
‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന കര്‍തൃപ്രാര്‍ത്ഥന പാര്‍ലമെന്റില്‍ നിന്നു നീക്കം ചെയ്യാനുള്ള പ്രമേയാവതരണത്തിന് ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ പരാജയം. പാര്‍ലമെന്റ് സെഷനുകള്‍ ആരംഭിക്കും മുമ്പ് ചൊല്ലുന്ന സ്വര്‍ഗസ്ഥനായ പിതാവേ… എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിക്ടോറിയന്‍ സംസ്ഥാന പാര്‍ലമെന്റില്‍ മെട്രോപൊളിറ്റനില്‍ നിന്നുള്ള അംഗം ഫിയോണ പാറ്റന്‍ കൊണ്ടുവന്ന പ്രമേയമാണ് പരാജയപ്പെട്ടത്. ഇതോടെ 1918 മുതല്‍ പാര്‍ലമെന്ററി നടപടികളുടെ ഭാഗമായ കര്‍തൃപ്രാര്‍ത്ഥന ഇനിയും തുടരുമെന്ന് ഉറപ്പായി.
കര്തൃപ്രാര്ത്ഥനയ്ക്കു പകരം, മൗനപ്രാര്‍ത്ഥന ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായാണ് ഫിയോണ പാറ്റന്‍ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍, ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നത്. പ്രാര്‍ത്ഥനയും ഇ മെയില്‍ ക്യാംപെയിനും ഉള്‍പ്പെടെ വിശ്വാസീസമൂഹം നടത്തിയ കൂട്ടായ പ്രതിരോധം ചര്‍ച്ചയായിരുന്നു. ക്രിസ്ത്യന്‍ സംഘടനയായ ‘ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി’യാണ് ഇ മെയില്‍ ക്യാംപെയിന് തുടക്കം കുറിച്ചത്. ലിബറല്‍, നാഷണല്‍ പാര്‍ട്ടി അടക്കമുള്ള പ്രധാന കക്ഷികളുടെ പിന്തുണ നേടാന്‍ കഴിയാതിരുന്നതാണ് ഫിയോണ പാറ്റന്‍ അവതരിപ്പിച്ച പ്രമേയം പരാജയപ്പെടാന്‍ കാരണം.
പ്രമേയം പരാജയപ്പെട്ടതോടെ വലിയ ആശ്വാസത്തിലാണ് രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍. അതേ സമയം, പ്രാര്‍ത്ഥന നീക്കം ചെയ്യാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ടെന്നും വിശ്വാസികളുടെ ചെറുത്തുനില്‍പ്പിന്റെ പശ്ചാത്തലത്തില്‍ അതില്‍നിന്ന് പലരും സ്വയം ഉള്വലിയുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.