ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മാര്‍പാപ്പായ്ക്ക് ആശംസകളും പ്രാര്‍ത്ഥനകളും

വന്‍കുടലിന്റെ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാന്‍സിസ് പാപ്പായുടെ അതിവേഗ സൗഖ്യത്തിനായി അദ്ദേഹത്തിന് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ആയിരങ്ങള്‍. മതനേതാക്കളും രാഷ്ട്രീയനേതാക്കളും പാപ്പായുടെ അഭ്യുദയകാംക്ഷികളും ലോകമെമ്പാടുമുള്ള വിശ്വാസികളുമെല്ലാം പാപ്പായ്ക്ക് ആശംസകളും പ്രാര്‍ത്ഥനയും നേരുന്നുണ്ട്.

പാപ്പായ്ക്ക് തങ്ങളുടെ സാന്നിധ്യവും സ്‌നേഹവും അറിയിച്ചും വേഗത്തില്‍ പരിപൂര്‍ണ്ണമായ സൗഖ്യം ആശംസിച്ചുമാണ് സന്ദേശ പ്രവാഹം. പരിശുദ്ധ സിംഹാസനത്തിന്റെ വാര്‍ത്താവിതരണ വകുപ്പ് പാപ്പായുടെ ആശുപത്രി പ്രവേശനത്തെക്കുറിച്ച് ഇറക്കിയ പ്രസ്താവനയെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ നിറഞ്ഞുതുടങ്ങി.

കോണ്‍സ്റ്റന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കായ ബര്‍ത്തലോമിയോ ഒന്നാമന്‍, അല്‍-അസാര്‍ സര്‍വ്വകലാശാലയിലെ സുന്നി ഇമാം അഹമ്മദ് അല്‍ തയീബ്, റോമിലെ ഹെബ്രായ സമൂഹത്തിന്റെ തലവനായ റാബ്ബി റിക്കാര്‍ദോ ദി സെഞ്ഞിയും, സാന്ത് എജിദിയോ സമൂഹവും ഇറ്റാലിയന്‍ പ്രസിഡണ്ട് സെര്‍ജോ മത്തെരെല്ലാ, പ്രധാനമന്ത്രി മരിയോ ദ്രാഗി, ഇറ്റാലിയന്‍ മെത്രാന്‍സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഗ്വല്‍ത്തിയെരൊ ബസ്സെത്തി, ഇസ്രായേലിന്റെ പ്രസിഡണ്ടായ റിവ്‌ലിന്‍, ആഫ്രിക്കയിലെ നൈജീരിയന്‍ പ്രസിഡണ്ട് മുഹമ്മദ് ബുഹാരി, വെനീസ്വലയിലെ പ്രസിഡണ്ട് നിക്കോളാസ് മദൂരൊ തുടങ്ങി അനേകര്‍ പാപ്പായുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥനകളും ആശംസകളും അറിയിച്ചുകൊണ്ടിരിക്കുന്നു. ഒരാഴ്ച കൂടി പാപ്പായ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടതുണ്ടെന്നാണ് വത്തിക്കാനില്‍ നിന്ന് അറിയിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.