എറിത്രിയയിൽ 150-ഓളം ക്രിസ്ത്യാനികൾ പോലീസ് കസ്റ്റഡിയിൽ 

കഴിഞ്ഞ രണ്ടു മാസത്തിനിടെ എറിത്രിയൻ പോലീസ് അകാരണമായി കസ്റ്റഡിയിൽ വച്ചിരിക്കുന്നത് 150-ഓളം ക്രിസ്ത്യാനികളെ. ഇവരെ രഹസ്യസങ്കേതങ്ങളിലും ഭൂഗർഭ ജയിലുകളിലുമായി പാർപ്പിച്ചിരിക്കുകയാണ് എന്ന് വേൾഡ് വാച്ച് മോണിറ്റേഴ്സ് എന്ന സംഘടന വെളിപ്പെടുത്തി.

ആഗസ്റ്റ് പതിനെട്ടാം തീയതിയാണ് അവസാനത്തെ അറസ്റ്റ്  നടന്നത്. തലസ്ഥാനമായ അസ്മാരയിലെ വിമാനത്താവളത്തിനടുത്തുള്ള ഗോഡയേഫ് എന്ന പ്രദേശത്തു നിന്ന് 80 ക്രിസ്ത്യാനികളെയാണ് അന്ന് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ക്രിസ്ത്യാനികളെ ബലമായി തടങ്കലിൽ പാർപ്പിക്കുന്ന തരത്തിലുള്ള നടപടികൾ എറിത്രിയൻ പോലീസിന്റെ നടപടികൾ ജൂൺ മാസം ഇരുപത്തിമൂന്നാം തീയതിയോടെയാണ് ആരംഭിക്കുന്നത്. അന്ന് 70 പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരില്‍ 35 സ്ത്രീകളും10 കുട്ടികളും ഉള്‍പ്പെടുന്നു. നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അഷുഫെറ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ഈ ജയില്‍ ഒരു ഭൂഗര്‍ഭ ജയിലാണെന്നും ഇവിടെ താമസിപ്പിക്കുന്ന തടവുകാരുടെ ജീവിതം അതീവ ദുസ്സഹമാണെന്നു പ്രാദേശികവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തതിനു ശേഷം സഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനങ്ങളും ഭരണകൂടം പൂട്ടിച്ചു.