വേദന – ദൈവത്തിന്റെ വരദാനം

ഡോ. ജോയ് ഫ്രാൻസിസ്

ആമുഖം 

‘വിനാ ദൈന്യേന ജീവനം അനായസേന മരണം.’

എല്ലാവരും ആഗ്രഹിക്കുകയും സര്‍വ്വശക്തനോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു സമര്‍പ്പിക്കുകയും ചെയ്യുന്ന ഒരു അപേക്ഷയാണ് ‘ദീനക്കാരനാക്കരുതേ, കഷ്ടപ്പെടാതെ മരിക്കാന്‍ ഇടവരുത്തണേ’ എന്നത്. ദീനാവസ്ഥയില്‍ തന്നെ ഏറെ ഭയാനകമാണ് വേദനകള്‍. ഉണ്ടാകരുതേ എന്നാഗ്രഹിക്കുന്ന വേദനകള്‍ ശാരീരികമാകാം, മാനസികമാകാം, ധാര്‍മ്മികവും (moral) ആകാം. പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭ്യമാകുന്ന നാനാവിധ ഉത്തേജനങ്ങള്‍ (stimuli) തലച്ചോറിലെത്തി അപഗ്രഥനവിധേയമാക്കിയാണ് അറിവുകള്‍ അനുഭവവേദ്യമാക്കുന്നത്.

ഗന്ധം, ശബ്ദം, സ്പര്‍ശം മുതലായ ഉത്തേജനങ്ങളുടെ സംവേദനക്ഷമത സമയബന്ധിതമാണ്. ഉദാഹരണത്തിന്, ദുര്‍ഗന്ധമുള്ള ഒരു സ്ഥലത്തെത്തി കുറെ കഴിയുമ്പോള്‍ അനുഭവപ്പെടുന്ന ഗന്ധത്തിന്റെ രൂക്ഷത കുറഞ്ഞുകുറഞ്ഞ് പിന്നെപ്പിന്നെ ശ്രദ്ധയില്‍പെടാന്‍ മാത്രം ശക്തമല്ലാതാവുന്ന അനുഭവം നമുക്കെല്ലാം ഉണ്ടായിട്ടുണ്ടാകും. ചകിരി ലഭിക്കാന്‍ വേണ്ടി നാളികേരത്തൊണ്ട് അഴുകാനിടുന്ന സ്ഥലങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് അതിന്റെ ദുര്‍ഗന്ധം അനുഭപ്പെടാറില്ല, റെയില്‍പാതയ്ക്ക് അടുത്ത് താമസിക്കുന്നവര്‍ക്ക് കൂകിപ്പായുന്ന തീവണ്ടികളുടെ കാതടപ്പിക്കുന്ന ശബ്ദം ശ്രദ്ധയില്‍പെടാറുപോലുമില്ല. ഈ പ്രത്യേകത അഡാപ്‌റ്റേഷന്‍ (Adaptation) എന്നറിയപ്പെടുന്നു. എന്നാല്‍ വേദനകളുടെ അഹിതകരമായ തീവ്രത, അനുഭവിക്കുന്ന ആളുടെ ഇന്ദ്രിയബോധവുമായി സമരസപ്പെടുകയോ അനുരൂപപ്പെടുകയോ ചെയ്യുന്ന പ്രവണത ഇല്ല എന്നുതന്നെ പറയാം. അതുകൊണ്ട് വേദനകളുടെ തീവ്രതക്കും അസഹനീയതക്കും അറുതിയില്ല, പൊറുതിയില്ല.

വേദന: നിര്‍വചനം

അഹിതകരമായ ഇന്ദ്രിയാനുഭവങ്ങളോ, വൈകാരിക വിക്ഷോഭങ്ങളോ, കോശങ്ങളുടെയോ (Cells), കോശജാലങ്ങളുടെയോ (Tissues) സുസ്ഥിതയെ പ്രതികൂലമായി ബാധിക്കുകയോ, ബാധിക്കാവുന്ന സ്ഥിതി ഉണ്ടാവുകയോ ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന അസ്വസ്ഥതകളും വൈകാരിക പ്രതികരണങ്ങളുമാണ് വേദനകളായി വിവക്ഷിക്കപ്പെടുന്നത്. വേദനകളുടെ ഉറവിടങ്ങൾ നിരവധിയാണ്. അപകടങ്ങളില്‍ സംഭവിക്കുന്ന ക്ഷതങ്ങൾ, അസ്ഥികള്‍ക്ക് സംഭവിക്കുന്ന ഒടിവുകള്‍, പേശികളുടെ ചതവുകള്‍, മുറിവുകള്‍, പൊള്ളലുകള്‍, ശസ്ത്രക്രിയയോട് ബന്ധപ്പെട്ട് അനുഭവപ്പെടുന്ന വേദനകള്‍, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന കാന്‍സര്‍ സംബന്ധിച്ചുള്ള വേദനകള്‍… അങ്ങനെ വേദനകളുടെ നിദാനങ്ങള്‍ നിരവധിയാണ്. സ്വഭാവികമെങ്കില്‍പോലും പ്രസവവേദനയും വേദന തന്നെ.

സുഖദുഃഖ സമ്മിശ്രം ജീവിതം

സൃഷ്ടികളുടെ അധിനാഥന്‍ പ്രകൃതിയില്‍ തന്നെ നമുക്ക് ആസ്വദിക്കാനായി അനേകം സുഖങ്ങളും അനുഭവിച്ചു തീര്‍ക്കാനായി അനേകം ദുഃഖങ്ങളും ഒരുക്കിയിരിക്കുന്നു. സുഖത്തിലും ദുഃഖത്തിലും ഏറെക്കുറെ ഭാഗഭാക്കാകാതെ നരജന്മം പൂര്‍ത്തിയാക്കുക സാധ്യമല്ല. സുഖദുഃഖസമ്മിശ്രമാണ് ജീവിതം.

ജീവന്‍ ഉരുവാകുന്ന നിമിഷം മുതല്‍ തന്നെ ജീവികളില്‍ വേദനകളുടെ സംവേദനക്ഷമതയും പ്രവര്‍ത്തനനിരതമാകുന്നു.”സര്‍വ്വസൃഷ്ടജാലങ്ങളിലും – മനുഷ്യനിലും ഏകകോശ ജീവികളില്‍ പോലും അഹിതകരമായ സാഹചര്യങ്ങളും വേദനകളും ഒഴിവാക്കി ജീവിക്കാനുള്ള പ്രവണത പരിണാമത്തിലെ പുരാതന (Primitive) പ്രതികരണവും (Response) അതിജീവനത്തിന്റെ അടിസ്ഥാനവുമാണ്. ഈ സഹജാവബോധം ഇല്ലായിരുന്നുവെങ്കില്‍ ഏകകോശ ജീവികള്‍ക്കു പോലും നിലനില്‍ക്കാനോ, പരിണാമശ്രേണിയിലൂടെ മുന്നേറാനോ കഴിയുമായിരുന്നില്ല. സുഖദുഃഖ സാഹചര്യങ്ങളുടെ വ്യതിരിക്തത ബോദ്ധ്യപ്പെട്ട് പ്രതികരിക്കാനും തിരഞ്ഞെടുക്കാനുമുള്ള ബോധജ്ഞാനത്തിന്റെ അഭാവത്തില്‍ കേവലം യാന്ത്രികമായ ജീവിതചര്യകളിലൂടെ കടന്ന് ജീവിക്കുന്നു എന്ന ബോധ്യം പോലുമില്ലാതെ ഒടുവില്‍ ആ യന്ത്രപ്പാവ (Automaton) മരണത്തിന് കീഴ്‌പ്പെടുന്നു.” രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രസിദ്ധീകരിച്ച Encyclopedia Britannica – യില്‍ Pleasure എന്ന വിഷയത്തിന്റെ വിശകലനമായി കൊടുത്തിരിക്കുന്ന ലേഖനഭാഗമാണ് ഉദ്ധരിച്ചിരിക്കുന്നത്.

വേദന: ദൈവത്തിന്റെ വരദാനം

വേദന ദൈവത്തിന്റെ ഏറ്റവും മഹത്തരമായ വരദാനമാണ്. ആര്‍ക്കും വേണ്ടാത്ത, ആരും ആഗ്രഹിച്ച് ആവശ്യപ്പെടാത്ത ഒരു വരം. വേദനകളില്‍ നിന്ന് എങ്ങനെ മോചനം നേടാം, അത് സാധ്യമല്ലെങ്കില്‍ വേദനയുടെ തീവ്രത കുറയ്ക്കാനെങ്കിലും എന്തു മാര്‍ഗ്ഗം?

ആദിമകാലം മുതല്‍ ഈ നാള്‍ വരെ മനുഷ്യകുലത്തെ വ്യസനപ്പെടുത്തുന്ന ഒരു സമസ്യയാണ് വേദന. “നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും” (ഉല്‍. 20:18) എന്ന ദൈവകല്പിതമായ ഈറ്റുനോവു പോലും ഒഴിവാക്കാനുള്ള  വ്യഗ്രതയിലാണ് മനുഷ്യന്‍. വേദനകളേ ഇല്ലാത്ത ജീവിതം എന്നത് ഒരു ഉട്ടോപിയന്‍ (Utopian) സ്വപ്നമാണോ അതോ കേവലം സാങ്കല്‍പികമായ ആഗ്രഹം മാത്രമാണോ? വേദനകള്‍ ഇല്ലാത്ത അവസ്ഥയില്‍ അധികനാള്‍ ജീവന് നിലനില്‍ക്കാനാവില്ല എന്നതിന് ശാസ്ത്രസാക്ഷ്യങ്ങളുടെ പിന്‍ബലവുമുണ്ട്. വേദനകള്‍ അനുഭവപ്പെടാത്തതുകൊണ്ട് ജീവിതം ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും ഭൂമികയായിത്തീരുന്ന രണ്ട് രോഗാവസ്ഥകള്‍ നമുക്ക് സുപരിചിതങ്ങളാണ് – കുഷ്ഠരോഗവും പ്രമേഹവും.

നാഡീവ്യൂഹങ്ങളെ നിര്‍ജ്ജീവമാക്കി ചൂടോ, തണുപ്പോ, വേദനയോ, സ്പര്‍ശനം പോലുമോ അറിയാനാവാതെ മുറിവുകളും പരിക്കുകളും കാരണവും കോശങ്ങളുടെയും പേശികളുടെയും ശോഷണം മൂലവും അംഗഭംഗങ്ങളും ആകാരവ്യതിയാനങ്ങളും സംഭവിക്കുന്നു. അതുമൂലം വൈകാരിക സംഘര്‍ഷങ്ങളും വ്യക്തിത്വ വ്യതിയാനങ്ങളും രോഗികളെ അന്തര്‍മുഖരും നിരാശരുമാക്കി മാറ്റുന്നു. നിന്ദനങ്ങളും സാമൂഹ്യനിഷ്‌കാസനങ്ങളും സഹിച്ച് മരണം കാംക്ഷിച്ച് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു. വൈകല്യങ്ങള്‍ക്ക് ഇടയാക്കിയേക്കാമെങ്കിലും വൈരൂപ്യങ്ങള്‍ അത്രമേല്‍ സംഭവിക്കാറില്ലാത്തതു കൊണ്ടും പകര്‍ച്ചവ്യാധി എന്ന അപഖ്യാതി ഇല്ലാത്തതു കൊണ്ടും പ്രമേഹരോഗികള്‍ക്ക് സാമൂഹ്യനിരാസവും നിന്ദനങ്ങളും കുറവാണ്. ദുരിതങ്ങള്‍ക്ക് കുറവില്ലാതാനും.

അര നൂറ്റാണ്ടു മുന്‍പ് അനേകം അരങ്ങുകളില്‍ അവതരിപ്പിക്കപ്പെടുകയും ജനസാമാന്യത്തിന്റെ മനഃസാക്ഷിയെ ഏറെ സ്വാധീനിക്കുകയും ചെയ്ത ‘അശ്വമേധം’ എന്ന നാടകത്തിലെ, ‘പാമ്പുകള്‍ക്ക് മാളമുണ്ട്’ എന്ന ഗാനം എത്ര ഹൃദയസ്പര്‍ശിയായിട്ടാണ് ചൂടും തണുപ്പും വേദനയും ലാളനയും തിരിച്ചറിയാനാവാത്ത കുഷ്ഠരോഗികളുടെ ദയനീയാവസ്ഥ വികാരനിര്‍ഭരമായി അവതരിപ്പിക്കുന്നത്.

മോഹങ്ങള്‍ മരവിച്ചു…
മോതിരക്കൈ മുരടിച്ചു……
മനസ്സുമാത്രം മനസ്സുമാത്രം മുരടിച്ചില്ല…
മനസ്സു മുരടിച്ചില്ല… മനസ്സു മുരടിച്ചില്ല… മനസ്സുമുരടിച്ചില്ല…

ശരീരഭാഗങ്ങളിലെ പ്രത്യേകിച്ച്, കൈവിരലുകളിലേയും പാദങ്ങളിലേയും ഞരമ്പുകളുടെ ഇന്ദ്രിയഗോചരത്വം (Sensory Faculties) നഷ്ടമാകുന്നതു കൊണ്ട് പ്രമേഹത്തിലാണെങ്കിലും കുഷ്ഠരോഗത്തിലാണെങ്കിലും നിസ്സാര പരിക്കുകള്‍ പോലും അവഗണിക്കപ്പെടുകയും ഉണങ്ങാത്ത മുറിവുകളും വ്രണങ്ങളും അംഗവൈകല്യങ്ങള്‍ക്കും പലതരം വൈരൂപ്യങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

പോള്‍ ബ്രാന്‍ഡ് എന്ന മഹാന്റെ മാതൃക 

തമിഴ്‌നാട്ടിലെ കൊല്ലിമലയിലെ തോട്ടം മേഖലയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു ജെസ്സെ – ഈവ്‌ലിന്‍ ദമ്പതിമാരുടെ മകനാണ് പോള്‍ ബ്രാന്‍ഡ് (1914-2003). ഇംഗ്ലണ്ടിലായിരുന്നു വിദ്യാഭ്യാസം. മെഡിക്കല്‍ വിദ്യാഭ്യാസകാലത്തു തന്നെ നാഡികള്‍ക്കുണ്ടാകുന്ന ക്ഷതങ്ങള്‍ ചികിത്സിക്കുന്നതില്‍ ഏറെ തല്‍പരനായിരുന്നു പോള്‍.

ദക്ഷിണേന്ത്യയിലെ കുഷ്ഠരോഗികള്‍ക്കിടയല്‍ സി.എം.സി. വെല്ലൂര്‍ എന്ന സുപ്രസിദ്ധ ചികിത്സാ സ്ഥാപനത്തിന്റെ കീഴില്‍ ദശാബ്ദങ്ങള്‍ നിസ്വാര്‍ത്ഥസേവനം കാഴ്ചവച്ച ഭിഷഗ്വരനാണ് പോള്‍ ബ്രാന്‍ഡ്. അനേകര്‍ക്ക് രോഗമുക്തി മാത്രമല്ല, അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളിലൂടെ  വിരലുകള്‍ക്ക് ചലനശേഷിയും കോസ്‌മെറ്റിക് സര്‍ജറികളുടെ സഹായത്തോടെ വൈരൂപ്യങ്ങള്‍ക്ക് നിവാരണവും പ്രദാനം ചെയ്യാന്‍ അദ്ദേഹത്തിന്റെ അനുഗ്രഹീതകരങ്ങള്‍ക്കു കഴിഞ്ഞു.

അദ്ദേഹം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കുറ്റമറ്റതാക്കിയെടുത്ത ‘പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയാരീതികള്‍’ (Reconstructive Surgical Treatments) ഇന്നും കൈപ്പത്തികളുടെയും കാല്‍പത്തികളുടെയും ശസ്ത്രക്രിയകളില്‍ ഉപയോഗിക്കപ്പെടുന്നു. പതിറ്റാണ്ടുകള്‍ തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിലും കേരളത്തില്‍ കോഴിക്കോടിനടുത്തുള്ള ചേവായൂര്‍ കുഷ്ഠരോഗാശുപത്രിയിലും സേവനമനുഷ്ടിച്ച ആ മനുഷ്യസ്‌നേഹി കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും നല്ലത് എന്നതുകൊണ്ട് അമേരിക്കയിലേക്ക് തന്റെ പ്രവര്‍ത്തിമണ്ഡലം മാറ്റി. അദ്ദേഹത്തിന്റെ നിസ്തുല സേവനങ്ങളുടെയും സാങ്കേതിക മികവിന്റെയും സ്മരണയ്ക്ക് മുന്‍പില്‍ പ്രണമിക്കുന്നു.

(ലേഖകന് 1974-76 കാലയളവില്‍, ആയിരത്തിലേറേ അന്തേവാസികളും 36 ഏക്കറിലധികം വിസ്തീര്‍ണ്ണത്തില്‍ പരന്നുകിടക്കുന്ന ഒറ്റനില കെട്ടിടസമുച്ചയങ്ങളും വിവിധ പുനരധിവാസ  സൗകര്യങ്ങളും ഉണ്ടായിരുന്ന (German Basel Mission) മാതൃകാപരമായി കുഷ്ഠരോഗ ചികിത്സാ പുനരധിവാസരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ചേവായൂര്‍ കുഷ്ഠരോഗാശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എന്ന നിലയില്‍ ജോലി ചെയ്യുന്നതിനുള്ള അവസരമുണ്ടായി. ബ്രിട്ടീഷുകാരനായ ഡോ. റീഡില്‍, അദ്ദേഹത്തിന്റെ പത്‌നി (ഒരു മാതൃകാ നേഴ്‌സായിരുന്നു), ഇടയ്ക്കിടെ വന്നുപോയിരുന്ന പോള്‍ ബ്രാന്‍ഡ് (visiting faculty) തുടങ്ങിയ സേവനരംഗത്തെ അതികായന്മാര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്ന ഇവരൊക്കെ സേവനം ചെയ്തിടത്ത് ഈ എളിയവനും കുടുംബസമേതം രണ്ടു കൊല്ലത്തോളം ജോലി ചെയ്യാന്‍ സാധിച്ചു. ആയിരത്തിലേറേ കുഷ്ഠരോഗികളോടൊപ്പം താമസിച്ചു ചിലവഴിച്ച ആ കാലഘട്ടം എന്റെ ജീവിതവീക്ഷണങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ദൈവം ഞാന്‍ അര്‍ഹിക്കുന്നതിലേറെ പ്രതിസമ്മാനങ്ങള്‍ എനിക്ക് തന്ന് അനുഗ്രഹിച്ചിട്ടുമുണ്ട്.)

കൊച്ചുകൊച്ചു വേദനകള്‍ വരുമ്പോള്‍ പോലും ഖിന്നരാകുന്ന നാം വേദനകള്‍ അറിയാനാകാത്തതു കൊണ്ട് വന്നുഭവിക്കുന്ന ദയനീയാവസ്ഥകളുടെ നേര്‍ച്ചിത്രമാണ് നാം കണ്ടത്. കേരളത്തില്‍ നിര്‍മ്മിച്ച ‘അശ്വമേധം’ (1967) (അതേ പേരിലുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്‌ക്കരണം), ഹോളിവുഡ് ഹിറ്റായ ‘ബെന്‍ഹര്‍’ (1959), ഗ്രഹാം സ്റ്റെയിന്‍സ് എന്ന ആസ്‌ട്രേലിയക്കാരന്‍ മിഷനറിയുടെ ദാരുണകഥ പറയുന്ന ‘ദ് ലീസ്റ്റ് ഓഫ് ദീസ്’ (The Least of These – 2019) തുടങ്ങി ഒട്ടനവധി ചലച്ചിത്രങ്ങളും കലാസൃഷ്ടികളും നമുക്ക് സുപരിചിതങ്ങളാണ്.

സര്‍വ്വരാലും ഉപേക്ഷിക്കപ്പെട്ട് മോളോക്കായ് ദ്വീപുകളില്‍ നരകയാതനകളുടെ ഇഹത്തിലെ മൂലരൂപം (proto type) ആയി ജീവിതാവസാനം വരെ കഴിയേണ്ടിവന്ന കുഷ്ഠരോഗികളെ പരിചരിച്ചും ശുശ്രൂഷിച്ചും അവരിലൊരുവനായി മരണം വരിച്ച ഫാ. ഡാമിയന്‍ (1840-1889) എന്ന വിശുദ്ധന്റെ  ജീവിതസാക്ഷ്യത്തിനു മുമ്പില്‍ തല വണങ്ങുന്നു.

വേദന നിവാരണ മാര്‍ഗ്ഗങ്ങള്‍ (ഉപാധികള്‍) 

വേദന എന്നത് മനുഷ്യന്റെ സാര്‍വ്വജനീനമായ അനുഭവമാണ്. പ്രാചീനകാലം മുതല്‍ ഇന്നീ നാള്‍ വരെ വേദനകളെ എങ്ങനെ ഇല്ലാതാക്കാം അല്ലെങ്കില്‍ മറികടക്കാം ഒന്നും പറ്റിയില്ലെങ്കില്‍ സഹിക്കാവുന്ന രീതിയിലേക്ക് മെരുക്കിയെടുക്കാം എന്ന ആശയം എല്ലാ കാലത്തും സജീവമായി വിചിന്തനം ചെയ്യപ്പെടുന്ന വിഷയമാണ്. അന്ധവിശ്വസത്തിലൂന്നിയ ക്ഷുദ്രക്രിയകള്‍, ദേവപ്രീതിക്കു വേണ്ടിയുള്ള യാഗങ്ങള്‍, ബലികള്‍ അങ്ങനെ എന്തെല്ലാം… ശാസ്ത്രീയവിചിന്തനങ്ങള്‍ പുരോഗമിച്ചതോടെ വേദന നിവാരണത്തിനുള്ള മരുന്നുകള്‍  ഏറെ പരീക്ഷിക്കപ്പെടുകയും കഷായം, ഗുളിക, കുത്തിവയപ്പ് ശസ്ത്രക്രിയയ്ക്കു വേണ്ടി ബോധം മയക്കുന്ന വാതകങ്ങള്‍, അക്യുപംങ്ചര്‍ തുടങ്ങിയവ കടന്നുവരികയും ചെയ്തു.

ഏറ്റവും കൂടുതല്‍ ഗവേഷണങ്ങളും മരുന്ന് നിര്‍മ്മാണവ്യവസായത്തിലെ കിടമത്സരങ്ങളും വേദനനിവാരണ മേഖലയിലാണ്. അവകാശവാദങ്ങള്‍ പലതുണ്ടെങ്കിലും’വഞ്ചി പലപ്പോഴും തിരുനക്കര തന്നെ’എന്നതാണ് സത്യം. വേദനസംഹാരികള്‍ ഔഷധനിര്‍മ്മാണ വ്യവസായത്തിലെ സ്വര്‍ണ്ണഖനിയാണ്. (വേദനസംഹാരി എന്ന പ്രയോഗം തന്നെ ഭീതിജനകമാണ്. വേദനക്കുള്ള മരുന്നിനെ വേദന മരുന്ന് എന്ന് വിളിച്ചാല്‍ പോരേ? എന്തിനാണ് ഈ സംഹാരം, കൊലപാതകി തുടങ്ങിയ പദപ്രയോഗങ്ങള്‍. Pain Killer എന്ന ആംഗലേയപ്രയോഗത്തിന്റ പദാനുപദ തര്‍ജ്ജമയാണ് ഈ സംഹാരി. വേദന സഹിക്കാനാവത്ത രോഗികള്‍ പോലും ‘എന്റെ പൊന്നുഡോക്ടറേ, വേദനസംഹാരിയൊന്നും കുറിച്ചുതരല്ലേ’ എന്ന് ഡോക്ടറോട് മുന്നറിയിപ്പായി പലപ്പോഴും  പറയാറുണ്ട്.  എന്നിട്ട് മുറിവൈദ്യന്മാരും വ്യാജന്മാരും കൊടുക്കുന്ന വേദനസംഹാരികള്‍ യാതൊരു മനശ്ചാഞ്ചല്യവും ഇല്ലാതെ വാങ്ങിക്കഴിക്കാറുമുണ്ട്).

വേദന നിവാരണവും മനുഷ്യാവകാശവും 

എന്തുകൊണ്ട് വേദനാജനകമായ സാഹചര്യങ്ങളില്‍ അവലംബിക്കേണ്ട സന്മാര്‍ഗ്ഗതത്വങ്ങളും നൈയാമിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് പ്രാബല്യത്തില്‍ വരുത്താന്‍ ചികിത്സാരംഗത്തെ വിദഗ്ദരും ഭരണാധികാരികളും മതനേതാക്കന്മാരും ഇത്രയേറെ വൈകി?

കാരണങ്ങള്‍ പലതുണ്ട്. നൂറ്റാണ്ടുകളായി ചികിത്സാ സമ്പ്രദായങ്ങള്‍ ഊന്നല്‍ നല്‍കിയത് രോഗികളുടെ ജീവന്‍ രക്ഷിക്കാനും ജീവന്‍ നിലനിര്‍ത്താനുമുള്ള മാര്‍ഗ്ഗങ്ങള്‍ക്കും മരുന്നുകള്‍ക്കുമായിരുന്നു. വേദന നിവാരണവും  മനുഷ്യജീവിതത്തിന് തനതായ മഹിമയും അന്തസ്സും (Human Dignity) നിലനിര്‍ത്താനുള്ള കടമയും രണ്ടാം നിരയിലേക്ക് നീങ്ങി. എന്നാല്‍ വേദന നിവാരണം എന്ന ആശയത്തിന് മനുഷ്യാവകാശം  എന്ന മൗലികപ്രാധാന്യവും പരിരക്ഷയും കൈവന്നത് 1990 -കളിലാണ്.

എല്ലാ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സംഘടനകളും അമേരിക്കന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ (AMA), ലോകാരോഗ്യ സംഘടന (WHO) തുടങ്ങിയ പ്രമുഖ സംഘടനകളും ഈ വിഷയത്തില്‍ പഠനങ്ങള്‍ നടത്തി പ്രഖ്യാപനങ്ങളും (Declaration) മാര്‍ഗ്ഗനിര്‍ദേശങ്ങളും (Guidelines) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മനുഷ്യവ്യക്തിത്വത്തില്‍ (Human Personality) അന്തര്‍ലീനമായ, മാന്യതക്കു നിരക്കുന്ന വേദന നിവാരണ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുക എന്നത് മനുഷ്യാവകാശ സംരക്ഷണത്തിന്റെ അനിഷേധ്യ ഭാഗമാണ് (Montreal Declaration 2011- International Association for the study of pain). വേദനകളും ദുരിതങ്ങളും (Pain and Suffering) ഇല്ലായ്മ ചെയ്യാനോ, കഴിയുന്നത്ര ലഘൂകരിക്കാനെങ്കിലുമോ ശ്രമിക്കേണ്ടത് ചികിത്സിക്കുന്ന ഭിഷഗ്വരന്റെ സത്യപ്രതിഞ്ജയിന്‍ കീഴിലുള്ള കടമയാണ്.

സൃഷ്ടജാലങ്ങളുടെ നിലനില്‍പിനു തന്നെ അനുപേക്ഷണീയമായ വേദന എന്ന വരദാനം ഒട്ടനവധി അസുഖകരമായ അനുഭവങ്ങള്‍ക്ക് നിദാനമാകുന്നതു കൊണ്ട് വിഞ്ജനായ നരന്‍ (Homo-sapiens) അനാദിയിലേ വേദനകള്‍ മറികടക്കാനുള്ള ഉപായങ്ങള്‍ തേടാന്‍ തുടങ്ങി. കരച്ചിലിന് കാതോര്‍ത്ത് കാത്തിരുന്നു കേള്‍ക്കുന്ന മാത്രയില്‍ ആഹ്ലാദവും ആനന്ദവും പങ്കിടുന്ന അവസരം ഒന്നേയുള്ളൂ. പിറന്നുവീഴുന്ന കുഞ്ഞിന്റെ ആദ്യരോദനം. ആ മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പുള്ള ഏതാനും സമയം സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന പ്രസവവേദന പോലും ഒഴിവാക്കിയെടുക്കുന്നതിലാണ് ഇന്നത്തെ പ്രസൂതിക വിദഗ്ധരുടെ പ്രാഗത്ഭ്യം – ചികിത്സാ സ്ഥാപനത്തിന്റെ ഒരു മുഖ്യ വരുമാനസ്രോതസും. കാലം ഏറെ പുരോഗമിച്ചിട്ടും വേദന നിവാരണം പല രോഗാവസ്ഥകളിലും ഒരു മരീചികയാണ് താനും.

മതാത്മക വീക്ഷണങ്ങള്‍

വേദനകളും ദുരിതങ്ങളും ജീവിതത്തില്‍ ചെയ്തുപോയ തെറ്റുകുറ്റങ്ങള്‍ക്കുള്ള ദൈവശിക്ഷയാണ് എന്ന ചിന്ത പല മതവിശ്വാസങ്ങളിലും ഇന്നും പ്രബലമാണ്. കത്തോലിക്കാ സഭ, സഹനങ്ങളെ വ്യക്തികള്‍ക്കായി ദൈവം ഒരുക്കിയിരിക്കുന്ന രക്ഷാകരപദ്ധതിയുടെ ഭാഗമായി അവതരിപ്പിക്കുന്നു. സഹനത്തിന്റെ രക്ഷാകരമൂല്യം –  Redemptive Suffering – എന്ന അപ്പസ്‌തോലിക ലേഖനം പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രദ്ധയോടെ വായിച്ചുപഠിക്കേണ്ട ഒരു ഗ്രന്ഥമാണ്.

(Salvifici Doloris, John Paul II February 11,1984) കത്തോലിക്കാ തിരുസഭയുടെ പാരമ്പര്യത്തില്‍ ദയാവധം ഒരുതരത്തിലും അംഗീകരിക്കുന്നില്ല. അതുകൊണ്ടു തന്നെ രോഗാവസ്ഥയില്‍ ഉപയോഗിക്കുന്ന വേദന നിവാരണ ഔഷധങ്ങളുടെ ഉപയോഗം മരണത്തിലേക്ക് നയിക്കുകയോ, മരണം ത്വരിതപ്പെടുത്തുന്നതിന് ഇടയാക്കുകയോ ചെയ്യുന്നത് സന്മാര്‍ഗ്ഗ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ല. എന്നാല്‍ മനുഷ്യത്വത്തിലും ക്രിസ്ത്യന്‍ സത്മാര്‍ഗ്ഗ തത്വങ്ങള്‍ക്കനുസൃതമായും വേദന നിവാരണത്തിനുപയോഗിക്കുന്ന ഔഷധങ്ങള്‍ ഭാഗികമായി ബോധം മറയുന്നതിനോ, തെളിമയോടെ ചിന്തിക്കാനുള്ള കഴിവു കുറയുന്നതിനോ ഇടയാക്കാമെങ്കിലും പ്രഥമപ്രാധാന്യം വേദന നിവാരണത്തിനു നല്‍കുന്നതിനാലും മരണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം ഇല്ലാത്തതിനാലും അപ്രകാരമുള്ള ചികിത്സാരീതികള്‍ സത്മാര്‍ഗ്ഗതത്വങ്ങള്‍ക്ക് എതിരല്ല (CDF; Declaration on Euthanasia Washington DC USCCB 1980:6).

ഉപസംഹാരം

ജീവിതത്തില്‍ അനുഭവവേദ്യമാകുന്ന മുഖ്യഭാവങ്ങളില്‍ പ്രധാനപ്പെട്ടവയാണ് വേദനകളും സഹനങ്ങളും. അവ അന്യവത്ക്കരിക്കാനാവാത്തതും (alienate) അനിവാര്യവും (inevitable) ആണ്. ജീവിതകാലത്ത് എപ്പോഴെങ്കിലുമൊക്കെ വന്നുഭവിക്കുന്ന വേദനകളും സഹനങ്ങളും ശാരീരികമായ അസ്തിത്വത്തിന്റെ അനിവാര്യ നിബന്ധനയാണ് (sine qua non). വേദനകള്‍ –  അവ വ്യക്തിഗതമാകാം, കൂട്ടായ്മയിലും അനുഭവപ്പെടാം – ഒരു വ്യക്തിയുടെ പോലും തിക്താനുഭവങ്ങളുടെ  അനുരണങ്ങള്‍ സമൂഹത്തിലും അനുഭവവേദ്യമാകാതിരിക്കില്ല- പലപ്പോഴും വേദനകളും സഹനങ്ങളും ഇഴപിരിക്കാനാവാത്ത വിധം  അനുഭവങ്ങളുടെ കൂടിച്ചേരൽ ആയിരിക്കും. ശാരീരിക വേദന, മാനസിക വ്യഥകള്‍, നഷ്ടബോധങ്ങള്‍, മോഹഭംഗങ്ങള്‍, ആത്മീയസംഘര്‍ഷങ്ങള്‍, അസ്തിത്വദുഃഖങ്ങള്‍… അങ്ങനെ വേദനകള്‍ക്കും സഹനങ്ങള്‍ക്കും നിദാനങ്ങള്‍ ഏറെ.

പല മതങ്ങളും സഹനങ്ങളും വേദനകളും അതില്‍ത്തന്നെ  മൂല്യവത്താണ് എന്നു കരുതുന്നില്ല. എന്നാല്‍ കത്തോലിക്കാ സഭാ വിശ്വാസധാരയില്‍, ജീവിതത്തിലെ ദുഃഖദുരിതങ്ങള്‍ക്ക് ക്രിസ്തുവിന്റെ രക്ഷണീയ കര്‍മ്മത്തില്‍  ഉള്‍ച്ചേര്‍ന്നിരിക്കുന്ന പീഢാസഹനങ്ങളോട് ചേര്‍ത്ത്, ദൈവഹിതം നിറവേറട്ടേ എന്ന തുറവോടെ ഇഹലോകജീവിതത്തിലെ സഹനങ്ങളും വേദനകളും പാപവിമോചകവും രക്ഷാകരവുമായി മാറ്റാനാവും. ഈ ബോദ്ധ്യത്തോടെ സ്വമനസ്സാ അവ ഏറ്റുവാങ്ങുമ്പോള്‍ ദുഃഖദുരിതങ്ങള്‍ക്ക് രക്ഷാകരമൂല്യം കൈവരും (Redemptive value).

“പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകന്നുപോകട്ടെ; എങ്കിലും എന്റെ ഹിതം പോലെയല്ല അങ്ങയുടെ ഹിതം പോലെയാകട്ടെ” – ദിവ്യനാഥന്റെ ദൈവഹിതത്തോടുള്ള ഈ സമ്പൂര്‍ണ്ണ സമര്‍പ്പണം നാം സഹനങ്ങളില്‍ കൈക്കൊള്ളുന്നതാണ് ആര്‍ക്കും വേണ്ടാത്ത വേദനകള്‍ പത്തരമാറ്റും 91.7 ഹാള്‍മാര്‍ക്കിങ്ങുമുള്ള സുവര്‍ണ്ണ വരദാനമാക്കി മാറ്റുന്നതിന്റെ ‘ആല്‍കെമി'(alchemy).

ഡോ. ജോയ് ഫ്രാൻസിസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.