അവര്‍ ലേഡി ഓഫ് ഗ്രേസ്- മാതാവിന്റെ പ്രത്യക്ഷപ്പടലുകള്‍ – 11

ഫ്രാന്‍സിലെ നോര്‍മണ്ടി സമുദ്രതീരത്തു ഒരു മനോഹരമായ ദേവാലയം സ്ഥിതി ചെയ്യുന്നുണ്ട്.  കാരുണ്യ മാതാവിന്റെ നാമത്തിലുള്ള പുരാതന ദേവാലയം പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ഒരിക്കല്‍ നോര്‍മണ്ടിയില്‍ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിലും പ്രകൃതിക്ഷോഭത്തിലും നിന്ന് നഗരത്തെ അത്ഭുതകരമായി മാതാവ് രക്ഷിച്ചതിന്റെ ഓര്‍മ്മയ്ക്കായും അതിനെക്കാളുപരി ആ നാട്ടുകാര്‍ അമ്മയ്ക്ക് സമര്‍പ്പിച്ച നന്ദിയുടെ പ്രതീകമായും ആണ് അവിടുത്തെ ഡ്യൂക്ക് ഈ മനോഹര ദേവാലയം പണിയിപ്പിച്ചത്. ഉയരത്തില്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന വൃക്ഷങ്ങളും മനോഹരമായ പൂത്തോട്ടങ്ങളും എല്ലാം കൊണ്ടും അലംകൃതയായ നോര്‍മണ്ടി  ശാന്തവും പൗഢഗംഭീരമായ പ്രകൃതി ഭംഗിയാല്‍ ഏവരെയും ആകര്‍ഷിക്കുന്നു.

ഈ ദേവാലയം ശരിക്കും ശിരസ്സില്‍ ശോഭിക്കുന്ന ഒരു കിരിടം പോലെ മൊട്ടക്കുന്നിന്റെ മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഇളം കാറ്റില്‍ കരയെ തഴുകി കടന്നു പോകുന്ന ഇരുണ്ടപച്ചനിറമുള്ള തിരമാലകള്‍  മൊട്ടക്കുന്നിന്റ താഴ്‌വരകളെ മനോഹരമാക്കുന്നു. ഈ ദേവാലയത്തില്‍ എത്തിച്ചേരാന്‍ രണ്ട് വഴികളാണുള്ളത്. ഒരു വഴി സാഹസികത ഇഷ്ടപ്പടുന്നവര്‍ക്ക് വളരെ ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള ദുര്‍ഘടപാതയാണ്. മറ്റൊന്ന്  ഋജുവും നിരപ്പുമായ വഴിയാണ്.

മാതാവിന്റെ സന്നിധിയിലായിരിക്കുക എന്നത് ആനുഗ്രഹദായകമാണ്. ജീവിതത്തിലെ കഠിന പാതകളില്‍ ആശ്വാസവും അനുഗ്രഹവും മാതാവ് കരുണയോടെ വര്‍ഷിക്കുന്നു. ചെങ്കുത്തായ പാറയിടുക്കുകള്‍ താണ്ടി അമ്മയുടെ സന്നിധിയില്‍ എത്തുന്ന ചിലര്‍ പറയാറുണ്ട് ഈശോയുടെ ക്ലേശകരമായ യാത്രയില്‍ പങ്കുചേരാന്‍വേണ്ടി മാതാവ് ഔദാര്യപൂര്‍വ്വം തന്ന വഴികളാണ് ഇത് എന്ന്. എന്നിരുന്നാലും അമ്മ അനുദിനം വര്‍ഷിക്കുന്ന അനുഗ്രഹങ്ങള്‍ അനുസ്മരിക്കുമ്പോള്‍ ആത്മനാ  ഓരോ നിമിഷവും ഈശോയേടും മാതാവിനോടും കൂടെയായിരിക്കാന്‍ നാം  ആഗ്രഹിക്കും തീര്‍ച്ച.

ഒന്നിനും തടയാന്‍ പറ്റാത്ത ഒരു പരിവര്‍ത്തനം തീര്‍ത്ഥാടകരില്‍ വരുത്താന്‍ മാതാവിന് സാധിക്കും. റോസാച്ചെടിയുടെ ഇലകളെ ഇളംകാറ്റ് തഴുകുന്നപ്പോലെ അവളുടെ അനുഗ്രഹങ്ങളുടെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കുന്നതാണ്. കരുണയുടെ മാതാവിന്റെ തിരുനാള്‍ പല സഭകളിലും പല സമയങ്ങളിലാണ് ആഘോഷിക്കുന്നത്. അമ്മ നമ്മിലേയ്ക്ക് കരുണയും കൃപയും ധാരാളമായി വര്‍ഷിക്കുന്നു. അമ്മയുടെ സാന്നിധ്യം ഉള്ളയിടങ്ങളിലെല്ലാം ഒരു സ്വര്‍ഗ്ഗീയ ആനന്ദം കുടികൊള്ളുന്നു. തന്റെ മക്കളുടെ മേല്‍ എപ്പേഴും കരുണയുടെ പ്രത്യാശാകിരണങ്ങള്‍ ചൊരിഞ്ഞ് കൊണ്ട് ഉറ്റ സ്‌നേഹിതയായി എന്നും കൂടെ നടക്കുന്ന സാന്നിധ്യമായി എപ്പോഴും  മാതാവിനെ കാണാം.

നമുക്കും അമ്മയോടു പ്രാര്‍ത്ഥിക്കാം, പരിശുദ്ധ മറിയമേ, സമാധാനത്തിന്റെ പ്രകാശധാരിണിയെ, പരിശുദ്ധ ത്രീത്വത്തിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അനുദിനം ജീവിക്കന്‍ ഞങ്ങളെ പഠിപ്പിക്കണമേ. പരിശുദ്ധവും കറയറ്റതും പെണ്‍മ നിറഞ്ഞതും സമാധാന മാതാവുമായ മറിയമേ, പരിശുദ്ധിയുടെ മാധുര്യം നിറഞ്ഞ റോസാപുഷ്പമേ, പരിശുദ്ധ കന്യകയേ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും  രാജാവായവന് ജന്മം നല്‍കാന്‍ പിതാവായ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവളേ, പുത്രന്‍ തമ്പുരാനെ വളര്‍ത്തുകയും തീറ്റിപ്പോറ്റുകയും ചെയ്ത മാതാവേ, അങ്ങേ അനുഗ്രഹത്തിന്റെയും കൃപയുടെയും ആത്മാഭിഷകത്തിന്റെയും  പ്രവാഹത്താല്‍ ഞങ്ങളെ നിറയ്‌ക്കേണമേ. ആമ്മേന്‍.

കരുണനിറഞ്ഞ മറിയമേ, നീ വി. ജെത്രൂദിന് വെളിപ്പെടുത്തിയപോലെ, വെളിപാട് 19-ലെ മണവാട്ടയെപോലെ ദൈവസന്നിധിയില്‍ ആയിരിക്കുന്നവളെ നിന്റെ മുന്നില്‍ കൂപ്പുകരങ്ങളോടെ ആയിരിക്കുന്ന ഞങ്ങള്‍ക്ക് നിന്റെ ദയയുടെ അമൂല്യനിധിയില്‍ നിന്നും കരുണപകര്‍ന്ന് നല്‍കണമേ. പരിശുദ്ധ കന്യകേ സ്വര്‍ഗ്ഗത്തിന്റെ വാതിലേ, ഞങ്ങള്‍ ഈ ലോകത്തില്‍ നിന്ന് വേര്‍പ്പെട്ട് യഥാര്‍ഥ സൗന്ദര്യവും സമാധാനവുമായ സ്വര്‍ഗ്ഗത്തില്‍ ദൈവത്തോടും നിന്റെ തിരു പുത്രനോടും പരിശുദ്ധാത്മാവിനോടും സകലവിശുദ്ധരോടുമൊത്ത് നിത്യാനന്ദം പ്രാപിക്കാന്‍ ഞങ്ങള്‍ക്കുവേണ്ടി അമ്മ പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍.

സി. അനു ചിരട്ടവയലിൽ എസ്. എ. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.