അവര്‍ ലേഡി ഓഫ് ലാ സലേറ്റെ – മാതാവിന്റെ പ്രത്യക്ഷപ്പടലുകള്‍ – 12

പാരിസിന്റെ തെക്ക് കിഴക്കായി ആല്‍പ്‌സ് പര്‍വതനിരകളോട് ചേര്‍ന്നു കിടക്കുന്ന കുഗ്രാമമായിരുന്നു ലാ സലേറ്റെ. ഈ ഗ്രാമത്തില്‍ മെലാനി കാല്‍വെറ്റ്,  മാക്‌സിമിന്‍ ജിറൗഡ് എന്ന രണ്ടു കുട്ടികള്‍  താമസിച്ചിരുന്നു. തങ്ങളുടെ ജന്മസ്ഥലവും, ദാരിദ്ര്യവും മാത്രമായിരുന്നു ഇവരെ ഒന്നിപ്പിക്കുന്ന കണ്ണികള്‍. അതൊഴിച്ചാല്‍ രണ്ടുപേരും വ്യത്യസ്ത തരങ്ങളിലുള്ളവരായിരുന്നു. മെലാനിന്‍ ചെറുപ്പം മുതല്‍ കുടുംബത്തിലെ ദാരിദ്ര്യം കാരണം കാലികളെ മേയ്ക്കുവാന്‍ പോവുക പതിവായിരുന്നു. അതേ സമയം ചെറുപ്പത്തില്‍ അമ്മ നഷ്ടപ്പെട്ട മാക്‌സിമിന്‍ തന്റെ ചിറ്റമ്മയുടെ ക്രൂരതയില്‍ നിന്നു രക്ഷപെടുവാനായി കുന്നിന്‍ ചെരുവിലൂടെ അലഞ്ഞു തിരിഞ്ഞു. അങ്ങനെ നടക്കുന്നതിനിടയില്‍ 1846 സെപ്റ്റംബര്‍ മാസത്തോടെ പിയര്‍ സെലം എന്ന ഒരാള്‍ തന്റെ കാലികളെ മേയ്ക്കാന്‍ മാക്‌സിമിനെ ഏല്‍പ്പിച്ചു. അങ്ങനെയായാണ് മെലാനിനും മാക്‌സിമും 1846 സെപ്റ്റംബര്‍ 17 ന് ആദ്യമായി തമ്മില്‍ കാണുന്നത്.

ആ ദിവസം സംഭവിച്ചത് 

1846 സെപ്റ്റംബര്‍ 19 ന് പതിവുപോലെ മെലാനിനും മാക്‌സിമും ലാ  സലേറ്റെയിലെ മലഞ്ചെരുവിലൂടെ തങ്ങളുടെ കാലികളെ മേയിച്ചു കൊണ്ട് നീങ്ങവേ സൂര്യനെ വെല്ലുന്ന തേജസ്സോടെ ഒരു പ്രകാശഗോളം അവരുടെ മുന്നില്‍ കാണപ്പെട്ടു. അവര്‍ ഉറ്റുനോക്കിയപ്പോള്‍ ആ പ്രകാശഗോളം തുറക്കപ്പെട്ടു. ആ ഗോളത്തില്‍ ഒരു സ്ത്രീ കാണപ്പെട്ടു. വരണ്ട ഒരു അരുവിയിലെ കല്ലുകള്‍ക്ക് മുകളില്‍ തന്റെ കാല്‍മുട്ടില്‍ കൈകള്‍ ഊന്നി മുഖം കൈകളില്‍ താങ്ങി കരഞ്ഞുകൊണ്ട്    ഇരിക്കുകയായിരുന്നു അവള്‍. പേടിച്ച് വിറച്ച് എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന കുട്ടികളോട് ആ സ്ത്രീ മധുര സ്വരത്തില്‍ പറഞ്ഞു. “വരൂ  എന്റെ കുട്ടികളെ നിങ്ങള്‍ ഭയപ്പെടെണ്ട ഒരു സുവാര്‍ത്ത അറിയിക്കുവാനാണ് ഞാന്‍ വന്നിരിക്കുന്നത്.” ആ സ്ത്രീ പറഞ്ഞതനുസരിച്ച കുട്ടികള്‍ അവരുടെ അടുത്ത് ചെന്നു.

ആ സ്ത്രീയുടെ ശരീര സൗന്ദര്യം വര്‍ണ്ണിക്കാന്‍ കഴിയാത്ത അത്ര മനോഹരമായിരുന്നു. അവളുടെ പാദരക്ഷകള്‍ വെള്ളി നിറത്തിലും അതിലെ മുത്തുകള്‍ ചതുരാകൃതിയിലും സ്വര്‍ണ്ണനിറത്തലും ഉള്ളവയും  അവരുടെ ശിരസിലെ കിരീടം എല്ലാ ഭാവനകള്‍ക്കും അതീതവും ആയിരുന്നു. അതിലെ വെള്ള നിറത്തിലുള്ള തുണികള്‍ പലതരത്തിലും പലവലിപ്പത്തിലും ഉള്ളവയായിരുന്നു. അവളുടെ ഏപ്രിന്‍ സ്വര്‍ണ്ണനിറത്തിലുള്ളതും അതിന്റെ കൈകള്‍ നീളം കൂടിയതും കൈവിരല്‍ വരെ മൂടിക്കിടക്കുന്നവയും ആയിരുന്നു. അവളുടെ മാറിടത്തില്‍ തൂങ്ങികിടക്കുന്ന കുരിശുരൂപവും ഒരു ഇഞ്ച് നീളത്തില്‍ കനം കുറഞ്ഞ ഗോള്‍ഡന്‍ ചെയ്‌നും ഉണ്ടായിരുന്നു. പക്ഷേ അവള്‍ കരയുകയായിരുന്നു.

ആ സ്ത്രിയുടെ മുഖത്തിന്റെ പ്രകാശം തീവ്രത ഉള്ളതായിരന്നു.  അതിന്റെ പ്രകാശരശ്മികളാല്‍ ഒന്നും കാണാന്‍ സാധിക്കാതെ മെലാനിനും മാക്‌സിമും തല കുനിച്ചു. എന്നാല്‍ മെലാനിന് എല്ലാം വ്യക്തമായി കാണാമായിരുന്നു. എന്തെങ്കിലും കാണാന്‍ സാധിക്കും എന്ന ഉറച്ച വിശ്വാസത്തോടെ മാക്‌സിമും തന്റെ കണ്ണുകള്‍ മുറുക്കെ തിരുമ്മിത്തുറന്നു. പക്ഷേ അവന് ഒന്നും വ്യക്തമായി കാണാന്‍ സാധിച്ചില്ല. അവളുടെ മടിത്തട്ടില്‍ ഇരുന്ന ക്രൂശിതരൂപത്തില്‍ ആണികളും അവ തറയ്ക്കാന്‍ ഉപയോഗിച്ച ചുറ്റികയും ഉണ്ടായിരുന്നു. അവളുടെ മുഖം വളരെ ദുഃഖപൂരിതമായിരുന്നു.  എന്നാല്‍ അവള്‍ ഭൂമിയിലെ ഒരു വ്യക്തിയെപ്പോലെയായിരുന്നില്ല. അവളുടെ സ്വരം എത്ര അകലത്തില്‍ നില്‍ക്കുന്നവര്‍ക്ക്‌ പോലും വളരെ ക്യത്യമായി കേള്‍ക്കത്തക്കവിധം മധുരമായ ഒരു ഗാനം പോലെ തോന്നുന്നതായിരുന്നു.

ആ സ്ത്രീ സംസാരിച്ചു 

സുന്ദരിയായ ആ സ്ത്രീ പറഞ്ഞു. ” രണ്ട് കാര്യങ്ങള്‍ എന്റെ മകന് വളരെ വേദനാജനകമാണ്. ഒന്ന് ദൈവനാമത്തെ നിന്ദിക്കുന്നതും രണ്ട് സാബത്ത് ആചരണം ലംഘിക്കുന്നതും. അതിനാല്‍ എന്റെ ജനത്തെ മുഴുവന്‍ ഈ സന്ദേശം അറിയിക്കുക. ജനം ഇവ അനുസരിക്കുന്നില്ലെങ്കില്‍ എന്റെ മകന്റെ കരം അയക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടും. ഇത് എന്റെ മകന്റെ കരത്തിന്റെ ഭാരം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. എത്രമാത്രമാണ് ഞാന്‍ നിങ്ങളെ പ്രതി സഹിക്കുന്നത്. അതിനാല്‍ ലോക ജനതയെ മുഴുവന്‍ മാനസാന്തരത്തിലേയ്ക്ക് ക്ഷണിക്കുകയാണ് ഈ ദര്‍ശനത്തിന്റെ ലക്ഷ്യം.”  കൂടാതെ ഇത് അനുസരിക്കാത്തത് മൂലം ഉണ്ടാകാന്‍ പോകുന്ന ക്ഷാമത്തെ പറ്റിയും ആ സ്ത്രീ സന്ദേശം നല്‍കി. തുടര്‍ന്ന് അവര്‍ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ മുന്നോട്ട് നടന്ന് മുകളിലേയ്ക്ക് തലഉയര്‍ത്തി സ്വര്‍ഗ്ഗിലേയ്ക്ക് അപ്രത്യക്ഷയായി. പിറ്റേ ദിവസം ആ സ്ത്രീ നിന്നിരുന്ന സ്ഥലത്ത്, അതുവരെ ഉണങ്ങി വരണ്ട ആ സ്ഥലത്ത് നിന്നും ഒരു വളയത്തില്‍ നിന്ന് എന്ന പോലെ അത്ഭുതജലം ഒഴുകിതുടങ്ങി. പ്രകാശ ഗോളത്തിലെ ആ സ്ത്രീ മറ്റാരുമായിരുന്നില്ല പരി. കന്യാമാതാവായിരുന്നു. ഈ മാതാവ് ഇന്ന് അറിയപ്പെടുന്നത് ലാ സലേറ്റെയിലെ പരി. കന്യകാമാതാവ് എന്നാണ്.

സി. ഏയ്ഞ്ചല്‍ മരിയ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ