴിച്ചുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.