ചെസ്‌ടോകോവ മാതാവ്‌  – മാതാവിന്റെ പ്രത്യക്ഷപ്പടലുകള്‍ – 2

അവര്‍ ലോഡി ഓഫ് ചെസ്‌ടോകോവ 

ഹൃദയത്തില്‍ കുളിര്‍മയേകുന്ന, മനസ്സിലെ മധുരസമരണകള്‍ക്ക് തിളക്കമേകുന്ന ഒരു പദമാണ് ‘അമ്മ’. ജീവിതത്തിന്റെ കയ്‌പേറിയ ദുരനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാമറിയാതെ ഒരു സ്‌നേഹതലോടലായ് ആ നല്ല അമ്മ നമ്മുടെ ചാരെയുണ്ടാകും. അതാണ് പരിശുദ്ധ അമ്മ.

ദൈവത്തിനും മനുഷ്യനും ഭൂമിയ്ക്കും വേണ്ടി ഉള്ളില്‍ കനലേന്തിയ ഒരുവള്‍, അഗ്നിച്ചിറകുകള്‍ വീശി, മഞ്ഞുതുള്ളിയുടെ നൈര്‍മ്മല്യം പേറുന്ന സുന്ദരപുഷ്പം. പഴയനിയമത്തിലെ സ്ത്രീ പാപം ചെയ്തപ്പോള്‍ പുതിയ നിയമത്തിലെ സ്ത്രീ രക്ഷക ആയിത്തീര്‍ന്നു. സ്വാര്‍ത്ഥയ്ക്കടിപ്പെട്ട് സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഹവ്വാ ശാപത്തിനു കാരണമായപ്പോള്‍ നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ പ്രതീകമായ പരി. അമ്മ സ്വര്‍ഗ്ഗത്തിലേയ്ക്കു കരേറ്റപ്പെട്ടു. മനുഷ്യ വംശത്തിനു അനുഗ്രഹമായി തീര്‍ന്നു. പഴയ നിയമത്തിലെ സാറാ ‘നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും’ എന്ന വചനത്തെ സംശയത്തോടെ  വീക്ഷിച്ചപ്പോള്‍ പുതിയ നിയമത്തിലെ മറിയം ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന മറുപടി നല്‍കി. ആഴമേറിയ വിശ്വാസത്തില്‍ നിന്നും ദൈവഹിതത്തിനു  ആമ്മേന്‍ പറഞ്ഞ നിമിഷം മുതല്‍ പരിശുദ്ധ അമ്മയ്ക്കു വിശ്രമമില്ലായിരുന്നു. ആവശ്യക്കാരെ സഹായിക്കാന്‍, ദുഃഖിച്ചിരുന്നവര്‍ക്കു സ്വാന്തനം പകരാന്‍ അമ്മ ഇറങ്ങിച്ചെന്നു.

പരിശുദ്ധ അമ്മയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒത്തിരി നല്ല ഓര്‍മ്മകള്‍ നമ്മുടെ മുമ്പില്‍ വിടരും. പ്രതിസന്ധി ഘട്ടങ്ങളില്‍ അമ്മയുടെ മാദ്ധ്യസ്ഥം തേടാത്തവരായി ലോകത്തില്‍ ആരും തന്നെ കാണുകയില്ല. കാരണം പരിശുദ്ധ അമ്മ നമുക്ക് നല്‍കുന്ന അഭയം അത്ര വലുതാണ്. ഇന്ന് പരിശുദ്ധ അമ്മ പലവിധത്തിലും പല നാമത്തിലും  അറിയപ്പെടുന്നുണ്ട് ഉദാ: നിത്യസഹായ മാതാവ്, സമാധാനത്തിന്റെ മാതാവ്, സ്ഥല സാഹചര്യമനുസരിച്ച് ലൂര്‍ദ് മാതാവ്, ഫാത്തിമ മാതാവ്… എന്നിങ്ങനെ അറിയപ്പെടുമ്പോള്‍  ഇങ്ങനെ സ്ഥലകാല സാഹചര്യമനുസരിച്ച് അറിയപ്പെടുന്ന ഒരു മാതാവിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ചെസ്‌ടോകോവയിലെ മാതാവ് അഥവാ ജസന ഗോരയിലെ മാതാവ്.

പോളണ്ടിലെ തെക്കുഭാഗത്തായി ക്രാക്കോവിന്റെ വടക്കായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ചെസ്‌ടോകോവ. ജസന ഗോര എന്നറിയപ്പെടുന്ന പട്ടണത്തിന്റെ ഹൃദയഭാഗത്ത് ദൃശ്യമാസ്മരികതയുടെ കൗതുകം വിളിച്ചോതി മനോഹരമായ ഒരു കത്തീഡ്രല്‍ ദേവാലയം. ദേവാലയത്തിന്റെ ഗോപുരം എന്നപോലെ മേഘങ്ങള്‍ തുളച്ചുകയറുന്ന പ്രാര്‍ത്ഥനകള്‍ ഉയരുന്ന ഈ സന്നിധിയിലാണ്  ചെസ്‌ടോകോവയിലെ മാതാവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലത്തിന്റെ പേരില്‍ ജസ്‌നഗോരയിലെ പരിശുദ്ധ ദൈവമാതാവെന്നും  അറിയപ്പെടുന്നു.

പാരമ്പര്യമനുസരിച്ച് ഈ ചിത്രം സുവിശേഷകനായ വി. ലൂക്ക വരച്ചതാണ് എന്ന് വിശ്വസിക്കുന്നു (വി. യോഹന്നാന്‍ വരച്ചതാണ് എന്നും ചില പാരമ്പര്യങ്ങള്‍ പറയുന്നു). അന്ത്യ  അത്താഴവേളയിലെ മേശയുടെ ഒരു ഭാഗം മുറിച്ചാണ് ഈ ഭാഗം വരച്ചത് എന്ന് പറയപ്പെടുന്നു. ജറുസലേം പട്ടണം റോമാക്കാര്‍ക്ക് ഇരയാക്കുന്നതു വരെ ഈ ചിത്രം ജറുസലേമില്‍ സൂക്ഷിക്കപ്പെട്ടിരുന്നു. കുരിശിനായുള്ള തിരച്ചിലിനിടയില്‍ വിശുദ്ധ ഹെലേനയാണ് ഈ ചിത്രം ജറുസലേംമില്‍ നിന്നും കണ്ടെത്തിയത്. ഹെലേന ഇത് കോണ്‍സ്റ്റിനോപ്പിളില്‍ എത്തിക്കുകയും അവിടെ ചിത്രത്തിനായി മാത്രം നിര്‍മ്മിച്ച ഒരു ദേവാലയത്തില്‍ ഇത് പ്രതിഷ്ഠിക്കുകയും ചെയ്തു. പിന്നിട് കോണ്‍സ്റ്റാന്റിനേപ്പിളില്‍ നടന്ന ഒരു യുദ്ധത്തില്‍ ഈ ചിത്രം പട്ടണകവാടത്തില്‍ പ്രതിഷ്ഠിക്കുകയും തല്‍ഫലമായി ശത്രുസൈന്യം ഭയവിഹ്വലരായി യുദ്ധത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു.

പതിനാലാം നൂറ്റാണ്ടിന് ശേഷം ബെള്‍സകിയിലെ രാജകുമാരന് ഒരു ദര്‍ശനം ഉണ്ടാവുകയും മാതാവിന്റെ രൂപം ചെസ്‌ടോകോവ പട്ടണത്തില്‍ പ്രതിഷ്ഠിക്കാനും നിര്‍ദേശം ലഭിച്ചു. ദൈവാഭിലാഷം ശിരസാവഹിച്ച രാജകുമാരന്‍ മരുഭൂമിയിലുള്ള വി. പൗലോസിന്റെ സന്യാസിനികളെ ഏല്‍പ്പിച്ചു. കത്തോലിക്കരും ഹുസൈറ്റസും തമ്മിലുണ്ടായ യുദ്ധം പൂര്‍വ്വയൂറോപ്പിനെ ആകമാനം ദുരിതത്തിലാഴ്ത്തിയിരുന്നു. ഹുസൈറ്റ് ചെസ്‌ടോകോവ ആശ്രമം കീഴടങ്ങുകയും അവരുടെ ദേഷ്യം പ്രകടപ്പിക്കാനെന്നവണം അവര്‍ മാതാവിന്റെ രൂപം നശിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. തത്ഫലമായി അതില്‍ രണ്ട് വിള്ളലുകള്‍ ഉണ്ടായി. ലാഡിസ്ലാവ് രാജവ് ഈ രൂപം അതിന്റെ മനോഹരിതയിലേക്കു തിരിച്ച്‌കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഈ സംഭവത്തിന്റെ ഓര്‍മ്മയ്ക്കായി അതിലെ വിള്ളലുകള്‍ അതേപടിനിലനിര്‍ത്തി.

പോളണ്ടിലെ രാജാവിന് ഈ മാതാവിനോട് ഭക്തിയും താല്‍പര്യവുമായിരുന്നു. പലരാജ്യങ്ങളുമായി യുദ്ധം ഉണ്ടായപ്പോഴും ഈ മാതാവിനോട് അവര്‍ മാദ്ധ്യസ്ഥം തേടി. സ്വീഡനിലെ ചാള്‍സ് പത്താമന്‍ രാജാവിന്റെ നേതൃത്വത്തില്‍ പോളണ്ടുമായി യുദ്ധത്തിനൊരുങ്ങി ചെസ്‌ടോകോവ എതിരാളിയുടെ വലയില്‍ വീണെങ്കിലും ആശ്രമം അതിനെയെല്ലാം ചെറുത്തുനിന്നു. ജെസ്‌നഗോരയുടെ ചെറുത്തുനില്‍പ്പ് മാതാവിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന ഒരു അത്ഭുതമായി കണക്കാക്കപ്പെടുന്നു. അതിന് നന്ദി പ്രകാശനമായി പരിശുദ്ധ കന്യാമറിയത്തെ പോളണ്ടിന്റെ രാജ്ഞിയായി കസിവീര്‍ രാജാവ് പ്രഖ്യാപിക്കുന്നു. അങ്ങനെ ചെസ്‌ടോകോവ പോളണ്ടിന്റെ ആത്മീയ തലസ്ഥാനമായി.

സി. അൻസാ ഓണംകുളം എസ്. എ. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.