പ്രാര്‍ത്ഥനയില്‍ അനുഭവപ്പെടുന്ന പ്രതിബന്ധങ്ങളെക്കുറിച്ച് മാര്‍പാപ്പ

ബുധനാഴ്ചത്തെ പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍, നമുക്കോരോരുത്തര്‍ക്കും പ്രാര്‍ത്ഥനാവേളയില്‍ അനുഭവപ്പെടുന്ന പ്രതിബന്ധങ്ങളെക്കുറിച്ചാണ് ഫ്രാന്‍സിസ് പാപ്പാ വിവരിച്ചത്. തിരിച്ചറിയേണ്ടതും തരണം ചെയ്യേണ്ടതുമായ പൊതുവായ ചില ബുദ്ധിമുട്ടുകളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

അശ്രദ്ധ എന്ന പ്രതിബന്ധത്തെക്കുറിച്ചാണ് പാപ്പാ ആദ്യം സൂചിപ്പിച്ചത്. പ്രാര്‍ത്ഥനയോടൊപ്പം പലപ്പോഴും അശ്രദ്ധയുമുണ്ടെന്നും വാസ്തവത്തില്‍, ദീര്‍ഘനേരം ഏകാഗ്രത പാലിക്കാന്‍ മനുഷ്യമനസ്സിന് ബുദ്ധിമുട്ടാണെന്നും പാപ്പാ പറഞ്ഞെങ്കിലും ആര്‍ജ്ജിച്ചെടുക്കുന്ന ഏകാഗ്രതയിലൂടെയും മാനസിക അച്ചടക്കത്തിലൂടെയും ആ അശ്രദ്ധയെ മാറ്റിനിര്‍ത്താമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

“അശ്രദ്ധകള്‍ തെറ്റാണെന്നു പറയാനാകില്ല. പക്ഷേ അവയ്‌ക്കെതിരെ പോരാടേണ്ടിയിരിക്കുന്നു. നമ്മുടെ വിശ്വാസപൈതൃകത്തില്‍ പലപ്പോഴും വിസ്മരിക്കപ്പെടുന്നതും എന്നാല്‍ സുവിശേഷത്തില്‍ ഏറെ സന്നിഹിതമായതുമായ ഒരു പുണ്യമാണ് ജാഗരൂഗത” – പാപ്പാ ഓര്‍മ്മിപ്പിച്ചു.

രണ്ടാമതായി പാപ്പാ ചൂണ്ടിക്കാണിച്ച പ്രതിബന്ധം ഉദാസീനതയാണ്. ഉദാസീനത ആത്മനിഗ്രഹത്തിന്റെ അയവും ജാഗ്രതാക്കുറവും ഹൃദയത്തിന്റെ അശ്രദ്ധയും മൂലം ഉണ്ടാകുന്ന വിഷാദരോഗത്തിന്റെ ഒരു വകഭേദമാണെന്നാണ് പാപ്പാ പറഞ്ഞത്. അവസാനമായി, ക്ലേശകരങ്ങളായ സമയങ്ങളില്‍ തളരാതെ പിടിച്ചുനില്‍ക്കാന്‍ പ്രാപ്തരാകുമ്പോഴാണ് പ്രാര്‍ത്ഥന വിലയുള്ളതാകുന്നതെന്നും പാപ്പാ വ്യക്തമാക്കി. അതിന് വിശുദ്ധരില്‍ പലരും തങ്ങളുടെ ജീവിതത്തില്‍ നയിച്ചിട്ടുള്ള പ്രാര്‍ത്ഥനകളെ മാതൃകയാക്കാമെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.