കുരിശിന്റെ വഴിയും മാതാവിന്റെ വ്യാകുലങ്ങളും

സമസ്ത നന്മകൾക്കും പര്യായമായി മനുഷ്യഭാഷയിലുള്ള ഒരു പദമാണ് പരി. അമ്മ. തിരുസുതന്റെ കാൽവരിയാഗത്തിലൂടെ തന്റെ ആത്മസമർപ്പണത്തെ പൂർത്തീകരിച്ചവൾ. പരി. അമ്മയിലൂടെ, ദൈവിക പദ്ധതിയുടെ ചുരുളു നിവർന്ന് അർത്ഥപൂർണ്ണമായ വിശ്വസ്തവും വിശുദ്ധവുമായ സമർപ്പണത്തിന്റെ ശ്രേഷ്ഠതയാണ് വ്യക്തമാക്കുക. പുത്രനോടു ചേർന്നുള്ള സഹനങ്ങളിലൂടെ അവൾ നമ്മുടെ രക്ഷക്കുവേണ്ടി സഹകരിച്ചതിന്റെ പ്രതിഫലനമാണ് ദൈവ മാതൃത്വവും ആത്മീയമാതൃത്വവും. മനുഷ്യവംശത്തെ മുഴുവൻ ഉൾക്കൊള്ളാൻ കെല്പുള്ള വിശാലമായ ഒരു മാതൃഹൃദയത്തിന്റെ ഇടമാണ് പരിശുദ്ധ അമ്മ. ഏറ്റവും സ്നേഹമുള്ള അമ്മമാരുടെ സ്നേഹത്തെപ്പോലും അതിലംഘിക്കുന്ന സ്നേഹത്തോടെ നമ്മെ ഓരോരുത്തരെയും വാത്സല്യത്തോടെ ലാളിക്കാൻ കഴിയുന്ന ഈ അമ്മ നമ്മുടെ ജീവനും മാധുര്യവ്യും ശരണവും ആകുന്നു. ത്യാഗവും ക്ഷമയും സ്നേഹവും പ്രാർത്ഥനയും ജീവിതവും ബലിയും പ്രവൃത്തിയും പ്രഘോഷണവും ഒരേ ബിന്ദുവിൽ കേന്ദ്രീകരിക്കുന്ന വെളിച്ചത്തിന്റെ പ്രതിരൂപമായ കുരിശിന്റെ പങ്കാളിയും സാക്ഷിയുമാണ് പരി. അമ്മ. അമ്മയുടെ ജീവിതം ആരാധനയിൽ നിന്നും ജീവിത ശൈലിയിലേക്ക് വിന്യസിപ്പിച്ചു. ഇത്തരത്തിലുള്ള ഏറ്റവും ഉദാരമായ ജീവിതം കുരിശിന്റെ വഴിയിലൂടെ കടന്നുപോയത് ഇങ്ങനെയാണ്. വ്യാകുലമായ മാതാവിന്റെ സ്നേഹത്തിൽ ത്യാഗത്തിൽ ചാലിച്ച തീർത്ഥയാത്ര…

1. ഹൃദയം ഭേദിക്കപ്പെട്ടവൾ

“നിന്റെ ഹൃദയത്തിൽ കൂടി ഒരു വാൾ കടക്കും” എന്ന് പരിശുദ്ധനായ ശിമയോന്റെ പ്രവചനം കേട്ടു നിൽക്കുന്ന പരി. മറിയം. ജനിക്കാൻ പോകുന്ന സകല ജനത്തിനും വേണ്ടി ബലിയാകാനുള്ള കുഞ്ഞാണെന്നുള്ള അറിവ് ഉദരത്തിൽ വച്ചു  തന്നെ അമ്മയ്ക്കറിയാം. ആ കുഞ്ഞിന്റെ ജനനത്തോടെയും അമ്മയുടെ ജീവിതത്തിൽ ഉണ്ടായ ദുർഘടം പിടിച്ച യാത്രയിൽ ദൈവത്തോട് പറഞ്ഞ ആമ്മേൻ വീണ്ടും ആവർത്തിക്കുകയായിരുന്നു. ആ കുഞ്ഞിന്റെ കുഞ്ഞി കാലുകൾ തഴുകുമ്പോഴും ഉമ്മ വയ്ക്കമ്പോഴും ആ കാലിൽ തറയ്ക്കപ്പെടാനിരിക്കുന്ന ആണിപ്പാടുകൾ നിഴൽ പോലെ അമ്മ കണ്ടിരുന്നില്ലേ? തന്റെ മകൻ നടന്നു പോകേണ്ട കുരിശിന്റ യാത്രയുടെ ഓർമ്മ ആഴത്തിലുള്ള തേങ്ങൽ അമ്മയ്ക്ക് നിരന്തരം നൽകിയിരിക്കും…. മകനെപ്പോലെ അമ്മയും നിരന്തരം പറഞ്ഞു കാണും, എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടേയെന്ന്….

2. തിരുക്കുടുംബത്തിന്റെ അനുസരണ യാത്ര

സ്വപ്നത്തിൽ കിട്ടിയ നിർദ്ദേശത്തെ അപ്പാടെ അനുസരിച്ച് ഈജിപ്തിലേക്ക് പലായനം ചെയ്ത തിരുകുടുംബം. തന്റെ ഏക മകനേയും വഹിച്ചുകൊണ്ടുള്ള അവരുടെ ദൂരയാത്ര എത്ര ദുർഘടം പിടിച്ചതായിരിക്കും. ഭാഷയറിയാത്ത, ഒരു പരിചയവും ഇല്ലാത്ത നാട്ടിലേക്ക്, അനിശ്ചിതത്തിലേക്കുള്ള ഒരു യാത്ര… ഹെറോദേസിന്റെ മരണശേഷം പോലും തിരിച്ച് വരാൻ ഭയപ്പെട്ടെങ്കിൽ എത്ര കഠിനമായിരുന്നിരിക്കണം ആ ദിവസങ്ങളിലെ അനുഭവങ്ങൾ. ദൈവീകമായ പ്രത്യേക ഇടപെടലുകൾ ഒന്നും തന്നെ നാം അവിടെ കാണുന്നില്ല. ദൈവത്തെ മാത്രം നോക്കിയുളള തിരുകുടുംബത്തിന്റെ അനുസരണ യാത്ര.

3. കാണാതെ പോകുന്ന ബാലനായ ഈശോ

ബാലനായ യേശുവിനെ കാണാതെ പോയപ്പോൾ അമ്മ അനുഭവിച്ച വേദന കുരിശുമരണത്തിന്റെ മുന്നാസ്വാദനം ആയിരുന്നോ? പക്ഷെ മകൻ ചോദിക്കന്നത് ഇങ്ങനെ. എന്റെ ദൗത്യത്തെ കുറിച്ച് അമ്മ മറന്നു പോയോ? അമ്മ അതും ഹൃദയത്തിൽ സംഗ്രഹിച്ചു. പിതാവിന്റെ ഇഷ്ടം സ്വജീവിതത്തിൽ ചെറുപ്പം മുതലേ നിറവേറ്റുന്ന പുത്രന്റെ ദൗത്യത്തെ അതിന്റെ പൂർണ്ണതയിൽ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി ഗ്രഹിക്കുന്ന പരി. അമ്മ. അമ്മ തന്റെ കാണാതെ പോയ മകനു വേണ്ടി തിരഞ്ഞിറങ്ങിയത് പ്രതിബന്ധങ്ങളുടേയും തടസ്സങ്ങളുടേയും വഴിയിലൂടെ നീണ്ട മൂന്നു ദിവസങ്ങൾ. കുരിശുമരണത്തിലേക്കുള്ള മകന്റെ പ്രയാണത്തെ അമ്മ മനസിൽ അന്ന് ധ്യാനിച്ചിരിക്കണം.

4. കുരിശു യാത്രയിലൂടെ മുന്നോട്ടു പോകുവാൻ മകന് ശക്തിയും ധൈര്യവും നൽകുന്ന പരി. അമ്മയുടെ സാന്നിദ്ധ്യം

കുരിശുമായി നീങ്ങുന്ന മകനെ കാണുന്ന അമ്മക്ക് ശിരസു മുതൽ പാദം വരെ വ്രണമായി നിൽക്കുന്ന മകനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കണം എന്നുണ്ട് അമ്മയ്ക്ക്.

പക്ഷെ വേദന ഇനിയും ആഴപ്പെടുമോ എന്ന് ചിന്തിച്ച്, മോനേ അമ്മ ഇവിടെ ഉണ്ട് എന്ന് സ്നേഹത്തോടെ നിശബ്ദമായി പറഞ്ഞ് മകനെ ശക്തിപ്പെടുത്തുന്നു. അമ്മേ, പിതാവിന്റെ ഹിതം നിറവേറെട്ടെയെന്ന് മൂകമായി പറഞ്ഞ് അമ്മയെ ആശ്വസിപ്പിച്ച് മകനും. പരസ്പരം ആശ്വസിപ്പിക്കാനായി വെമ്പൽ കൊള്ളുന്ന രണ്ടു ഹൃദയങ്ങൾ.

5. കുരിശിൻ ചുവട്ടിൽ മകനോട് ചേർന്ന് നിൽക്കുന്ന പരി. അമ്മ

ഇതിനേക്കാൾ വലിയൊരു ദുഃഖം ഈ ലോക ചരിത്രത്തിൽ ഒരമ്മയ്ക്ക് കാണാനുണ്ടോ? തന്റെ ഏക മകൻ ആകാശത്തിനും ഭൂമിക്കും ഇടയിലായി കുരിശിൽ തൂങ്ങി നിൽക്കുന്നു. ഹൃദയം തുളക്കുന്ന വേദന. മാതാവ് കുരിശിനോട് ചേർന്ന് നിന്നു കൊണ്ട് പറഞ്ഞു ഞാൻ എന്റെ മകനെ തനിച്ചാക്കില്ല. എന്റെ മകന്റെ വേദനകളെല്ലാം എന്റെ വേദനകളാണ്. വി. ജെറോം പറയുന്നു. “ശാരീരികമായി ഈശോ സഹിച്ച ഓരോ വേദനയും മുറിവുകളും മാതാവിന്റെ ഹൃദയത്തിനേറ്റ വേദനയും മുറിവുകളും ആയിരുന്നു.”

6. അരുമസുതന്റെ പരിപാവന മേനി മടിയിൽ സംവഹിക്കുന്ന പരി. അമ്മ

പരി. അമ്മ തന്റെ മടിയിൽ കിടക്കുന്ന അരുമ സുതന്റെ ശരീരത്തിൽ തഴുകുന്ന സമയം, പിളർക്കപ്പെട്ട തിരുഹൃദയത്തെ തൊട്ടപ്പോൾ ആ അമ്മയുടെ ഹൃദയവും പിളർന്നിരിക്കില്ലേ? കുഞ്ഞുനാൾ മുതലുള്ള ഓരോ സംഭവവും അമ്മയുടെ കൺമുമ്പിൽ തെളിഞ്ഞ് വന്നിരിക്കും. തന്റെ മകനെ ചേർത്ത് പിടിച്ച് ആശ്ലേഷിക്കുമ്പോൾ തന്റെ ആലിംഗനം മകനെ വേദനിപ്പിക്കില്ല എന്ന ധൈര്യത്തിലായിരിക്കും അമ്മ…. ദൈവമായിരുന്നിട്ടും തന്നെത്തന്നെ താഴ്ത്തുന്ന ഈശോ, തന്റെ മകനെ എളിമയോടെ അനുകരിക്കുന്ന ഒരമ്മയും….

7. മകന്റെ ജീവനില്ലാത്ത ശരീരം വേദനയോടെ സംസ്ക്കരിക്കുന്ന പരി. അമ്മ

മകന്റെ ശരീരം കുരിശിൽ നിന്ന് ഏറ്റുവാങ്ങി, ഇനി ഇതാ മകനായി ഒരുക്കിയിരിക്കുന്ന. കല്ലറയിൽ അടക്കണം. പരി. അമ്മ ബഹുമാനാദരവങ്ങളോടെ മകന്റെ ശരീരത്തിൽ സുഗന്ധ ദ്രവ്യങ്ങൾ കൊണ്ട് പൊതിയുന്നു. ഹൃദയത്തിലേറ്റ മുറിവുമായി മകന്റെ ഭൂമിയിലുള്ള വിശ്രമസ്ഥലത്തേക്ക് പോകുന്ന അമ്മ. കല്ലറയുടെ കവാടം കല്ലുകൊണ്ട് അടയ്ക്കുന്നതിനു മുമ്പുതന്നെ മേരി തന്റെ ഹൃദയവും മകന്റെ കൂടെ വെച്ചിട്ടു പോന്നു. എന്തുകൊണ്ടെന്നാൽ ഈശോ ആയിരുന്നു പരി. അമ്മയുടെ ജീവിതത്തിലെ നിധി. “നിന്റെ നിക്ഷേപം എവിടെയോ അവിടെ ആയിരിക്കും നിന്റെ ഹൃദയവും.” (ലൂക്കാ 12:24).

ഈശോയുടെ മുറിവുകൾ കൃപയൊഴുകുന്ന ചാല്. മാതാവിന്റെ ഏഴു വ്യാകുലങ്ങൾ ഈ ചാലിലേക്കള്ള വഴികൾ… ഓരോ സഹനവും വിലയുള്ളതാകയാൽ ഒരു കൊച്ചു സഹനം പോലും നഷ്ടപ്പെടുത്താതെ ഈശോയുടെ തിരുമുറിവുകളിലേക്ക് ചേർക്കാം. സ്വർഗത്തിലേക്കുള്ള യാത്രയിൽ  ഇടറിവീഴാതിരിക്കാൻ ഈശോ എനിക്ക് തരുന്ന  താങ്ങല്ലേ കുരിശുകൾ…. ഈ സഹനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തി അതിനെ വാരിപ്പുണരാൻ പരി. അമ്മയേപ്പോലെ നമുക്കും പരിശ്രമിക്കാം. മാതാവു കാണിച്ച വിശ്വാസവും ധൈര്യവും നമ്മുടെ ജീവിതങ്ങളെ ശക്തിപ്പെടുത്തട്ടെ.

സി. റോസ് വർഗീസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.