ദിവ്യകാരുണ്യത്തിന്റെ സ്വന്തം കാർലോ

കമ്പ്യൂട്ടറിന്റെയും സോഷ്യൽ മീഡിയയുടെയും നടുവിൽ ജീവിക്കുന്ന ഇന്നത്തെ യുവതലമുറക്ക് മാതൃകയാക്കാൻ, ഒക്ടോബർ 10 -ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട കാർലോ അക്വിറ്റസ്‌ എന്ന കൗമാരക്കാരന്റെ ജീവിതം അറിയുക എന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന – വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന – ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്.

1991 മെയ് 3 -ന് ലണ്ടനിൽ ജനിച്ച കാർലോ, എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. വിശുദ്ധനാവുക എന്ന തീവ്രമായ ആഗ്രഹം തന്നിലുണ്ടാകണമെന്ന ഒരൊറ്റ പ്രാർത്ഥനയോടെ, എപ്പോഴും ഈശോയോടു ചേർന്നായിരിക്കുക എന്ന ജീവിതലക്ഷ്യവുമായി നമ്മുടെ ഈ നൂറ്റാണ്ടിൽ ജീവിച്ച ഒരു കൗമാരക്കാരൻ. ദിവ്യകാരുണ്യത്തിലെ ഈശോയെ ചങ്കോട് ചേർത്തുവച്ചു സ്നേഹിക്കുക എന്നതിലുപരി അസാധാരണമായതൊന്നും ചെയ്യാതെ തന്നെ അവൻ വിശുദ്ധിയുടെ പടവുകൾ കയറുകയായിരുന്നു.

വിശ്വാസജീവിതം

കാർലോ ഏറ്റവുമധികം സ്നേഹിച്ചത് ഈശോയെയും പരിശുദ്ധ അമ്മയെയും ആയിരുന്നു. ഏഴാം വയസ്സിൽ ദിവ്യകാരുണ്യ ഈശോയെ സ്വീകരിച്ച നാൾ മുതൽ എല്ലാ ദിവസവും അവൻ വിശുദ്ധ കുർബാനയിൽ മുടക്കമില്ലാതെ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ജപമാല ചൊല്ലുന്നതും ഒരിക്കലും അവൻ മുടക്കിയിരുന്നില്ല.

സാധിക്കുന്നത്രയും ജപമാലകൾ പരിശുദ്ധ അമ്മക്കു സമർപ്പിക്കാൻ അവന് വലിയ ഉത്സാഹമായിരുന്നു. ആഴ്ചയിൽ ഒരിക്കൽ കുമ്പസാരിക്കുമെന്ന് അവൻ ഉറപ്പാക്കി. വിശുദ്ധ കുർബാനക്കു മുൻപോ അതിനു ശേഷമോ ദിവ്യകാരുണ്യ ആരാധന കൂടി നടത്താൻ അവൻ എന്നും സമയം കണ്ടെത്തിയിരുന്നു.

‘ദിവ്യകാരുണ്യ ഈശോയെ നാം എത്രയധികം സ്വീകരിക്കുന്നുവോ നമ്മൾ അത്രയും ഈശോയെപ്പോലെ ആകുന്നു’ എന്ന് കാർലോ പറയുമായിരുന്നു. അസീസിയിലെ വി. ഫ്രാൻസിസ്, വി. ഡൊമിനിക്ക്, ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിച്ച വി. ഫ്രാൻസിസ്ക്കോ, വി. ജസീന്ത, എന്നിവരുടെ ജീവിതം കാർലോയെ സ്വാധീനിക്കുകയും അവൻ അവരെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

സാങ്കേതികവിദ്യയുടെ യജമാനൻ

കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ഫിലിം എഡിറ്റിംഗ്, വെബ്സൈറ്റ് ഡിസൈനിംഗ് എന്നിവയിൽ അവന് അസാമാന്യ വൈദഗ്ധ്യം ഉണ്ടായിരുന്നു. വീഡിയോ ഗെയിം കളിക്കാൻ അവൻ ആഴ്ചയിൽ ഒരു മണിക്കൂർ എന്ന നിഷ്ഠ സ്വയമേ പാലിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കൗമാരക്കാരൻ എങ്കിലും ഈ നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യകളുടെ സ്വാധീനത്തിൽ പെട്ട് അവയുടെ അടിമയാകാനല്ല, സമയോചിതമായി അവ ഉപയോഗിക്കാൻ പരിശ്രമിച്ചുകൊണ്ട് അവയുടെ യജമാനന്‍ ആകാനാണ് അവൻ  ശ്രദ്ധിച്ചത്.

കാവൽമാലാഖയുമായി അടുപ്പം കാത്തുസൂക്ഷിക്കാനും താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കാവൽമാലാഖയുടെ സഹായം അപേക്ഷിക്കാനും അവൻ മറന്നില്ല. അങ്ങനെയാണ് ഇന്റർനെറ്റിന്റെ മദ്ധ്യസ്ഥനായി കാർലോ മാറിയത്.

വിശ്വാസപ്രഘോഷണം

ദിവ്യകാരുണ്യത്തിൽ ഈശോയുടെ ജീവിക്കുന്ന സാന്നിധ്യം അനുഭവിച്ച കാർലോയുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ സംഭാവനയായിരുന്നു ദിവ്യകാരുണ്യ അത്ഭുതങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ട് അവൻ നിർമ്മിച്ച വെബ്സൈറ്റ്: http://www.miracolieucaristici.org/en/Liste/list.html

കാർലോ, തന്റെ പതിനൊന്നാം വയസ്സ് മുതൽ നൂറ്റാണ്ടുകളിലായി ലോകമെമ്പാടും നടന്നതും പരിശുദ്ധ കത്തോലിക്കാ സഭ അംഗീകരിച്ചതുമായ ഏകദേശം 135 -ഓളം ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിവരങ്ങൾ സമാഹരിക്കാൻ തുടങ്ങി. 2006 ഒക്ടോബർ 12 -ന്, തന്റെ പതിനഞ്ചാം വയസ്സിൽ അവൻ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ്, അവ തന്റെ വെബ്സൈറ്റിലൂടെ ഒരു വെർച്ച്വൽ മ്യൂസിയം ആക്കുകയും പാനൽ പ്രസന്റേഷൻ വഴി അവ ലോകമെങ്ങും എത്തിക്കാനുള്ള മാർഗ്ഗം കണ്ടെത്തുകയും ചെയ്തു.

പരസ്നേഹ പ്രവൃത്തികൾ

കാർലോ,തനിക്ക് ദൈവത്തിൽ നിന്ന് ദാനമായി ലഭിച്ച കഴിവുകളിലൂടെ, ദിവ്യകാരുണ്യ അത്ഭുതങ്ങൾ എല്ലാവരിലേക്കും എത്തിച്ചുകൊണ്ട് ദൈവരാജ്യപ്രഘോഷണത്തിനായി പ്രയത്നിച്ചു. സത്യസന്ധനും എല്ലായ്‌പോഴും സന്തോഷവാനും ഉദാരമനസ്കനുമായിരുന്ന കാർലോക്ക് ദരിദ്രരോടും വികലാംഗരായ തന്റെ സഹപാഠികളോടും ഭിക്ഷ യാചിക്കുന്നവരോടും പ്രത്യേക പരിഗണന ഉണ്ടായിരുന്നു.

തന്റെ കൂട്ടുകാരുടെ മാതാപിതാക്കളുടെ ഇടയിലെ ഡിവോഴ്‌സുകൾ കാർലോയെ അസ്വസ്ഥപ്പെടുത്തി. കൂട്ടുകാരെ തന്റെ ഭവനത്തിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് തന്നാലാകുംവിധം അവരെ സമാശ്വസിപ്പിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു.

അവസാന നാളുകൾ

ലുകീമിയ എന്ന രോഗം ബാധിച്ച് ആശുപത്രിയിൽ ആയിരിക്കുമ്പോൾ, അവന്റെ അവസാന നാളുകളിൽ, തനിക്ക് വേദന ഉണ്ടോ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ, “തന്നേക്കാളധികം വേദനകൾ സഹിക്കുന്നവർ അനേകം പേർ ഈ ലോകത്തിലുണ്ട്” എന്നായിരുന്നു അവന്റെ മറുപടി.

രോഗാവസ്ഥയുടെ സഹനങ്ങളും വേദനകളും അവൻ, അന്നത്തെ മാർപാപ്പ ആയിരുന്ന പോപ്പ് എമിരേറ്റ്സ് ബനഡിക്ട് പതിനാറാമനു വേണ്ടിയും കത്തോലിക്കാ തിരുസഭക്കു വേണ്ടിയും ദൈവപിതാവിന് കാഴ്ച വയ്ക്കുകയായിരുന്നു.

ഈ ചെറുപ്പക്കാരന്റെ അതുല്യമായ ക്രൈസ്തവ വിശ്വാസസാക്ഷ്യം, അവന്റെ ചുറ്റുപാടിലുണ്ടായിരുന്ന അനേകരെ വിശ്വാസത്തിൽ ഉറപ്പിക്കാൻ പ്രേരകമായി. മരണസമയം അടുക്കാറായപ്പോൾ അവൻ തന്റെ അമ്മയോട് പറഞ്ഞു: “അമ്മ വിഷമിക്കരുത്. മരിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. കാരണം, ദൈവത്തിന്റെ ഇഷ്ടത്തിനെതിരായ എന്തെങ്കിലും ചെയ്തുകൊണ്ട് ഒരിക്കലും ഞാൻ എന്റെ ജീവിതത്തിലെ ഒരു നിമിഷം പോലും നഷ്ടപെടുത്തിയില്ല.”

വിശുദ്ധിയുടെ പടവുകളിലേയ്ക്ക്‌

കാർലോയുടെ മരണശേഷം ചുരുക്കം നാളുകൾക്കിടയിൽ തന്നെ അവൻ ദൈവദാസനായി നാമകരണം ചെയ്യപ്പെട്ടു. 2018 ജൂലൈ 5 -ന് ഫ്രാൻസിസ് പാപ്പ അവനെ ധന്യനായി പ്രഖ്യാപിച്ചു. 2013 -ൽ പിത്താശയ സംബന്ധമായ ഒരു അപൂർവ്വരോഗം ബാധിച്ച ബ്രസീലിലെ ഒരു കുട്ടിക്ക് കാർലോയുടെ മാദ്ധ്യസ്ഥ്യം യാചിച്ചു കൊണ്ട് നൊവേന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി രോഗസൗഖ്യം ലഭിച്ച സംഭവമാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് കാർലോയെ ഉയർത്താൻ സഹായകമായത്. 2020 ഫെബ്രുവരിയിലാണ് ഈ അത്ഭുതം പരിശുദ്ധ പിതാവ് അംഗീകരിച്ചത്.

നമ്മെയും പ്രതീക്ഷിച്ച് സ്വർഗ്ഗത്തിൽ കാത്തിരിക്കുന്ന കാർലോയുടെ ധന്യജീവിതം നമുക്കും മാതൃകയാക്കാം. അവനും വിശുദ്ധനാകാമെങ്കിൽ എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ എന്നൊരു ചോദ്യം നമ്മുടെ മനസ്സിലും ഉയരട്ടെ.

ലിഷ ഷാജു 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.