കാനായിലെ അത്ഭുതം നമ്മുടെ അമ്മയ്ക്കും കഴിയും

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മിഷൻപ്രദേശത്തെ പള്ളിയിൽ ക്രിസ്തുമസ് കുർബാന. തുടർന്ന് കേക്ക് മുറിക്കുന്ന പതിവുണ്ട്. അതുകൊണ്ടാവാം കുർബാന കഴിഞ്ഞതേ എല്ലാവരും ഇരുന്നു. അൾത്താരയ്ക്കു മുമ്പിലെ മേശമേൽ വച്ചിരുന്ന കേക്ക് പ്രാർത്ഥനയ്ക്കുശേഷം ഞാൻ മുറിച്ചു. അപ്പോഴാണ് കമ്മറ്റിക്കാർ വന്നു പറഞ്ഞത്: “അച്ചാ, നമ്മൾ കേക്ക് കഷണങ്ങൾ ഓർഡർ ചെയ്ത കടക്കാരന് ചില കാരണങ്ങളാൽ കേക്ക് എത്തിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്തോ അപകടം ഉണ്ടായെന്നാണ് കേട്ടത്. ഇനി കേക്കുകഷണങ്ങൾ തേടി ഈ രാത്രിയിൽ എവിടെ ചെന്നാലും കിട്ടുമെന്നു തോന്നുന്നില്ല.”

തണുപ്പുള്ള രാത്രിയിലും പെട്ടന്ന് ഞാൻ വിയർത്തു. ക്രിസ്തുമസ് കുർബാനയ്ക്കുശേഷം കേക്ക് ഇല്ല എന്നത് ആ പാവപ്പെട്ട ജനതയെ വളരെ വിഷമിപ്പിക്കും. എന്റെ വിഷമം മനസിലാക്കിയ ചില അമ്മമാർ മുമ്പോട്ടു വന്നു: “അച്ചാ, കാര്യങ്ങൾ ഇപ്പോഴാണറിഞ്ഞത്. അച്ചൻ വിഷമിക്കേണ്ട. എല്ലാവർക്കും കേക്ക് കിട്ടിയാൽ പോരെ? അത് ഞങ്ങൾ ശരിയാക്കിത്തരാം. അച്ചൻ ജനങ്ങളെക്കൊണ്ട് രണ്ട് പാട്ട് പാടിക്കൂ. അപ്പോഴേയ്ക്കും ഞങ്ങളിങ്ങെത്തും.”

എല്ലാവരുടെയും മുമ്പിൽ വച്ചു മുറിച്ച ആ രണ്ടു കിലോ കേക്കുമായി അമ്മമാർ സങ്കീർത്തിയിലേയ്ക്കു പോയി. നിമിഷനേരം കൊണ്ട് അവരത് നന്നേ ചെറുതായി മുറിച്ചുകൊണ്ടു വന്നു. ജനക്കൂട്ടത്തിന് അത് തികയുമോ എന്ന ആകുലതയായിരുന്നു മനം നിറയെ. അമ്മമാരുടെ നിർദ്ദേശപ്രകാരം സംഭവിച്ചതെല്ലാം ഞാൻ ആളുകളോട് പറഞ്ഞു. കൂടാതെ, എല്ലാവർക്കും കേക്കുകഷണങ്ങൾ കിട്ടിയതിനുശേഷം ഒരുമിച്ച് ഭക്ഷിക്കാമെന്ന് അവരെ ഓർമ്മപ്പെടുത്തുകയും ചെയ്തു. എന്റെ മിഴികളെ ഈറനണിയിച്ചു കൊണ്ട് അമ്മമാർ എല്ലാവർക്കും ചെറിയ കഷണങ്ങൾ വിളമ്പി. ബാക്കിയും വന്നു.

നിങ്ങൾക്ക് ഇതെങ്ങനെ സാധിച്ചു എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടവർ പറഞ്ഞു: “അച്ചാ, ഞങ്ങൾ അമ്മമാർ ഇടപെട്ടാൽ തീരാത്ത പ്രശ്നങ്ങളില്ല. ഇല്ലായ്മയിൽ നിന്നും എത്ര വയറുകളെയാണ് ഞങ്ങൾ അനുദിനം പോറ്റുന്നത്. അപ്രതീക്ഷിതമായി അതിഥികൾ വരുമ്പോഴും അവർക്കെല്ലാം അന്നം വിളമ്പിയല്ലേ ഞങ്ങൾ പറഞ്ഞയയ്ക്കൂ.”

വലിയ സത്യം ഓർമ്മപ്പെടുത്തിയ വടക്കേ ഇന്ത്യയിലെ ആ അമ്മമാരെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ഇന്നും പ്രാർത്ഥിക്കാറുണ്ട്. ഭവനങ്ങളിലും ഇടവകകളിലുമെല്ലാം എന്തുമാത്രം അത്ഭുതങ്ങളാണ് അമ്മമാരുടെ കരങ്ങളിലൂടെ ദൈവം പ്രവർത്തിക്കുന്നത്? അമ്മ ഇടപെട്ടാൽ തീരുന്ന പ്രശ്നങ്ങളല്ലേ നമ്മുടെ ഭവനങ്ങളിലുമുള്ളൂ?

ഇവിടെയാണ് കാനായിലെ കല്യാണനാളിൽ നാണക്കേടിന്റെ വക്കിൽ നിന്നും ഒരു കുടുംബത്തെ കരകയറ്റിയ പരിശുദ്ധ അമ്മയെ നാം ഓർക്കേണ്ടത്. ആരും പറയാതെ, ആരോടും കയർക്കാതെ, ആരെയും കുറ്റപ്പെടുത്താതെ എത്ര ശാന്തമായാണ് അവൾ ഇടപെടുന്നത്? (Ref: യോഹ. 2:1-11). ആ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ കൽഭരണികളിൽ വെള്ളം നിറയുമായിരുന്നില്ല. പന്തിയിൽ മേൽത്തരം വീഞ്ഞും എത്തുമായിരുന്നില്ല. കാനായിലെ അത്ഭുതങ്ങൾ നമ്മുടെ കുടുംബംങ്ങളിലും ഉണ്ടാകണമെങ്കിൽ അമ്മമാർ ഉണരട്ടെ. അവരോട് ചേർന്നുനിന്ന് അപ്പനും മക്കളും വിരുന്നൊരുക്കുമ്പോൾ കുടുംബങ്ങൾ വിശുദ്ധിയുടെ ശ്രേഷ്ഠകൂടാരങ്ങളായി മാറുമെന്നതിൽ സംശയമുണ്ടോ?

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.