അവര്‍ ലേഡി ഓഫ് ഗ്രേ  – മാതാവിന്റെ പ്രത്യക്ഷപ്പടലുകള്‍ – 7

‘മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം സൗരഭ്യം’ ഇത് നമുക്ക് പരിചിതമായ ഒരു പഴഞ്ചൊല്ലാണ്‌. ഈ പഴഞ്ചൊല് ശരിയാണെന്നു സ്ഥാപിക്കുന്ന തരത്തില്‍ ഒരു സംഭവം ഉണ്ട് . ഏതാണ്ട് അഞ്ചാം നൂറ്റാണ്ടിലാണ് മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട ഈ സംഭവം നടക്കുന്നത്.     മോണ്ടേഗു എന്ന സ്ഥലത്ത് അത്ഭുതവര ശക്തിയുള്ള പരിശുദ്ധ അമ്മയുടെ ഒരു രൂപം ഉണ്ട്.  ഈശ്വര വിശ്വാസിയായ  മനുഷ്യനാല്‍ ആദ്യം ഈ രൂപം ഒരു ഓക്കുമരത്തില്‍ സ്ഥാപിക്കപ്പെട്ടു. രൂപം സ്ഥാപിച്ചിരുന്ന ഓക്കുമരം ഒത്തിരി പൂജ്യമായി കരുതപ്പെട്ടു. മാതാവിന്റെ രൂപം സ്ഥാപിച്ച  ഈ ഓക്കുമരത്തില്‍ നിന്നുണ്ടാക്കിയ മറ്റ് രൂപങ്ങള്‍ക്കും ഒത്തിരി അത്ഭുതശക്തി ഉണ്ടായിരുന്നു.

1602 -ല്‍ പരിശുദ്ധ അമ്മയുടെ ഈ രൂപം സ്ഥാപിക്കുന്നതിന് വേണ്ടി മോണ്ടഗുമലയില്‍ ഒരു പള്ളി പണിതു. ഓക്കുമരത്തില്‍ നിന്ന് ഈ രൂപം പ്രത്യേകമായി പണിയിച്ച പള്ളിയില്‍ സ്ഥാപിക്കപ്പെട്ടു. ശേഷം ഓക്കു മരം വെട്ടി മാതാവിന്റെ രൂപങ്ങള്‍ ഉണ്ടക്കി.  ഈ രൂപങ്ങള്‍ എവിടെയെല്ലാം കൊണ്ടുപോയോ അവിടെയെല്ലാം നിരവധി അത്ഭുതങ്ങള്‍ സംഭവിക്കുന്നതിന് അത് കാരണമായി. മോണ്ടേഗുമലയില്‍ സ്ഥാപിച്ചിരുന്ന മാതാവിന്റെ അതേശക്തി, ഓക്ക് തടികൊണ്ട് ഉണ്ടാക്കിയ എല്ലാം രൂപങ്ങള്‍ക്കും ഉണ്ട് എന്ന് ആളുകള്‍ വിശ്വസിച്ചു.

ഈ ഓക്കു മരത്തിന്റെ കഷ്ണങ്ങള്‍ വില്‍പ്പനയ്ക്കായി മോണ്ടേഗുവിലെ പള്ളിയില്‍ വച്ചിട്ടുണ്ടായിരുന്നു. 1613 ല്‍ ദൈവഭക്തയായ  70 വയസ്സ് പ്രായമുള്ള ജെന്നെ ബോണറ്റ് എന്നു പേരുള്ള ഒരു സ്ത്രീ മോണ്ടേഗുവിലുള്ള തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തി. അവിടെ വില്‍പ്പനയ്ക്ക് വെച്ചിരുന്ന ഒരു മരകഷ്ണം വാങ്ങിച്ചു. ജിന്‍ ബോല്‍ഗ്രേ എന്ന വ്യക്തിയെ കൊണ്ട് മോണ്ടേഗുവിലെ മാതാവിനോട് സാദൃശ്യം ഉള്ള ഒരു രൂപം ഉണ്ടാക്കിച്ചു. 1613 ഏപ്രില്‍ 4 ന് ബെസന്‍കോണിലെ ബിഷപ്പ് ഈ രൂപം ആശീര്‍വദിച്ചു. പരസ്യവണക്കത്തിന് അനുവദിക്കുകയും ചെയ്തു. ഈ മാതാവിലുടെ ഒത്തിരിയേറെ അനുഗ്രഹങ്ങള്‍ ലഭിച്ചതായി ജെന്നെ ബോണറ്റ്  സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മാതാവിന് കൂടുതല്‍ വണക്കം ലഭിക്കുന്നതിന് ഏതെങ്കിലും ഒരു പള്ളിയിലേക്ക് ഈ രൂപം കൈമാറുവാന്‍ ജെന്നെ ബോണറ്റ് ആഗ്രഹിച്ചു. എന്നല്‍ ഗബ്രിയേല്‍ എന്ന വൈദികന്റെ നിരന്തരമായ പ്രേരണയെ തുടര്‍ന്ന് ഗ്രേ എന്ന സ്ഥലത്തുള്ള കപ്പൂച്ചിന്‍ വൈദികര്‍ക്കു  ഈ രൂപം കൊടുത്തു. ഈ രൂപത്തെ സ്വീകരിക്കുന്നതിന് വേണ്ടി ഗ്രേയില്‍ ഒരു പ്രേത്യേക പള്ളി പണിതു. ഒത്തിരി ആളുകള്‍ ഈ പള്ളിയില്‍ വന്ന് മാതാവിന്റെ മാദ്ധ്യസ്ഥത്താല്‍ അനുഗ്രഹങ്ങള്‍ പ്രാപിച്ചുകൊണ്ടിരിക്കുന്നു.

ഗ്രേയിലുള്ള അമ്മയുടെ രൂപം ആരെയും ആകര്‍ഷിക്കുവാന്‍ ഉതകുന്ന വിധത്തിലുള്ളതാണ്. വളരെ മനോഹരമായ ഒത്തിരിയെറെ പ്രത്യേകതകള്‍ ഈ രൂപത്തിനുണ്ട്. പരിശുദ്ധ അമ്മയുടെ വലതുകൈയില്‍ ഉള്ള തിളങ്ങുന്ന സ്വര്‍ണ്ണത്തിന്റെ ചെങ്കോല്‍ ഈ രൂപത്തിന് കൂടുതല്‍ ആകര്‍ഷകത്വം നല്‍കുന്നു.  ഇത് 1807ല്‍ ആ പള്ളിയിലെ ഒരു ഉപകാരി സംഭാവന ചെയ്തതാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ സമയത്ത് ഒത്തിരിയേറെ ആഘാതങ്ങള്‍ ഈ പള്ളിയ്ക്ക് സംഭവിച്ചു. ഈ വിപ്ലവത്തന് ശേഷം പള്ളി പുനര്‍നിര്‍മ്മിക്കേണ്ടതായി വന്നു.

പരിശുദ്ധ അമ്മയുടെ രൂപത്തിന്റെ താഴെഭാഗത്ത് മൂന്നു വിലപിടുപ്പുള്ള കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയില്‍ നിന്നും അനുഗ്രഹങ്ങള്‍ പ്രാപിച്ചതിന് നന്ദിയായി ഒരാള്‍ സംഭാവന ചെയ്തതാണിത്. സ്വര്‍ണ്ണനിര്‍മ്മിതമായ രണ്ട് കിരീടങ്ങള്‍ പരിശുദ്ധ അമ്മയ്ക്കുണ്ട്. ഇത് 1909 ല്‍ കിരീടധാരണത്തിന്റെ സമയത്ത് ഉണ്ടാക്കിച്ചതാണ് അവ. ഈ രൂപത്തിന് കറുത്ത നിറമാണ്. ഇതിന് 14.5 സെ.മി. നീളം ഉണ്ട്. നോര്‍ത്തേണ്‍ ഫ്രാന്‍സില്‍ ഈ അത്ഭുതശക്തിയുള്ള മാതാവിന്റെ രൂപം ഒത്തിരിയേറെ ആദരിക്കപ്പെടുന്നുണ്ട്. ഈ മാതാവിലൂടെ ഒത്തിരിയേറെ അത്ഭുതങ്ങളും അടയാളങ്ങളും അപേഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.