അവര്‍ ലേഡി ഓഫ് അല്‍മുദേന- മാതാവിന്റെ പ്രത്യക്ഷപ്പടലുകള്‍ – 9  

അല്‍മുദേനയിലെ പരി. കന്യാമറിയത്തോടുള്ള ഭക്തി പ്രചാരത്തില്‍ വന്നത് ഏഡി 11-ാം നൂറ്റാണ്ടിലാണ്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിന്റെ മദ്ധ്യസ്ഥയായി അല്‍മുദേനയിലെ പരി. കന്യാമറിയം വണങ്ങപ്പെടുന്നു.

മുഹമ്മദീയരുടെ അധീനതയിലായിരുന്ന മാഡ്രിഡ് ഏഡി 1083 -ല്‍ ഡോണ്‍ അല്‍ഫോന്‍സോ ആറാമന്‍ ചക്രവര്‍ത്തി കീഴടക്കുകയും മാഡ്രിനെ ക്രിസ്തീയ രാജ്യമായി വീണ്ടെടുക്കുകയും ചെയ്തു. മുഹമ്മദീയരാല്‍ തകര്‍ക്കപ്പെട്ട സാന്താമരിയ ദേവലയത്തിന്റെ പുനര്‍നിര്‍മ്മാണം ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ത്വരിതപ്പെടുത്തി. എന്നാല്‍ ഈ ദേവാലയത്തില്‍ സൂക്ഷച്ചിരുന്ന പരി. അമ്മയുടെ തിരുസ്വരൂപം അപ്രത്യക്ഷമായിരുന്നു. നിരാശനായ രാജാവും പ്രജകളും ഒന്നു ചേര്‍ന്ന് പട്ടണത്തിന് ചുറ്റും പ്രദക്ഷിണം നടത്തി പരി. അമ്മയുടെ തിരുസ്വരൂപം കണ്ടെത്തുവാനുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു. പ്രദക്ഷണം മുന്നോട്ടു നീങ്ങവേ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. അവിടെ ഒരു ചെറിയ കപ്പേള പോലെ ഉണ്ടാക്കിയ ഭാഗത്ത് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം കാണപ്പെട്ടു. തിരുസ്വരൂപത്തിന്റെ ഇരുവശങ്ങളിലുമായി ഓരോ മെഴുകു തിരിയും കത്തിനിന്നിരുന്നു.

പാരമ്പര്യമനുസരിച്ച്, ഇന്നത്തെ മാഡ്രിഡ്, മെയ്‌റിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. മെയ്‌റിറ്റ് എന്ന പേര് ലഭിക്കുന്നതിന് മുമ്പ് ആ സ്ഥലം വിസ്‌ഗോത് എന്ന ഗോത്രവര്‍ഗ്ഗക്കാരുടെ (712-714) ഗ്രാമമായിരുന്നത്രേ. വലിയ ക്രൈസ്തവ വിശ്വാസികളായിരുന്നു ഇക്കൂട്ടര്‍. പരി. അമ്മയോടുള്ള ഭക്തി ഇവരില്‍ നിറഞ്ഞു നിന്നിരുന്നു. പരി. അമ്മയുടെ മനോഹരമാ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരുന്ന ദേവാലയത്തില്‍ എല്ലാ ദിവസവും ഗ്രാമീണര്‍  വന്ന് പ്രാര്‍ത്ഥിച്ചിരുന്നു.

പരി. അമ്മയോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കാനായി വി. നിക്കോദേമൂസ് നിര്‍മ്മിച്ച ഈ തിരുസ്വരൂപം വി. യാക്കോബ് വി. കലൊസെറോയ്ക്ക് കൈമാറുകയും അദ്ദേഹം മാഡ്രിഡില്‍ ഒരു ദൈവാലയം സ്ഥാപിച്ചപ്പോള്‍ അത് അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഈ ദൈവാലയം മനോഹരമായി പുതുക്കിപ്പണിതു.

ഏഡി 714- ല്‍ മുഹമ്മദീയര്‍ ഈ ദേശത്തെ ആക്രമിച്ച് കീഴടക്കിയപ്പോള്‍  തങ്ങളുടെ ദൈവാലയവും പരി. അമ്മയുടെ തിരുസ്വരൂപവും തങ്ങള്‍ക്ക് നഷ്ടമാകുമെന്നു കരുതി തദ്ദേശവാസികള്‍ പട്ടണത്തിന്റെ മതിലിനുള്ളില്‍ ഒരു ചാപ്പലുപോലെ ഉണ്ടാക്കി പരി. അമ്മയുടെ തിരുസ്വരൂപം അതില്‍ ഒളിപ്പിക്കുകയായിരുന്നു. തിരുസ്വരൂപത്തിന്റെ ഇരുവശങ്ങളിലുമായി ഓരോ മെഴുകുതിരിയും അവര്‍ കത്തിച്ച് വച്ചിരുന്നു. പുറമെനിന്നും ദര്‍ശനം സാധ്യമല്ലാത്ത തിരുസ്വരൂപം മതിലിനുള്ളില്‍ സുരക്ഷിതമായിരുന്നു. ഏകദേശം 300 വര്‍ഷത്തോളമായി മതിലിനുള്ളില്‍ കത്തി നിന്ന ആ ദീപം അവരുടെ വിശ്വാസത്തിന്റെ പ്രതീകമായിരുന്നു. പ്രതിസന്ധികളില്‍ തളരാത്ത വിശ്വാസവും ആഴമേറിയ ദൈവാശ്രയത്വവും സ്വന്തമാക്കിയ വിസ്‌ഗോത്ത് ക്രൈസ്തവ വംശത്തിന്റെ പാരമ്പര്യം ആ നാടിനെ വളര്‍ച്ചയുടെ പാതയിലേക്കു നയിച്ചു.

അല്‍മുദേന എന്ന വാക്കിന് ‘ഗ്രാനറി’ എന്നാണര്‍ത്ഥം. മുഹമ്മദീയരുടെ ഗ്രാനറിയുടെ അടുത്തായി ഈ തിരുസ്വരൂപം കാണപ്പെട്ടതുകൊണ്ടാണ് ഇതിനു അല്‍മുദേനയിലെ പരി. കന്യാമറിയം എന്ന പേരു ലഭിച്ചത്. മാഡ്രിഡിന്റെ ചരിത്രത്തില്‍ വളരെ അനുഗ്രഹീതമായ ഒരു സംഭവമാണിത്. തന്മൂലം തദ്ദേശീയരുടെ വിശ്വാസം അത്ഭുതകരമായി വര്‍ദ്ധിച്ചു എന്നതാണ് എടുത്തു പറയേണ്ടത്.

 സി. അഞ്ചു റോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.