അവര്‍ ലേഡി ഓഫ്  നോക്ക് – മാതാവിന്റെ പ്രത്യക്ഷപ്പടലുകള്‍ – 5

പ്രത്യക്ഷീകരണം മറഞ്ഞിരിക്കുന്ന ഒന്നിന്റെ വെളിപ്പെടുത്തലാണ്.  അപ്രതീക്ഷതമായ സമയത്തും സ്ഥലത്തും വ്യക്തികള്‍ക്കുമായിരിക്കാം  ഇത്സംഭവിക്കുക. പ്രത്യക്ഷപ്പെടലുകളുടെയും ദര്‍ശനങ്ങളുടെയും ഒരു കാലമാണല്ലോ ഇത്! ഇതിന്റെയെല്ലാം പുറകെപോകുന്ന ഒരു കൂട്ടം ജനം ഇന്നത്തെ ലോകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അവ യാഥാര്‍ദ്ധ്യമാണെങ്കില്‍ അത് നമ്മെ ഒരു സത്യത്തിലേയക്ക്, ദൈവത്തിലേക്ക് എത്തിക്കുന്നവയായിരിക്കും.

ദൈവീക പ്രത്യക്ഷീകരണം എപ്പോഴും വിശ്വാസിയായ ഒരുവനെ ആഴമായ വിശ്വാസത്തിലേക്കും അവിശ്വാസിയായവനെ വിശ്വാസത്തിലേക്കും നയിക്കുന്നു. 1879 ആഗസ്റ്റ് 21 മാതാവിന്റെ സ്വര്‍ഗ്ഗ തിരുനാളായിരുന്നു. അന്ന് വൈകുന്നേരം ഇടവക ജനം രാത്രി ആരാധനയ്ക്കായി ദൈവാലയത്തിലേക്ക് പുറപ്പെട്ടു. അയര്‍ലന്‍ഡിലെ നോക്ക് എന്ന ഗ്രാമത്തിലെ ദൈവാലയത്തിലേക്കാണ് അവര്‍ പോയത്. ആ സമയത്ത് അവിടെ കോരിച്ചൊരിയുന്ന മഴയുണ്ടയിരുന്നു. എന്നാല്‍ ദൈവാലയമുറ്റത്ത് എത്തിയ അവര്‍ അത്ഭുതപ്പെട്ടു നിന്നു പോയി, കാരണം ദൈവാലയത്തിന് മുമ്പില്‍ ഒരു ദിവ്യമായ പ്രകാശം അതിന്റെ നടുവില്‍ മൂന്ന് വ്യക്തികള്‍ നില്‍ക്കുന്നു. ശക്തമായി മഴ പെയ്തിറങ്ങുമ്പോഴും അവിടെ മാത്രം മഴതുള്ളികള്‍ എത്തിനോക്കാന്‍ പോലും മടിച്ച് മാറി നില്‍ക്കുകയാണ്. ഗ്രാമവാസികള്‍ അത്ഭുതത്തോടെ ഈ ദിവ്യദര്‍ശനത്തെ ഉറ്റു നോക്കി.

മൂന്നു വ്യക്തികളെയും അവര്‍ക്ക് തിരിച്ചറിയുവാന്‍ കഴിഞ്ഞു. ദിവ്യപ്രകാശത്തിന്റെ മദ്ധ്യത്തില്‍ വെള്ള വസ്ത്രം ധരിച്ച് ശിരസ്സില്‍ ശോഭയുള്ള സ്വര്‍ണ്ണക്കിരിടം അണിഞ്ഞ് പരിശുദ്ധ ദൈവമാതാവ് നില്‍ക്കുന്നു. അവള്‍ അതീവസുന്ദരിയായി കാണപ്പെട്ടു. അവളുടെ വലതു വശത്ത് വിശുദ്ധ യൗസേപ്പിതാവ് ശിരസ്സ് ആദരപൂര്‍വ്വം അവളിലേക്ക് ചായ്ച്ച്‌നില്‍ക്കുന്നു. ഇടത്തു വശത്ത് സുവിശേഷകനായ വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ ഒരു പുസ്തകം പിടിച്ച് നില്‍ക്കുന്നു. വിശുദ്ധ യോഹന്നാന്റെ ഇടത്ത് വശത്ത് ഒരു അള്‍ത്താരയില്‍ കുരിശും കുഞ്ഞാടും ഉണ്ടായിരുന്നു. പരിശുദ്ധ ദൈവമാതാവ് കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലേക്ക് നോക്കി കൈകള്‍ യാചനാപൂര്‍വ്വം നീട്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് നില്‍ക്കുന്നു.

ഈ ദിവ്യദര്‍ശനത്തിന് സാക്ഷ്യം വഹിച്ചവര്‍ അഞ്ച് വയസു മുതല്‍ എഴുപത്തിയഞ്ചു വയസുവരെ പ്രായമുള്ള 15 പേര്‍ ആയിരുന്നു. രണ്ടുമണിക്കൂര്‍ ആ ദര്‍ശനം നീണ്ടു നില്‍ക്കുകയും ആ സമയം മുഴുവന്‍ അവര്‍ ഭക്തിപൂര്‍വ്വം ജപമാല ചെല്ലുകയും ചെയ്തു. ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ടവര്‍ ഒന്നും സംസാരിച്ചിരുന്നില്ല. നിലത്തിന് അല്പം ഉയര്‍ന്നാണ് അവര്‍ നിന്നിരുന്നത്. അവിടെ ആ സമയമത്രയും ഉണങ്ങിയ നിലം പോലയിരുന്നു.

‘നോക്കിലെ മാതാവിന്റെ പ്രത്യക്ഷീകരണം’ എന്നാണ് ഇതു അറിയപ്പെടുന്നത്. അന്നുമുതല്‍ ആയിരക്കണക്കിന് തീര്‍ത്ഥടകര്‍ നോക്കിലെ മാതാവിന്റെ അടുത്തേക്ക് തീര്‍ത്ഥാടനം നടത്തുവാന്‍ തുടങ്ങി. വാണിജ്യപരമായോ മതപരമായോ വലിയ പ്രത്യേകത അന്നുവരെ അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് നോക്ക് വലിയൊരു ജപമാല തീര്‍ത്ഥാടന സ്ഥലമായി തീര്‍ന്നു. മറ്റു രാജ്യങ്ങളില്‍ നിന്നു പോലും വിശ്വാസികള്‍ പ്രാര്‍ത്ഥനയും പരിഹാരവുമായി അവിടെയെത്തി മാതാവിന്റെ അനുഗ്രഹങ്ങള്‍ വാങ്ങി യാത്രയായി. ഇന്നും പ്രത്യക്ഷീകരണ ദിനത്തില്‍ ഒത്തിരിയേറെ സൗഖ്യവും മാനസാന്തരവും സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

മറ്റു സ്ഥലങ്ങളിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നവ അമ്മയോടെപ്പം വിശുദ്ധരും കുഞ്ഞാടും കുരിശുമെല്ലാം ഉണ്ടായിരുന്നു എന്നതാണ്. അവര്‍ നിശബ്ദരായി അവരൊടെപ്പം പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. നോക്കിലെ ജനങ്ങളോടോപ്പം സ്വര്‍ഗ്ഗം മുഴുവന്‍ പ്രത്യേകിച്ച് പരി. ദൈവമാതാവും വിശുദ്ധരും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയാണ് എന്ന് ദിവ്യസന്ദേശം ഇതിലൂടെ നല്‍കപ്പെടുകയായിരുന്നു. ദിവ്യബലിയുലേയ്ക്ക് എല്ലാവരെയും അമ്മയോടോപ്പം ക്ഷണിക്കുകയായിരുന്നു.

നോക്കിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി അവരോടെപ്പം പ്രാര്‍ത്ഥിച്ച പരി. അമ്മ മാതാവേ ഞങ്ങള്‍ക്കു വേണ്ടിയും നിരന്തരം മറ്റു വിശുദ്ധരോടൊപ്പം പ്രാര്‍ത്ഥിക്കണമേ.

സി. ഡാലി ജോസ് കടക്കാശ്ശേരിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.