തീവ്രവാദ ഭീഷണിയെ തുടർന്ന് പാക്കിസ്ഥാൻ ക്രിസ്ത്യൻ കുടുംബങ്ങൾ വീടുകളിൽ നിന്ന് പലായനം ചെയ്യുന്നു

തീവ്രവാദികളുടെ ആക്രമണഭീഷണിയെ തുടർന്ന് പാക്കിസ്ഥാനിലെ ലാഹോറിലുള്ള ചരാറിൽ നിന്നും നൂറുകണക്കിന് ക്രിസ്ത്യൻ കുടുംബങ്ങൾ സമീപപ്രദേശങ്ങളിലേയ്ക്ക് പലായനം ചെയ്തതായി റിപ്പോർട്ട്. ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കൺസേണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ വാരിസ് എന്ന പ്രാദേശിക സുവിശേഷപ്രഘോഷകന്റെ ഡിസംബർ 22-ലെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ക്രിസ്ത്യൻ ഭവനങ്ങൾ കത്തിക്കുമെന്ന ഭീഷണിയുമായി മുസ്ലീങ്ങൾ രംഗത്തെത്തുകയായിരിന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഐ‌സി‌സി റിപ്പോർട്ട് ചെയ്യുന്നു. വിവാദ പോസ്റ്റ്‌ തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് മുസ്ലീങ്ങൾ പറയുന്നത്. എന്നാൽ പോസ്റ്റിന്റെ പേരിൽ പാസ്റ്റർ ക്ഷമാപണം നടത്തിയിട്ടുപോലും മുസ്ലീങ്ങൾ തങ്ങളുടെ ഭീഷണിയിൽ ഉറച്ചുനിൽക്കുകയാണെന്നാണ് പലായനം ചെയ്ത സലിം കൊഖാർ എന്ന ക്രൈസ്തവ വിശ്വാസി വെളിപ്പെടുത്തിയത്.

ക്രൈസ്തവരുടെ വീടുകൾ അഗ്നിക്കിരയാക്കുവാനുള്ള മുസ്ലീങ്ങളുടെ ശ്രമം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ക്രൈസ്തവർ പലായനം ചെയ്യാൻ ആരംഭിച്ചത്. ക്രിസ്തുമസ് ആഘോഷിക്കേണ്ട സമയത്ത് സ്വഭവനം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നതിന്റെ വിഷമത്തിലാണ് ചരാറിലെ ക്രൈസ്തവർ. അവിടെ പോലീസ് തമ്പടിക്കുന്നുണ്ടെങ്കിലും ക്രൈസ്തവരുടെ പലായനം തുടരുകയാണെന്നാണ്‌ വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.