അവര്‍ ലേഡി ഓഫ് ക്ലെയര്‍വാക്‌സ്  – മാതാവിന്റെ പ്രത്യക്ഷപ്പടലുകള്‍ – 14

ഫ്രാന്‍സിലെ മനോഹരമായ ഒരു താഴ്‌വരയാണ് വോംവുഡ്. അവിടുത്തെ പ്രസിദ്ധമായ ആശ്രമമാണ് ക്ലെയര്‍വാക്‌സ്. ഈ ആശ്രമത്തിന്റെ പേരില്‍ തന്നെ ഫ്രാന്‍സില്‍ പരി അമ്മ അറിയപ്പെടുന്നു. ‘ക്ലെയര്‍വാക്‌സിലെ മാതാവ്’ . ഒരു ആശ്രമത്തിന്റെ പേരില്‍ പരി. അമ്മ അറിയപ്പെടുന്നത് എന്തുകൊണ്ട് എന്ന ചോദ്യവുമായി നാം മുന്നോട്ട് പോകുമ്പോള്‍ എത്തുന്നത് ഈ ആശ്രമത്തിന്റെ സ്ഥാപകനായ വേദപാരംഗതനായ വി. ബര്‍ണാഡിന്റെ അടുത്താണ്. വി. ഗ്രന്ഥ പണ്ഡിതന്‍ ദൈവമാതൃഭക്തന്‍, മധുവര്‍ഷകന്‍ എന്നൊക്കെ ഈ വിശുദ്ധന്‍ അറിയപ്പെടുന്നു.

വി. ബര്‍ണാദിന്റെ ജന്മത്തെക്കുറിച്ച് മനോഹരമായ ഒരു കഥയുണ്ട്. അദ്ദേഹം ജനിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റെ അമ്മയ്ക്ക് വിചിത്രമായ ഒരു സ്വപ്നമുണ്ടായി. അവള്‍ വെള്ള, ചുവപ്പ് നിറങ്ങളോടുകൂടിയ നായയെ ഗര്‍ഭം ധരിച്ചിരിക്കുന്നു, അത് മുടങ്ങതെ കുരക്കുന്നു. അവള്‍ ഒരു സന്യാസ വൈദികന്റെ ഉപദേശം ആരാഞ്ഞു. ആ വൈദികന്‍ പറഞ്ഞു “നിന്നില്‍ നിന്ന് പിറക്കാനായ ശിശു ഒരു വലിയ പ്രാസംഗികനാകും, അവന് രോഗശാന്തി വരം കിട്ടി അനേകം ആത്മാക്കളെ അവന്‍ സുഖപ്പെടുത്തും.” ആ സന്യാസി വൈദികന്റെ മൊഴികള്‍ സത്യമായിരുന്നു എന്ന് കാലം പിന്നീട് തെളിയിച്ചു.

ചെറുപ്പം മുതല്‍ തന്നെ ബര്‍ണാഡിന്റെ ദൈവമാതൃഭക്തി അസാധാരണമായിരുന്നു. സെന്റെ പോര്‍ലെസ് പള്ളിയിലെ ദൈവമാതാവ് ശിശുവിനെ കൈയ്യില്‍ എടുത്തിരിക്കുന്ന പ്രതിമ അത് വിശുദ്ധന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു. ആ മാതാവിന്റെ രൂപത്തിന് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുക എന്നത് വി. ബര്‍ണാഡിന് ഏറ്റവും സന്തോഷമുള്ള കാര്യമായിരുന്നു.

23-ാം വയസില്‍ അദ്ദേഹം തന്റെ സഹോദരങ്ങള്‍ക്കൊപ്പം സിസ്റ്റേഴ്സ്യന്‍ സഭയില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തെ ആശ്രമജീവിതം കൊണ്ട് ബർണ്ണാഡിലുണ്ടായ ആദ്ധ്യാത്മികാഭിവൃദ്ധി കണ്ടു സംതൃപ്തരായ അദ്ദേഹത്തിന്റെ അധികാരികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പത്രണ്ടു പേരെയും പുതിയ ആശ്രമം പണിയുവാനായി അയച്ചു. വി. ബനഡിക്റ്റ് നവീകരിച്ച നിയമ അനുസരിച്ച് 1115 ജൂണ്‍ 25 -ാം തീയതി അവര്‍ അവിടെ ആശ്രമം സ്ഥാപിച്ചു. അതാണ്  ക്ലെയര്‍വാക്‌സ് ആശ്രമം. ലാന്‍ഗസ് രൂപതയില്‍ പരി. അമ്മയുടെ നാമത്തില്‍ സ്ഥാപിതമായ ആദ്യത്തെ ആശ്രമമാണിത്. അന്ന് മുതല്‍  ക്ലെയര്‍വാക്‌സിലെ മാതാവിന്റെ തിരുന്നാള്‍ ദിനമായി ജൂണ്‍ 25 കൊണ്ടാടുവാന്‍ തുടങ്ങി.

പുതിയസ്ഥലത്ത് വി. ബർണ്ണാഡായിരുന്നു പുതിയ മഠാധിപതി. നീണ്ട 37 വര്‍ഷങ്ങള്‍ അത് തുടര്‍ന്നു. വി. ബർണ്ണാഡിന് ധാരളം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അത്ഭുതകരമായ ദൈവപരിപാലന അദ്ദേഹത്തെ വഴിനടത്തി. ക്ലെയര്‍വാക്‌സിലെ സന്ന്യാസിമാര്‍ വിശപ്പടക്കാന്‍ വഴികാണാതെ വിഷമിച്ച് വി. ബർണ്ണാഡിനോട് പരാതിപെട്ടു, അവരെ ശാന്തരാക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും അത് രോദനമായി മാറി. അദ്ദേഹം പ്രാര്‍ത്ഥനയില്‍ ശരണം പ്രാപിച്ചു. “ബര്‍ണ്ണാഡ്  എഴുന്നേല്‍ക്കുക നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു” എന്ന സന്ദേശം അദ്ദേഹത്തിന് ലഭിച്ചു. അപ്പോള്‍ തന്നെ ഭക്ഷ്യവിഭവങ്ങള്‍ നിറച്ച ഒരു വണ്ടി അവിടെ വന്നു നിന്നു. ഇത്തരം സംഭവങ്ങള്‍ ബർണ്ണാഡിന്റെ ജീവിതത്തില്‍ നിരവധിയുണ്ട്.

പരി. അമ്മയും, വി. ബര്‍ണ്ണാഡും തമ്മിലുള്ള ബന്ധത്തെ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കുകയില്ല. അദ്ദേഹത്തിന്റെ ദൈവമാതാവിനോടുള്ള ഭക്തി ലോകമെമ്പാടും അറിയപ്പെട്ടിരുന്നു. കന്യാമാതാവിന്റെ കണ്ണിലുണ്ണി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം താന്‍ സ്ഥാപിച്ച എല്ലാ ആശ്രമങ്ങളും, മാതാവിന്റെ സംരക്ഷണത്തിന്റെ കീഴില്‍ സമര്‍പ്പിച്ചിരുന്നു. മാദ്ധ്യസ്ഥയും പരിശുദ്ധരാജ്ഞി എന്ന ജപത്തിലെ അവസാനത്തെ വാക്യവും, എത്രയും ദയയുള്ള മാതാവേ എന്ന ജപവും ബര്‍ണ്ണാഡ് എഴുതിയതാണ്. അദ്ദേഹം തന്റെ 63-ാം വയസില്‍  ക്ലെയര്‍വാക്‌സിൽ വച്ച് മരിച്ചു. തന്റെ നാഥയുടെ അള്‍ത്താരയുടെ മുന്നില്‍ തന്നെ അദ്ദേഹത്തെ സംസ്‌ക്കരിക്കുകയും ചെയ്തു.

തന്റെ ഏറ്റവും പ്രിയപ്പെട്ട മാതാവിനെ പറ്റിയുള്ള വിശുദ്ധന്റെ മനോഹരമായ വാക്കുകളും ഇവിടെ കുറിക്കട്ടെ. “അവളുടെ നാമം നിങ്ങളുടെ അധരങ്ങളില്‍ സദാ ഉണ്ടായിരിക്കട്ടെ. നിങ്ങളുടെ ഹൃദയത്തില്‍ നിന്നും അത് പിരിഞ്ഞുപോകാതിരിക്കട്ടെ. അവളെ വിളിച്ചപേക്ഷിച്ചാല്‍ നഷ്ട ധൈര്യരാകുകയില്ല. അവള്‍ നിങ്ങളുടെ മനസ്സിലുള്ളിടത്തോളം കാലം നിങ്ങള്‍ വഞ്ചിതരാകുകയില്ല. അവള്‍ കൈയില്‍ പിടിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ വീഴുകയില്ല. അവളുടെ സംരക്ഷണത്തില്‍ നിങ്ങള്‍ക്ക് ഭയപ്പെടാനില്ല. അവള്‍ മുമ്പേ നടക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ക്ഷീണിക്കുകയില്ല. അവള്‍ അനുകൂലിക്കുകയാണെങ്കില്‍ നിങ്ങള്‍ ലക്ഷ്യത്തിലെത്തും.”

സി. അനറ്റ് പഴപുരക്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ